- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ്പ ബാധിച്ച് മരിച്ചുവെന്ന് സ്ഥിരീകരിച്ചത് പത്ത് പേർ മാത്രം; ഏഴു പേർ കോഴിക്കോടുകാരും മൂന്ന് പേർ മലപ്പുറംകാരും; ചികിത്സയിൽ ഉള്ളത് 17 കോഴിക്കോടുകാരും ഒരു മലപ്പുറം സ്വദേശിയും; പനി മരണങ്ങളിൽ പലതും നിപ്പയുടെ തലയിൽ കെട്ടിവെക്കുന്നു; വവ്വാലുകളിൽ നിന്നും പടർന്നെന്നത് കെട്ടുകഥയെന്ന് റിപ്പോർട്ടുകൾ; ആശങ്ക മാറാതെ മലബാർ മേഖല
കോഴിക്കോട്: മലബാർ മേഖലയെ ആശങ്കയാക്കി നിപ്പ വൈറസ് ബാധ കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. ഇന്നലെ കോഴിക്കോട് ജില്ലയിൽ രണ്ട് പേർ കൂടി നിപ്പ ബാധിച്ച് മരിച്ചതോടെ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. കോഴിക്കോട് ജില്ലയിൽ ഏഴ് പേരും മലപ്പുറത്തു നിന്നും മൂന്നു പേരുമാണ് വൈറസ് ബാധ മൂലമുള്ള മസ്തിഷ്‌ക ജ്വരത്താൽ മരണമടഞ്ഞത്. പതിനൊന്ന മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പത്ത് പേർ മാത്രമാണ് നിപ്പ ബാധിച്ച് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ മാടമ്പള്ളിമീത്തൽ രാജൻ (47), നാദാപുരം ചെക്യാട് ഉമ്മത്തൂർ തട്ടാന്റവിട ടി.വി. അശോകൻ (52) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. അതേസമയം പനി മരണങ്ങൾ പോലും നിപ്പയുടെ കണക്കിൽ എഴുതാനുള്ള നീക്കവും ഒരുവശത്ത് നടക്കുന്നുണ്ട്. നിപ്പ സ്ഥിരീകരിച്ചു മരിച്ച പത്തിൽ ഏഴുപേരും കോഴിക്കോട് ജില്ലക്കാരാണ്. മൂന്നുപേർ മലപ്പുറംകാരും. ഏറ്റവുമാദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്തെ മുഹമ്മദ് സാ
കോഴിക്കോട്: മലബാർ മേഖലയെ ആശങ്കയാക്കി നിപ്പ വൈറസ് ബാധ കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. ഇന്നലെ കോഴിക്കോട് ജില്ലയിൽ രണ്ട് പേർ കൂടി നിപ്പ ബാധിച്ച് മരിച്ചതോടെ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. കോഴിക്കോട് ജില്ലയിൽ ഏഴ് പേരും മലപ്പുറത്തു നിന്നും മൂന്നു പേരുമാണ് വൈറസ് ബാധ മൂലമുള്ള മസ്തിഷ്‌ക ജ്വരത്താൽ മരണമടഞ്ഞത്. പതിനൊന്ന മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പത്ത് പേർ മാത്രമാണ് നിപ്പ ബാധിച്ച് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ മാടമ്പള്ളിമീത്തൽ രാജൻ (47), നാദാപുരം ചെക്യാട് ഉമ്മത്തൂർ തട്ടാന്റവിട ടി.വി. അശോകൻ (52) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. അതേസമയം പനി മരണങ്ങൾ പോലും നിപ്പയുടെ കണക്കിൽ എഴുതാനുള്ള നീക്കവും ഒരുവശത്ത് നടക്കുന്നുണ്ട്.
നിപ്പ സ്ഥിരീകരിച്ചു മരിച്ച പത്തിൽ ഏഴുപേരും കോഴിക്കോട് ജില്ലക്കാരാണ്. മൂന്നുപേർ മലപ്പുറംകാരും. ഏറ്റവുമാദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്തെ മുഹമ്മദ് സാബിത്തിന്റെ (22) മരണം സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനാൽ നിപ്പയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ 18 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 12 പേരുടേതിൽ നിപ്പ വൈറസ് കണ്ടെത്തിയതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 12ൽ പത്തുപേരും മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. ആറുപേർക്ക് വൈറസ് ബാധയില്ല.
ഇവരെക്കൂടാതെ മൂന്നു നഴ്‌സുമാർ അടക്കം 12 പേർ നിപ്പ സംശയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഡൽഹിയിലെ എയിംസ് പഠനസംഘം ഇന്നലെ കോഴിക്കോട്ടെത്തി കൂടിയാലോചനകൾ നടത്തി ചികിത്സാരീതി സംബന്ധിച്ച മാർഗരേഖ തയാറാക്കി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മിഷണർ ഡോ. സുരേഷ് ഉനപ്പഗോളിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയിലെത്തി.
നിപ സ്ഥിരീകരിച്ച മൂന്ന് മലപ്പുറം സ്വദേശികൾക്കും രോഗബാധയുണ്ടാവുന്നത് കോഴിക്കോട് മെഡിക്കൽകോളേജിൽ നിന്നാണെന്നാണെന്നും സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം പനി വന്നാണ് വേലായുധനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മൂന്നിയൂർ സ്വദേശി സിന്ധു അമ്മയ്ക്ക് സഹായത്തിനായും തെന്നല സ്വദേശി ഷിജിത എല്ലൊടിഞ്ഞുകിടക്കുകയായിരുന്ന ഭർത്താവിന് കൂട്ടായും മെഡിക്കൽ കോളേജിൽ ദിവസങ്ങളോളമുണ്ടായിരുന്നു.
ഇതേസമയത്തുതന്നെയാണ് പേരാമ്പ്രയിൽ നിന്നുള്ള നിപ രോഗബാധിതർ മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നത്. ഈ സമ്പർക്കമാണ് നിപ വൈറസ് ബാധിക്കാൻ കാരണമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. അസുഖം ബാധിച്ച് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ മൂവരും മരിച്ചു. മരിച്ചവരുടെ വീട്ടിലുള്ളവരെയും ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ആരോഗ്യവകുപ്പ് കർശനമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇവരോട് അധികം പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും നിർദേശിച്ചു.
സിന്ധുവിന്റെ മൃതദേഹം നേരത്തേത്തന്നെ സംശയത്തെത്തുടർന്ന് കർശനമായ നിയന്ത്രണങ്ങളോടെയാണ് സംസ്‌കരിച്ചത്. പുലർച്ചെ അഞ്ചുമണിക്ക് ഫ്രീസറിൽ കൊണ്ടുവന്ന മൃതദേഹം തുറക്കാതെ ഉടനെ കോഴിക്കോട്ടേക്ക് തിരിച്ചുകൊണ്ടുപോയി സംസ്‌കരിച്ചു. എന്നാൽ വേലായുധന്റെയും ഷിജിതയുടെയും ശവസംസ്‌കാരം സാധാരണപോലെ നാട്ടുകാർ ഒന്നിച്ചുകൂടിയ ചടങ്ങോടെയാണ് നടന്നത്. ഇതിൽ പങ്കെടുത്തവരും ഇപ്പോൾ ആശങ്കയിലാണ്. ആരോഗ്യപ്രവർത്തകർ ഇവരുടെ വീടുകളിലും നാട്ടിലുമെത്തി ബോധവത്കരണം നടത്തി. മരിച്ച ഷിജിതയുടെ ഭർത്താവ് ഉബീഷിനെ പനി ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിയെ പനി ബാധയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിപ്പ വൈറസ് ബാധയെന്ന സംശയത്തെത്തുടർന്ന് ഇവരെ ഐസൊലേഷൻ മുറിയിലേക്കു മാറ്റി. സിന്ധുവാണ് ഇന്നലെ മരിച്ച രാജന്റെ ഭാര്യ. മക്കൾ:സാന്ദ്ര, സ്വാതി. സഹോദരങ്ങൾ: ഗോപാലൻ, ജാനു, കല്യാണി. ബന്ധുവിനെ ശുശ്രൂഷിക്കാൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നപ്പോഴാകാം വൈറസ് പിടിപെട്ടതെന്നു കരുതുന്നു. അശോകന്റെ ഭാര്യ: അനിത. മക്കൾ: നിഖിൽ (ആർമി), അശ്വതി, ആദിത്യ. സഹോദരിമാർ: ശാന്ത, ജാനു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽനിന്നു കഴിഞ്ഞയാഴ്ചാണു കോഴിക്കോട്ടെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
എയിംസിലെയും എൻ.സി.ഡി.സി.യിലെയും വിദഗ്ധരുടെ സഹായത്തോടെയാണ് രോഗപരിചരണത്തിനും നിയന്ത്രണത്തിനുമുള്ള നടപടികൾ സ്വീകരിക്കുന്നത്. മെഡിക്കൽ കോളേജിലെയും മണിപ്പാൽ വൈറോളജി റിസർച്ച് സെന്ററിലെയും ഡോക്ടർമാരുടെ സഹായത്തോടെയാണ് നടപടികൾ. മലപ്പുറത്തും രോഗബാധയുണ്ടായ സാഹചര്യത്തിൽ അവിടെ സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി മലപ്പുറത്തേക്കു പോയി.
മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിനുശേഷമാണ് മലപ്പുറം സ്വദേശികളുടെ മരണകാരണം നിപയാണെന്ന് അറിയിച്ചത്. കൊളത്തൂർ താഴത്തിൽത്തൊടി വേലായുധന് !(48), മൂന്നിയൂർ ആലിൻചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല കൊടക്കല്ല് മന്നത്തനാത്ത് പടിക്കൽ ഉബീഷിന്റെ ഭാര്യ ഷിജിത(23) എന്നിവരാണ് മരിച്ചത്.
വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം
നിപ വൈറസ് ബാധ നേരിടാൻ നാടൊന്നിച്ചു നിൽക്കേണ്ടപ്പോൾ ബോധവത്കരണ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നവർക്കെതിരേ ശക്തമായ നടപടിക്ക് നിർദ്ദേശം. സാമൂഹികമാധ്യമങ്ങളിൽ ദുഷ്പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ സൈബർസെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ശൈലജ പറഞ്ഞു.
പനി സംബന്ധിച്ച സന്ദേശങ്ങൾ ഡി.എം.ഒ.യുടെ പേരിൽമാത്രമേ പ്രചരിപ്പിക്കാവൂ എന്ന് മലപ്പുറത്ത് ചേർന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി നിർദേശിച്ചു. എല്ലാ താലൂക്ക് ആശുപത്രികളിലും പനിക്ക് പ്രത്യേക ഒ.പി. തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎ.മാരായ പി. അബ്ദുൾ ഹമീദ്, എം. ഉമ്മർ, ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിത, കളക്ടർ അമിത് മീണ, ഡി.എം.ഒ. ഡോ.കെ. സക്കീന, കേന്ദ്ര സംഘത്തിലെ ഡോക്ടർമാർ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതു സംബന്ധിച്ച് തർക്കം; സംസ്‌കാരം വൈകി
നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മാവൂർ റോഡ് ശ്മശാനത്തിലെ ജീവനക്കാർ തയാറാകാത്തതിനെ തുടർന്ന് തർക്കം. രാവിലെ മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി രാജൻ, നാദാപുരം ഉമ്മത്തൂർ സ്വദേശി അശോകൻ എന്നിവരുടെ സംസ്‌കാരമാണു മണിക്കൂറുകൾ വൈകിയത്. വൈദ്യുതി ശ്മശാനത്തിന്റെ ബ്ലോവർ തകരാറിലായതിനാൽ രാജന്റെ മൃതദേഹം പരമ്പരാഗത രീതിയിൽ ദഹിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ അവിടത്തെ തൊഴിലാളികൾ മൃതദേഹം ദഹിപ്പിക്കാൻ തയാറായില്ല. തുടർന്ന് ബ്ലോവർ തകരാറുള്ള വൈദ്യുതി ശ്മശാനത്തിലേക്കുതന്നെ മൃതദേഹമെത്തിക്കുകയായിരുന്നു.
സാധാരണ രണ്ടര മണിക്കൂർകൊണ്ട് പൂർത്തിയാകുന്ന പ്രക്രിയയ്ക്ക് ബ്ലോവറില്ലാത്തതിനാൽ അഞ്ചരമണിക്കൂർ വേണ്ടിവന്നു. അപ്പോഴേക്കും അശോകന്റെ ബന്ധുക്കളും ശ്മശാനത്തിലെത്തി. പരമ്പരാഗത രീതിയിൽ ദഹിപ്പിക്കുന്ന തൊഴിലാളികൾ ഇവരോടും എതിർത്തു സംസാരിച്ചതോടെ പ്രശ്‌നത്തിൽ കലക്ടറും കോർപറേഷനും ഇടപെടുകയായിരുന്നു. തുടർന്ന് സ്വകാര്യ ഏജൻസിയെ നിയോഗിച്ച് ദഹിപ്പിക്കാൻ തീരുമാനമാകുകയും ചെയ്തു. ആശുപത്രിയിൽനിന്ന് 11 മണിക്ക് വിട്ടുനൽകിയിട്ടും വൈകിട്ട് അഞ്ചുമണിയോടെയാണ് അശോകന്റെ മൃതദേഹം ദഹിപ്പിക്കാനായത്. ഇതിനു ചെലവുവന്ന 5000 രൂപ കോർപറേഷൻ വഹിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.ബാബുരാജ് അറിയിച്ചു. മൃതദേഹം ദഹിപ്പിക്കാൻ തയാറാകാത്ത തൊഴിലാളികൾക്കെതിരെ അശോകന്റെ ബന്ധു മോഹനൻ പാറക്കടവ് കോർപറേഷനു പരാതി നൽകിയിട്ടുണ്ട്.
നിപ്പ പടർന്നത് വവ്വാലുകളിൽ നിന്നാണെന്നതിന് സ്ഥിരീകരണമില്ല
അതേസമയം നി്പ്പയെ കുറിച്ചുള്ള ഭീതി പടരുമ്പോൾ വൈറസ് എവിടെ നിന്നും വന്നുവെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. പത്തുപേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് പകർത്തിയത് വവ്വാലുകളാണെന്നു പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. സാംപിളുകൾ ഭോപ്പാലിലെ അതിസുരക്ഷാ ലാബിൽ പരിശോധിക്കും. മൃഗങ്ങളിൽ ഇതുവരെ വൈറസ് ബാധ കണ്ടെത്താനായിട്ടില്ല. വൈറസിന്റെ ഉറവിടം സംബന്ധിച്ച് വെള്ളിയാഴ്ച സ്ഥിരീകരണം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
നിപ്പ വൈറസ് ബാധയെക്കുറിച്ചു ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ തെറ്റായ സന്ദേശങ്ങൾ തയ്യാറാക്കുന്നവർക്കും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കേസെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇത്തരക്കാർക്കെതിരെ കേസ് എടുക്കാൻ ക്രൈം ബ്രാഞ്ച് മേധാവിയോടു നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കും. സെക്രട്ടറി പ്രീതി സുദൻ, ഡിജി (ഐസിഎംആർ) ഡോ. ബൽറാം ഭാർഗവ എന്നിവരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കാര്യങ്ങൾ ചർച്ച ചെയ്തു സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
നിപ്പ വൈറസിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വൈറസ് ബാധ പ്രാദേശികമായി ഒതുങ്ങുന്നതാണെന്നു ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡി.ടി.മൗര്യ പറഞ്ഞു. എല്ലാ വവ്വാലുകളും വൈറസ് വാഹകരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വവ്വാലുകളിൽത്തന്നെ വളരെ ചെറിയൊരു വിഭാഗം മാത്രമാണു നിപ്പ വൈറസ് വാഹകരാകുന്നത്. ഈ വൈറസുകൾ വവ്വാലുകൾക്കു രോഗമുണ്ടാക്കുന്നില്ലെന്നും ഡോ. മൗര്യ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക പ്രദേശത്തുള്ള മൃഗങ്ങളിലും മനുഷ്യരിലും മാത്രമൊതുങ്ങുകയെന്നതാണു നിപ്പ വൈറസ് ബാധയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. വവ്വാൽ വിസർജ്യവുമായി നേരിട്ടു സമ്പർക്കമുണ്ടായാൽ മാത്രമേ രോഗം ബാധിക്കുകയുള്ളൂ.
നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കും
രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് ബാധയാൽ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ വ്യക്തമക്കി. എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് ആരോഗ്യമന്ത്രി നേരിട്ടാണ് വ്യക്തമാക്കിയത്. വിശദാംശങ്ങൾ മന്ത്രിസഭായോഗം ചർച്ചചെയ്തു തീരുമാനിക്കും. ലിനിയുടെ ഭർത്താവ് സജീഷിനെ മന്ത്രി ഫോണിൽ വിളിച്ച് പിന്തുണയും അനുശോചനവും അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേന മലപ്പുറത്തേക്ക്, കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.ജി. പരീക്ഷകൾ മാറ്റി
മലപ്പുറം ജില്ലയിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കാനായി 20 അംഗ ദേശീയ ദുരന്തനിവാരണ സേന രണ്ടുദിവസത്തിനകം എത്തുമെന്ന് കളക്ടർ അമിത് മീണ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ സേവനവും നൽകും. ജില്ലയിൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ചേർത്ത് ദ്രുതകർമസേനയുണ്ടാക്കി.
നിപ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്രവിദഗ്ധ സംഘം സന്ദർശനം നടത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. പി. രവീന്ദ്രൻ, ഡോ. നവീൻ ഗുപ്ത, ഡോ. അഷുദോഷ്, ഡോ. ഭട്ടാചാര്യ, ഡോ. രമ സഹായ് എന്നിവരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച മെഡിക്കൽ കോളേജ് ആസ്?പത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. വൈറസ് ബാധയെത്തുടർന്നുള്ള ചികിത്സാരീതികൾ എങ്ങനെ വേണമെന്നതിനെക്കുറിച്ച് എയിംസ് വിദഗ്ധരുമായി ചർച്ച നടത്തിയശേഷം അന്തിമരൂപമാകുമെന്ന് മന്ത്രി പറഞ്ഞു.
നിപ വൈറസ് ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബുധനാഴ്ച തുടങ്ങേണ്ട എല്ലാ മെഡിക്കൽ പി.ജി. പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് മാറ്റിയത്. പരീക്ഷകൾക്ക് എക്സാമിനർമാരായി മറ്റു സംസ്ഥാനങ്ങളിൽനിന്നു വരേണ്ട അദ്ധ്യാപകർ തയ്യാറാവാത്തതാണ് പ്രധാന കാരണം. കൂടാതെ മെഡിക്കൽ കോളേജിലുള്ള സീനിയർ ഡോക്ടർമാർ ഇവിടത്തെ അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികളിൽ വ്യാപൃതരായതും കാരണമായി പറയുന്നു.
പി.ജി. പരീക്ഷാ ആവശ്യത്തിനായി അഡ്‌മിറ്റ് ചെയ്യേണ്ട രോഗികളെ തത്കാലം പ്രവേശിപ്പിക്കില്ലെന്നും എക്സാമിനർ കൂടിയായ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം സൂപ്രണ്ട് ഡോ. കെ.പി. സുനിൽകുമാർ പറഞ്ഞു. എം.ബി.ബി.എസ്. ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.