ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇന്ന് വൈകുന്നേരം 5നാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. ഇതോടെ, ആകെ 10 ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്ന് 1600 ഘനയടിയിലധികം ജലമാണ് പുറത്തേയ്ക്ക് വിടുന്നത്.
നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 6 ഷട്ടറുകൾ തുറന്നിരുന്നു. കൂടുതൽ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലുണ്ടായിരുന്ന എൻഡിആർഎഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാർപ്പിക്കൽ ആവശ്യമായി വന്നാൽ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നിലവിൽ തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾ കൂടാതെ നാല് ഷട്ടറുകൾ കൂടി (V1, V5, V6 &V10) വ്യാഴാഴ്ച അഞ്ച് മണി മുതൽ 0.30 മീറ്റർ വീതം ഉയർത്തി, ആകെ 1870.00 ഘനയടി ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചത്. നിലവിൽ മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തമാണ്.

പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യം മുൻനിർത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും സജ്ജീകരിച്ചു. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഡാം തുറന്നത്. ഡാമിന്റെ നാലു ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതമാണ് തുറന്നത്. വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന മഴയുടെ അടിസ്ഥാനത്തിൽ കൂടുതൽ ഷട്ടറുകൾ തുറക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

മുക്കൈപ്പുഴ കൽപ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ നദികളിലേയ്ക്കാണ് ഡാമിൽനിന്ന് ഒഴുക്കിവിടുന്ന ജലം നേരിട്ടെത്തുക. നദികളുടെ തീരുത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. 112.36 മീറ്റർ ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.