ചങ്ങനാശേരി: വിശ്വാസികൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് പത്താമത് നിരണം തീർത്ഥാടനം ഭക്തിസാന്ദ്രമായി. അതിരൂപതാ യുവദീപ്തി കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ആണ് തീർത്ഥാടനം സംഘടിപ്പിച്ചത്. രാവിലെ 8.30നു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മെത്രാന്മാരുടെ കബറിടത്തിൽ നിന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ദീപം തെളിയിച്ച് അതിരൂപതാ പ്രസിഡന്റ് ലിബിൻ കുര്യാക്കോസിനും യുവദീപ്തി പതാക ഡെപ്യൂട്ടി പ്രസിഡന്റ് ടെസി തെരേസ് ജോർജിനും കൈമാറി തീർത്ഥാടനം ഉദ്ഘാടനം ചെയ്തു.


കൽവിളക്കിൽ ദീപം തെളിയിച്ച ശേഷം തീർത്ഥാടകർ വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പു വണങ്ങി. തുടർന്ന് ഫൊറോനാ ഡയറക്ടർമാർ ചേർന്ന് സമൂഹബലി അർപ്പിച്ചു. അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യാസിനികൾ, യുവജനങ്ങൾ, അത്മായർ എന്നിവരടങ്ങിയ ആയിരക്കണക്കിനു വരുന്ന വിശ്വാസ സമൂഹം ഭക്തിയുടെ നിറവിൽ തീർത്ഥാടനത്തിൽ അണി ചേർന്നു.

സെൻട്രൽ ജംഗ്ഷൻ, പെരുന്ന, പെരുംതുരുത്തി, വേങ്ങൽ, കാവുംഭാഗം, പൊടിയാടി, കടപ്ര വഴി തീർത്ഥാടനം നിരണം സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് പത്താമത് തീർത്ഥാടനം ഏറെ ശ്രദ്ധേയമായി.