തിരുവനന്തപുരം: കേരളമെന്നാൽ ലോകമെമ്പാടുമുള്ളവർ വിലയിരുത്തുന്നത് വിദ്യാസമ്പന്നരും സാംസ്കാരിക സമ്പന്നരുമായ ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്. എന്നാൽ, ലോകം വാഴ്‌ത്തുന്ന കേരളം ഇന്ന് ദൈവത്തിന്റെ സ്വന്തം നാടല്ല! മറിച്ച് കാമവെറി തീർക്കാൻ സ്വന്തം മകളെയും കൊച്ചുമക്കളെയും വരെ ദുരുപയോഗം ചെയ്യുന്ന നരാഥമന്മാർ വാഴുന്ന നാടായി നമ്മുടെ നാട് മാറിക്കഴിഞ്ഞു. പത്രമാധ്യമങ്ങളിലെ വാർത്തകൾ പരിശോധിച്ചാൽ ഒരു ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെ ലൈംഗികമായി പീഡിപ്പിച്ച ചുരുങ്ങിയ പത്ത് വാർത്തകളെങ്കിലും ഉണ്ടാകുന്ന അവസ്ഥയാണ്. കൊട്ടിയൂരിൽ കത്തോലിക്കാ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ പത്രങ്ങളിൽ പീഡന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ഒരു പേജ് തന്നെ മാറ്റിവെക്കുന്ന അവസ്ഥയിലാണ്. അത്രയ്ക്ക് ഭീതിതമായ വിധത്തിലാണ് കേരളത്തിൽ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ.

ഇന്നലെയും പതിവുപോലെ കേരളത്തെ ഞെട്ടിച്ച പീഡന വിവരം പുറത്തുവന്ന ദിവസമാണ്. കുണ്ടറയിൽ പത്തുവയസുകാരി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത് സ്വന്തം മുത്തശ്ശനായിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇന്നലെ പുറത്തുവന്നത്. ഇത് കൂടാതെ ഇന്നലെ പത്തോളം പീഡന വാർത്തകൾ കൂടി കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും പുറത്തുവന്നു. ആ പത്ത് പീഡന കഥകളാണ് ചുവടെ കൊടുക്കുന്നത്:

പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് കൊട്ടിയത്ത് അറസ്റ്റിൽ

വീട്ടുമുറ്റത്തു നിന്ന പെൺകുട്ടിയെ ശുചിമുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു കേസിൽ യുവാവ് കൊട്ടിയത്ത് അറസ്റ്റിലായി. തഴുത്തല പുഞ്ചിരിച്ചിറ കോളനി സ്വദേശി സുനിലാണ് (30) പിടിയിലായത്. പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പൊലീസും ജനപ്രതിനിധികളും സുഹൃത്തും ഇടപെട്ടതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. പൊലീസ് പറഞ്ഞത്: സുനിൽ പ്രണയാഭ്യർഥന നടത്തിയെങ്കിലും പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി നിരസിച്ചു. അവധി ദിവസങ്ങളിൽ പെൺകുട്ടിയെ അമ്മൂമ്മയുടെ വീട്ടിൽ എത്തിച്ച ശേഷമാണ് അമ്മ ജോലിക്കു പോകുന്നത്. ശനിയാഴ്ചയും പതിവുപോലെ മകളെ അമ്മൂമ്മയുടെ വീട്ടിൽ എത്തിച്ച് അമ്മ ജോലിക്കു പോയി.

പെൺകുട്ടി ഇവിടെ ഉണ്ടെന്നു മനസിലാക്കിയ സുനിൽ രാവിലെ എത്തി പ്രണയാഭ്യർഥന നടത്തി. വഴങ്ങുന്നില്ലെന്നു മനസിലായതോടെ അടുത്തുള്ള ശുചിമുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടി സുനിലിനെ കടിച്ചശേഷം ഒാടി വീടിനുള്ളിൽ കയറി രക്ഷപ്പെട്ടു. അമ്മൂമ്മയോട് ഇക്കാര്യങ്ങൾ പറഞ്ഞില്ല. അമ്മയ്‌ക്കൊപ്പം വൈകിട്ട് വീട്ടിലേക്കു പോകുകയും ചെയ്തു. സന്ധ്യയോടെ കടുത്ത മാനസിക സംഘർഷത്തിലായ കുട്ടി സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു. ആത്മഹത്യ ചെയ്യാതെ മാർഗമില്ലെന്നും അറിയിച്ചു. സുഹൃത്ത് വനിത പഞ്ചായത്തംഗത്തോടും തുടർന്നു വനിത വൈസ് പ്രസിഡന്റിനോടും പറഞ്ഞു.

തുടർന്നു കൊട്ടിയം പൊലീസിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ എത്തി. അപ്പോഴാണ് അമ്മയും പീഡന വിവരം അറിഞ്ഞത്. പിതാവ് ജീവിച്ചിരിപ്പില്ല. സഹോദരൻ ജോലിക്കു പോയിരിക്കുകയായിരുന്നു. പെൺകുട്ടിയെയും അമ്മയെയും സർക്കാർ മഹിളാ മന്ദിരത്തിലേക്കു ശനി രാത്രി തന്നെ മാറ്റി. വനിത എസ്‌ഐയുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ പേരുമാത്രമെ കുട്ടിക്ക് അറിയാമായിരുന്നുള്ളു. ഇതു പൊലീസിനെ വലച്ചു. കൊട്ടിയം സിഐ അജയ്‌നാഥ്, എസ്‌ഐ ആർ.രതീഷ് എന്നിവരടങ്ങുന്ന സംഘം അന്വേഷണങ്ങൾക്കൊടുവിൽ ശനി രാത്രി തന്നെ സുനിലിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ വിവാഹിതനാണ്. ഇന്നു കോടതിയിൽ ഹാജരാക്കും.

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പറവൂർ കൈതാരം ചെമ്മനാട്ട് നിബാദ് (29) വൈപ്പിനിൽ പിടിയിൽ. എടവനക്കാട് ചാത്തങ്ങാട്ട് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇയാൾ. പെൺകുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെത്തുടർന്നു വനിതാ പൊലീസ് ബാലികയുടെ മൊഴിയെടുത്തു. തുടർന്നു ഞാറയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ കെ. ഉല്ലാസിന്റെ നേതൃത്വത്തിലാണു നിബാദിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കോഴിക്കോട്ട് യുപി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

കോഴിക്കോട് യുപി ക്ലാസിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊളത്തറ അന്ധവിദ്യാലയത്തിലെ അദ്ധ്യാപകൻ വട്ടക്കിണർ സ്വദേശി ഫിറോസിനെതിരേ പോക്‌സോ നിയമം അനുസരിച്ചു നല്ലളം പൊലീസ് കേസെടുത്തു. സ്‌കൂൾ പ്രിൻസിപ്പലാണ് ഇതു സംബന്ധിച്ചു നല്ലളം പൊലീസിൽ ആദ്യം പരാതി നൽകിയത്. ചൈൽഡ് ലൈൻ പ്രവർത്തകർക്കു ലഭിച്ച ഫോൺ സന്ദേശമാണു സംഭവം സംബന്ധിച്ചു സൂചന നൽകിയത്. ഇവിടുത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി എറണാകുളം ചൈൽഡ് ലൈനു കൈമാറി. എറണാകുളത്തെ പ്രവർത്തകർ കുട്ടിയിൽ നിന്നു വിവരം ശേഖരിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ ആലുവ പൊലീസിൽ വിവരം അറിയിച്ചു.

ആലുവ പൊലീസ് അന്വേഷണത്തിനായി നല്ലളം പൊലീസിലേക്കു വിവരം കൈമാറിയിട്ടുണ്ട്. ജില്ലാ ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചിട്ടുണ്ട്. നാലു മാസം മുൻപായിരുന്നു സംഭവം. സ്‌കൂൾ അധികൃതരുടെ പരാതി ലഭിച്ചു മൂന്നു ദിവസത്തിനു ശേഷവും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ക്ലാസ് മുറിയിൽ നിന്നു മറ്റൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. വിദ്യാർത്ഥിനി സ്‌കൂളിലെ ഹോസ്റ്റൽ അന്തേവാസിയാണ്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു ബിജെപി, ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്‌കൂളിലേക്കും മാർച്ച് നടത്തി.

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വരാപ്പുഴ കടമക്കുടി സ്വദേശി ശിവദാസനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറുകാരിയാണു പീഡനത്തിന് ഇരയായത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിനാനിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അടിമാലിയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർ തൂമ്പാളത്ത് അബിൻസ് ബഷീർ (24) അറസ്റ്റിലായി. 2016 ജൂലൈയിലാണ് സംഭവം. പെൺകുട്ടിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് അബിനും സുഹൃത്ത് മച്ചിപ്ലാവ് സ്വദേശി ബിനീഷും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തുടർന്നുള്ള അന്വേഷണത്തിൽ ബിനീഷ് അറസ്റ്റിലായി. ഇതോടെ അബിൻസ് ഒളിവിൽപ്പോയി.

ശനിയാഴ്ച രാത്രി കോതമംഗലം മുളവൂർ ചിറക്കൽപടിയിലെ സഹോദരന്റെ വീട്ടിൽ നിന്നാണ് അബിൻസ് അറസ്റ്റിലായത്. 2013ലും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മൂന്നാർ ഡിവൈഎസ്‌പി കെ.എൻ.അനിരുദ്ധൻ, എഎസ്‌ഐമാരായ സി.വി.ഉലഹന്നാൻ, സജി എൻ.പോൾ, ടി.എ.മുഹമ്മദ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

എട്ടു വയസുകാരി പീഡനത്തിനിരയായതായി സംശയം: അന്വേഷണം തുടങ്ങി

മുണ്ടക്കയത്ത് എട്ടു വയസുകാരി പീഡനത്തിനിരയായതായി സംശയം ഉയർന്നതിനെ തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒരാഴ്ച മുൻപാണ് സംഭവം. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്‌കൂളിലെ മറ്റു കുട്ടികളോട് സംസാരിക്കുന്നത് അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് കുട്ടിയോടു സംസാരിച്ചപ്പോൾ പീഡനത്തിന് ഇരയായെന്ന സംശയം ഉടലെടുക്കുകയുമായിരുന്നു.

സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. എന്നാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടി പറഞ്ഞത്. ഇതേ തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും അവർ എത്തി കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടി ആദ്യം ഒരാളുടെ പേര് പറഞ്ഞെങ്കിലും പിന്നീട് രണ്ട് പേരുടെ പേരുകൾ കൂടി പറയുകയും ചെയ്തത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇതേ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി ചൈൽഡ് ലൈൻ അധികൃതർ ശേഖരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലപ്പെടുത്താനാണു പൊലീസിന്റെ ശ്രമം.

രണ്ട് പെൺകുട്ടികൾക്ക് ലൈംഗികപീഡനം, പിതാവും രണ്ടാനച്ഛനും പ്രതികൾ

മലപ്പുറം, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ രണ്ട് പെൺകുട്ടികൾക്ക് ലൈംഗികപീഡനം. മലപ്പുറത്ത് 17 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. രണ്ടുവർഷം മുൻപാണ് കുട്ടിയെ സ്വന്തം പിതാവ് ശാരീരികമായി പീഡിപ്പിച്ചത്. എന്നാൽ ഇയാൾ വിദേശത്തേക്ക് കടന്നതിനാൽ കഴിഞ്ഞദിവസം നാട്ടിലെത്തിയതോടെയാണ് പിടികൂടാനായത്. പ്ലസ് ടു വിദ്യാർത്ഥിനിയായ കുട്ടി അദ്ധ്യാപകരോട് വിവരം ധരിപ്പിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈനിലും വിവരം കിട്ടിയതോടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്.

പൊന്നാനി പെരുമ്പടപ്പിൽ 14 വയസ്സുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ടാനച്ഛനാണ് വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. സ്‌കൂളിലെ കൗൺസലിങ്ങിലൂടെയാണ് വിവരം പുറത്തുവന്നത്. എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കഴിഞ്ഞ കുറേദിവസങ്ങളായി ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെങ്കിലും രണ്ടുദിവസം മുൻപാണ് ചൈൽഡ്ലൈനിൽ വിവരമറിയിച്ചത്.

രണ്ടു കുട്ടികളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനകം മലപ്പുറത്തുതന്നെ മറ്റൊരു പെൺകുട്ടിയും സ്വന്തം പിതാവിനാൽ പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായിരുന്നു. പല സംഭങ്ങളും കൃത്യസമയത്ത് പറയാതിരിക്കുന്നത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നതായി അധികൃതർ പറയുന്നു.

അന്ധവിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ ഒളിവിൽ

കൊളത്തറ വിദ്യാലയത്തിലെ അന്ധവിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്റെ പേരിൽ നല്ലളം പൊലീസ് കേസെടുത്തു. അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ പരാതിയെത്തുടർന്ന് ഇതേ സ്‌കൂളിലെ അദ്ധ്യാപകനായ ഫിറോസ്ഖാന്റെ പേരിലാണ് പോക്സോ നിയമപ്രകാരം നല്ലളം പൊലീസ് കേസെടുത്തത്. പരീക്ഷകഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിനി ആലുവയിലെ ചൈൽഡ് ലൈൻ പ്രവർത്തകരോടും രക്ഷിതാക്കളോടും പീഡനവിവരം പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ ആലുവ പൊലീസിനെ വിവരമറിയിച്ചു. ആലുവ പൊലീസ് കേസ് നല്ലളം പൊലീസിന് കൈമാറി.

നല്ലളം സിഐ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ഇടത് ബഹുജന സംഘടനകളും ബിജെപി. പ്രവർത്തകരും ഞായറാഴ്ച നല്ലളം സിഐ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്‌കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് ഫിറോസ്ഖാന്റെ പേരിൽ മാർച്ച് പതിനാറിനുതന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നല്ലളം സിഐ വിനോദ് പറഞ്ഞു. മലപ്പുറം സ്വദേശിയായ അദ്ധ്യാപകൻ ബേപ്പൂർ മാത്തോട്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പീഡനവിവരം പുറത്തായതുമുതൽ ഇയാൾ ഒളിവിലാണ്. പൊലീസ് അന്വേഷണം ശക്തമാക്കി.

പ്രകൃതിവിരുദ്ധ പീഡനം: മദ്രസാധ്യാപകനെതിരെ കേസ്

മമ്പാട് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസാധ്യാപകനെതിരെ കേസ്. കാവനൂർ സ്വദേശി അബ്ദുൽ ഗഫൂറിനെതിരെ(50)യാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മമ്പാട് കളംകുന്നിലെ രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് ഇതുസംബന്ധിച്ച് പരാതികളുമായി രംഗത്തുവന്നത്. 11-ഉം 13 -ഉം 14 -ഉം വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. ഇയാൾക്കെതിരെ മൂന്ന് പരാതികൾ ലഭിച്ചതായി സബ് ഇൻസ്പെക്ടർ മനോജ് പറഞ്ഞു.

പാലാരിവട്ടം ഫ്‌ലാറ്റിലെ പീഡനക്കേസ് വീണ്ടും അന്വേഷിക്കും

കൈക്കൂലി ആരോപണമുയർന്ന പശ്ചാത്തലത്തിൽ പാലാരിവട്ടം ഫ്‌ലാറ്റിലെ പീഡനക്കേസ് വീണ്ടും അന്വേഷിക്കും. കൊച്ചി സിറ്റി അഡ്‌മിനിസ്‌ട്രേഷൻ ഡിസിപി എ.ആർ. പ്രേംകുമാറിനാണ് അന്വേഷണച്ചുമതല. കേസിൽനിന്നൊഴിവാക്കാൻ മുഖ്യപ്രതി പറവൂർ സ്വദേശി മനുവിനോട് അഭിഭാഷകൻ എട്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണമുയർന്നതിനെത്തുർന്നാണ് ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണം. ഈ കേസ് നേരത്തേ അന്വേഷിച്ച നോർത്ത് സിഐ ടി.ബി. വിജയനെ മറ്റൊരു കൈക്കൂലിക്കേസിൽ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

മുൻവിധിയില്ലാതെ, പുതിയ കേസ് എന്ന നിലയ്ക്കുള്ള അന്വേഷണമാണു നടത്തുകയെന്നു ഡിസിപി പ്രേംകുമാർ പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയശേഷം പാലാരിവട്ടം ബൈപാസ് ജംക്ഷനിലെ ഫ്‌ലാറ്റിൽ ഒന്നരമാസത്തോളം പൂട്ടിയിട്ടു പീഡിപ്പിച്ചെന്നാണു മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതി. നാലു പേർ ഇതിനകം അറസ്റ്റിലായി. പൂട്ടിയിട്ടു പീഡിപ്പിച്ചെന്ന ആരോപണത്തിനു വിശ്വാസ്യതയില്ലെന്നും ഇതിനിടെ യുവതി ബെംഗളൂരു യാത്ര നടത്തിയെന്നും സിഐ കണ്ടെത്തിയിരുന്നു. പരാതിക്കു പിന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണെന്ന സൂചനയുണ്ടായിരുന്നെങ്കിലും യുവതി മജിസ്‌ട്രേട്ടിനു മുൻപിലും പരാതിയിൽ ഉറച്ചുനിന്നു.

ഒളിവിലുള്ള മുഖ്യപ്രതി ഷൈന്റെ മാതാവാണ് കഴിഞ്ഞ 16ന് കമ്മിഷണറെ നേരിൽ കണ്ട് കൈക്കൂലിയാരോപണം ഉന്നയിച്ചത്. മകൻ നിരപരാധിയാണെന്നു പറഞ്ഞ ഇവർ, മകനെ കേസിൽനിന്നു രക്ഷിക്കാമെന്നു വാഗ്ദാനം ചെയ്ത് അഭിഭാഷകൻ എട്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതിപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇവർ ആരോപണമുന്നയിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ പൊലീസിനു പങ്കുണ്ടോയെന്ന് സ്‌പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ കെ.വി. വിജയൻ അന്വേഷിക്കുന്നുണ്ട്.