മുംബൈ: ശതകോടീശ്വരന്റെ മകളുടെ വിവാഹത്തിനായി ഒറ്റ ദിനം കൊണ്ട് മുംബൈ വിമാനത്താവളത്തിൽ കയറിയിറങ്ങിയത് 1007 വിമാനങ്ങൾ. ഇതോടെ ഒരു ദിവസം ഒട്ടേറെ വിമാനങ്ങൾ കൈകാര്യം ചെയ്തുവെന്ന റെക്കോർഡിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് മുബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം.

റിലയൻസ് ഗ്രൂപ്പിന്റെ ഉടമ മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹത്തിനായി അതിഥികൾ വിമാനത്തിൽ ഒഴുകിയെത്തിയതാണ് പുതു ചരിത്രം രചിച്ചത്. ഉദയ്പൂരിലാണ് ഇഷയുടെ വിവാഹച്ചടങ്ങുകൾ നടന്നത്. 

ഉദയ്പൂർ വിമാനത്താവളത്തിൽ ചിട്ടപ്പെടുത്തിയ 16 ഷെഡ്യുളുകളിൽ അതിഥികളായെത്തിയത് ഹിലരി ക്ലിന്റനും സച്ചിനും അടക്കമുള്ള വിഐപികളാണ്. വിവാഹത്തിന് സംഗീതത്തിന്റെ മാത്രിക വിസ്മയം തീർക്കാൻ ലോക പ്രശസ്ത പോപ് ഗായിക ബിയോൺസ് എത്തും. ചൊവ്വാഴ്ച മുംബൈയിലാണ് മൂന്ന് ദിവസം നീളുന്ന ഇഷയുടെയും വ്യവസായി ആനന്ദ് പിരമിളിന്റെയും വിവാഹം. ശനിയാഴ്‌ച്ച മാത്രം ഉദയ്പൂർ വിമാനത്താവളത്തിൽ 141 ലാൻഡിങ്ങും ടെയ്‌ക്കോഫുമാണ് നടത്തിയത്.

ഈ വർഷം തന്നെ ജൂണിൽ ഇതേ വിമാനത്താവളത്തിൽ തന്നെ 1003 വിമാനങ്ങൾ ഒരേ ദിനം സർവീസ് നടത്തിയിരുന്നു. ഏറെ നാളുകൾക്കുള്ളിൽ നേടിയ ഈ റെക്കോർഡിനെയാണ് വെറും അഞ്ചു മാസത്തിനുള്ളിൽ കോടീശ്വര പുത്രിയുടെ വിവാഹം മറികടന്ന്. രാഷ്ട്രീയക്കാർ, കോർപ്പറേറ്റ് ഭീമന്മാർ, ബോളിവുഡ് നടീ നടന്മാർ എന്നിവരെല്ലാം വെള്ളിയാഴ്ച തുടങ്ങിയ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്നും സ്വകാര്യ വിമാനങ്ങളിലായിരുന്നു തിരിച്ചത്.

ജെറ്റ് എയർവേയ്സിന്റെയും ഗോ എയറിന്റെയും ഹബ്ബായ മുംബൈ വിമാനത്താവളത്തിൽ രണ്ടു ക്രോസിങ് റൺവേകളുണ്ട്. ഇതിൽ പ്രധാന റൺവേ വഴി നടന്നത് മണിക്കൂറിൽ 48 പോക്കും വരവുമാണ്.

രണ്ടാമത്തെ റൺവേയിൽ മണിക്കൂറിൽ 35 പോക്കുവരവുകൾ കണ്ടു. ആനന്ദ് പിരാമളും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം മുംബൈയിലെ മുകേഷ് അംബാനി കുടുംബത്തിന്റ വീടായ ആന്റിലിയയിൽ ബുധനാഴ്ചയാണ് നടക്കുന്നത്. 48.49 ദശലക്ഷം യാത്രക്കാരെയാണ് 2018 മാർച്ച് 31 ആദ്യ പാദത്തിൽ വിമാനത്താവളത്തിലൂടെ  കടന്നുപോയത്. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 7.4 ശതമാനം വളർച്ചയാണ് ഉണ്ടായത്.

എത്തിയത് ഹിലരി ക്ലിന്റൺ അടക്കമുള്ള അതിഥികൾ

ബിസിനസ് മേഖലയലെ മാത്രമല്ല രാഷ്ട്രീയത്തിലേയും സിനിമയിലേും പ്രമുഖ വ്യക്തികളാണ് ഇഷയുടെ വിവാഹത്തിന് സാക്ഷിയാകാൻ എത്തിയത്. മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണും കോടീശ്വര പുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഉദയ്പൂർ പാലസിൽ നടക്കുന്ന പ്രീ വെഡ്ഡിങ് പാർട്ടിയിൽ പങ്കെടുക്കാനാണ് ഹിലരി എത്തിയത്. ഹിലരിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്ന് സ്വീകരിച്ചു.

ഹിലരിക്ക് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ തുടങ്ങി നിരവധി പേർ ഉദയ്പൂരിൽ കഴിഞ്ഞു.

ഉദയ്പൂർ പാലസിൽ രണ്ടു ദിവസങ്ങളിലായാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടക്കുന്നത്. പാട്ടും നൃത്തവുമൊക്കെയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിരിക്കുന്നത്. ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം.

കഴിഞ്ഞ ദിവസം വിശക്കുന്ന വയറുകൾക്ക് അന്നം നൽകിയാണ് മുകേഷ് അംബാനി തന്റെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. 'അന്ന സേവ' എന്ന പേരിലാണ് നിർദ്ധനർക്ക് ഭക്ഷണ വിതരണം നടത്തുന്നത്.

ഡിസംബർ ഏഴ് മുതൽ 10 വരെ നടക്കുന്ന അന്നദാനത്തിൽ 5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. അംബാനി കുടുംബാംഗങ്ങളും പിരമൽ കുടുംബവും ചേർന്നാണ് അന്ന സേവയിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത്.