കൊല്ലം: കുണ്ടറയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 10 വയസുകാരി അനില മരിക്കുന്നതിന് മൂന്നുദിവസം മുമ്പുപോലും ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഡോക്ടർ കെ വൽസല പൊലീസിന് നൽകിയ മൊഴിയിലും ഇക്കാര്യം ശരിവച്ചുകൊണ്ട്, മരിക്കുന്നതിന് മൂന്നുദിവസം മുമ്പുപോലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛനെ കേസിൽ കുടുക്കാനും ആസൂത്രിത ശ്രമം ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന വെളിപ്പെടുത്തലും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

ജനുവരി 15ന് ആണ് അനിലയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. എന്നിട്ടും പൊലീസ് കേസെടുത്തില്ല. എന്നാൽ പൊലീസോ അധികൃതരോ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാര്യമായി പരിഗണിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ ആത്മഹത്യയായി കേസ് അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഇത് വാർത്തയായതോടെയാണ് അന്വേഷണം പുനരാരംഭിക്കുകയും ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്ന്ത. പെൺകുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഇക്കാര്യവും ഡോക്ടർ അന്വേഷണ സംഘത്തോട് ആവർത്തിച്ചു. 10 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉൾപ്പെടെ 9 പേരാണ് കസ്റ്റഡിയിലുള്ളത്. പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന കൊല്ലം റൂറൽ എസ്‌പി എസ് സുരേന്ദ്രൻ പറഞ്ഞിരുന്നു.

പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ത്വക്ക് രോഗം മൂലമുണ്ടായതാണെന്നാണ് അമ്മയുടെ മൊഴി. പെൺകുട്ടി ഇൻഫെക്ഷൻ ബാധിച്ചിരുന്നതായും ഇത് ലൈംഗിക ചൂഷണത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നും പോസ്റ്റുമോർട്ടത്തിൽ സൂചനയുണ്ടായിരുന്നു. അതേസമയം സംഭവം നടന്നതിന് പിന്നാലെ കുട്ടികളുടെ വീട്ടുകാരുടെ എതിർപ്പുകാരണം പൊലീസ് കേസെടുത്തില്ലെന്നാണ് മനസ്സിലാകുന്നതെന്നും ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പ്രതികരിച്ചിട്ടുണ്ട്.

കേസിൽ അച്ഛനെ കുടുക്കാനും ആസൂത്രിത ശ്രമം

സത്യം ഇനിയെങ്കിലും ലോകമറിയണം...പൊലീസ് സത്യം തെളിയിക്കട്ടെ...ഒരച്ഛനും ഇത്തരം ദുർഗതിയുണ്ടാകരുത്...' എന്നാണ് സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ജോസ് പ്രതികരിച്ചത്. തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി അനിലയുടെ അച്ഛനാണ് ജോസ്. സ്വന്തം മകളെ പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തുവന്ന ഇദ്ദേഹം വെളിപ്പെടുത്തുന്നത് സത്യമാണെങ്കിൽ അത് ആരെയും ഞെട്ടിപ്പിക്കുന്നതും അസാധാരണവുമാണ്.

ജയിലിൽനിന്ന് പുറത്തുവന്നശേഷം ജോസ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും കൊല്ലപ്പെട്ടതാണോയെന്നും സംശയം ഉയർന്നത്. കുട്ടിയുടെ മരണവാർത്തപോലും ആദ്യം പുറത്തുവന്നിരുന്നില്ല. ഭാര്യാപിതാവ് വിക്ടർ ഭാര്യയെ ഭീഷണിപ്പെടുത്തി തനിക്കെതിരേ പൊലീസിൽ പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് ജോസ് പൊലീസിന് മൊഴി നൽകി. മാധ്യമപ്രവർത്തകരോടും ഇതേ ആരോപണം പങ്കുവെച്ചു. ഇളമ്പള്ളൂരിനടുത്ത് നാന്തിരിക്കലിലാണ് ജോസിന്റെ വീട്. വൈദ്യുതി വകുപ്പിൽ ലൈന്മാനായ ജോസ് പണികഴിപ്പിച്ചതാണ് വീട്. വീട്ടിൽ ഭാര്യ ഷീജയും രണ്ടു മക്കളുമാണ് താമസിച്ചിരുന്നത്. ജോസിന്റെ ഭാര്യയുടെ അച്ഛൻ വിക്ടർ, അമ്മ ലത, മകൻ എന്നിവർ താമസിക്കുന്ന വീടും തൊട്ടടുത്തുതന്നെയാണ്. അഭിഭാഷക ഗുമസ്തനായിരുന്നു വിക്ടർ.

ജനുവരി 15 ഞായറാഴ്ച ഉച്ചയ്ക്കാണ് അനിലയെ വീട്ടിനകത്തെ ജനാലക്കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. കുട്ടിയുടെ മുത്തച്ഛനായ വിക്ടറുടെ വീട്ടിൽ പോയിവന്നതിനു ശേഷമാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് അയൽവാസികൾ പറയുന്നു. ഇതേകാര്യംതന്നെയാണ് അവർ പൊലീസിൽ നൽകിയ മൊഴിയും. തൂങ്ങിമരണമാവാം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ജനനേന്ദ്രിയത്തിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ജനൽക്കമ്പിയിൽ ചുരിദാർ ഷാൾകൊണ്ട് തൂങ്ങിയ മൃതദേഹം തറയിൽ ഇരുന്ന നിലയിലായിരുന്നെന്ന് സംഭവമറിഞ്ഞ് ആദ്യം ഓടിയെത്തിയ ഗ്രാമപ്പഞ്ചായത്തംഗം ഷാഫി പറഞ്ഞു.

നാട്ടുകാരും അയൽപക്കക്കാരുമായി അകന്നു കഴിയുകയാണ് ഈ കുടുംബം. ബുധനാഴ്ചയാണ് ഈ കുടുംബത്തിലെ മുഴുവൻപേരെയും ചോദ്യംചെയ്യാൻ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. കേസന്വേഷണവുമായി ആദ്യംമുതൽതന്നെ ഒരുതരത്തിലും വിക്ടർ സഹകരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യംചെയ്യാൻ ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതറിഞ്ഞ് നിരവധിപേർ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു.

കുണ്ടറയിലുണ്ടായത് വാളയാറിന് സമാനമായ ദുരൂഹമരണം

പാലക്കാട് വാളയാറിൽ സഹോദരിമാരുടെ ദുരൂഹ മരണങ്ങൾക്ക് സമാനമായ സംഭവമാണ് ജനുവരി 15നു കുണ്ടറയിലും നടന്നത്. പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16നു തന്നെ കൊല്ലം റൂറൽ എസ്‌പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല.

മകൾ ആത്മഹത്യ ചെയ്തതല്ലെന്നു പറഞ്ഞു കുണ്ടറ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്നു കുട്ടിയുടെ അച്ഛൻ പറയുന്നു. കുട്ടിയുടെ മരണത്തെത്തുടർന്നു പിതാവ് നൽകിയ പരാതയിൽ ഇപ്പോൾ പിടിയിലായ ആളുടെ പേരുമുണ്ടെന്നാണു സൂചന.

വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും നടപടി എടുക്കാൻ പൊലീസ് തയാറായില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തിൽ 22 മുറിവുകളുണ്ടെന്നാണു റിപ്പോർട്ട്. കൊലപാതക സാധ്യതപോലും സംശയിക്കുന്ന കേസിലാണു പൊലീസ് ഗുരുതര അനാസ്ഥ കാട്ടിയത്.

കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്.

എന്നാൽ ആത്മഹത്യാകുറിപ്പു കുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ വീഴ്ച ദക്ഷിണ മേഖല ഐജി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും ഡിഎംഒയും ശിശുക്ഷേമ സമിതിയും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.