തൃശൂർ: കേരളത്തിന്റെ ചരിത്രത്തിൽ അരങ്ങേറിയ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ സൗമ്യ വധക്കേസിന് പത്താണ്ട് തികയുന്നു. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ അതിക്രൂരമായ ആക്രമണത്തിനും ബലാത്സംഗത്തിനും ഇരയാവുകയും അഞ്ച് ദിവസം മരണത്തോട് മല്ലടിച്ച ശേഷവുമാണ് 23 കാരിയായ സൗമ്യ ജീവൻ വെടിഞ്ഞത്.

2011 ഫെബ്രുവരി ഒന്നിന്നിനാണ് എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്മെന്റിൽ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദചാമി എന്ന ഒറ്റക്കയ്യൻ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനു തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

കൊലപാതകം നടന്ന് പത്ത് വർഷം കഴിയുമ്പോൾ പ്രതി ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2022 ഒക്ടോബർ 3ന് ഗോവിന്ദച്ചാമിയുടെ ശിക്ഷാ കാലാവധി അവസാനിക്കും.

ചോരവാർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഗോവിന്ദച്ചാമി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിൽ സൗമ്യയുടെ താടിയെല്ല് തകരുകയും, പല്ലുകൾ അടർന്നു പോകുകയും, ശരീരത്തിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും ക്ഷതമേറ്റിരുന്നു. പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടുമ്പോൾ ചെറുത്തു നിൽപ്പിനായി സൗമ്യ മാന്തിമുറിച്ചതിന്റ 27 പോറലുകൾ അയാളുടെ ശരീരത്തിലുമുണ്ടായിരുന്നു.

തൃശൂർ അതിവേഗ കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയിൽ പ്രതിയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളിൽ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്നായിരുന്നു കോടതി നിരീക്ഷണം. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി.

കേരള സമൂഹത്തെ തന്നെ ഞെട്ടിച്ച ഇത്രത്തോളം ക്രൂരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഗോവിന്ദ ചാമിക്ക് 2011 നവംബർ 11 ന് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തൃശൂർ അതിവേഗ കോടതി വിധിച്ചു. കേരളാ ഹൈക്കോടതി തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിന്യായം ശരിവയ്ക്കുകയുമുണ്ടായി. കേസ് അന്വേഷിച്ച പൊലീസുകാരും ഇവിടെ കീഴ്‌കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകരുമൊക്കെ സൗമ്യയുടെ ആത്മാവിനോട് പൂർണമായും ആത്മാർത്ഥത കാട്ടാൻ ശ്രമിച്ചു.

2011 നവംബർ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാർട്ടുമെന്റിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.

തൃശ്ശൂർ അതിവേഗ കോടതിയിൽ പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാകുമെന്നു കരുതിയ വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ടാണ് പൂർത്തിയായത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്.

ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാൽപ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയിൽ സമർപ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ചത്.

എന്നാൽ കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ ആകെ മാറി മറിഞ്ഞു. കീഴ്‌കോടതിയും ഹൈക്കോടതിയും വിധിച്ച തൂക്കുകയർ സുപ്രീംകോടതിയിലെത്തിയപ്പോഴേക്കും പ്രതിക്ക് നിഷ്പ്രയാസം അഴിച്ചെടുക്കാനായി. അപ്പീലിൽ സുപ്രീം കോടതിയിൽ കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല, ഇതോടെ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറച്ചു.

ഒപ്പം സുപ്രീംകോടതി ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകുമെന്നായിരുന്നു വിധി. സുപ്രീം കോടതി ആറംഗ ബെഞ്ച് ഏപ്രിൽ 28, 2017ൽ കേരള ഗവണ്മെന്റ് നൽകിയ തിരുത്തൽ ഹർജിയും തള്ളിക്കളഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജിയും പ്രഗത്ഭ നിയമജ്ഞനുമായ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പോലും വിധിയെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.