ഭോപ്പാൽ: കൊച്ചുമകളേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞായിരുന്നു 65കാരനായ നാൻഹു ലാൽ വീട്ടിലേക്ക് കൊണ്ട് വന്നത്. വീട്ടിലെത്തിയപാടെ പെൺകുട്ടിയെ പീഡിപ്പിച്ച ലാൽ വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സമീപത്തെ ബിൽഡിങ്ങിലെ സെക്യൂരിറ്റിയായ ലാൽ സംഭവം സുഹൃത്തുക്കളായ 45 കാരനായ ഗോകുൽ പൻവാല, 36 കാരനായ ഗ്യാനേന്ദ്ര പണ്ഡിറ്റ് എന്നിവരോട് പറയുകയായിരുന്നു, തുടർന്നാണ് മാസങ്ങൾ നീണ്ടു നിന്ന് പീഡനം ആരംഭിച്ചത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് അതിക്രൂരത നടന്നത്.

പാൻകട നടത്തുന്ന ഗോകുൽ പൻവാലയും ഡ്രൈവറായ ഗ്യാനേന്ദ്രയും പെൺകുട്ടി താമസിച്ചിരുന്ന അതേ പ്രദേശത്ത് തന്നെയാണ് താമസിച്ചു വന്നിരുന്നത്. തുടർച്ചയായ പീഡനത്തിന് സുമൻ പാണ്ഡ്യ എന്ന ആളാണ് ഇവർക്കായി സ്ഥലം ഒരുക്കിക്കൊടുത്തത്.

നാല് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരേയും തെളിവെടുപ്പിനായി വീട്ടിലേയ്ക്ക് എത്തിച്ചപ്പോൾ രോഷാകുരായ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു,

സുമന്റെ വീട്ടിൽ വച്ചായിരുന്നു ക്രൂര പീഡനം അരങ്ങേറിയത്. തുടർന്നുള്ള ദിവസങ്ങളിൽ ഇവർ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പിന്നീട് പല തവണ ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയേയും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു.

പെൺകുട്ടിക്ക് ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ അമ്മ കാര്യം ചോദിക്കുമ്പോഴാണ് അതിക്രൂരത പുറത്താകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂട്ടമാനഭംഗത്തിനും, പോക്സോ നിയമപ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.