കൊല്ലം: കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ്സുകാരി തൂങ്ങി മരിച്ചു. കുലശേഖരപുരം മാമ്പറ്റ കിഴക്കതിൽ പ്രസന്നൻ - ഷൈല ദമ്പതികളുടെ മകൾ പ്രീതി(12)യെയാണ് കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരപുരം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പ്രീതി.

ഇന്ന് രാവിലെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയായതിനാൽ നേരത്തെ മുറിയിൽ കയറി കതകടച്ചിരുന്നു പഠിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ അമ്മ വിളിച്ചിട്ട് മുറിയിൽ നിന്നും പ്രതികരണമൊന്നുമുണ്ടാകാഞ്ഞതിനെ തുടർന്ന് ഇളയ മകൻ പ്രവീൺ വീടിന് പുറകു വശത്തുള്ള ജനാല തുറന്ന് നോക്കുമ്പോഴാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്.

മൃതദേഹം കണ്ട പ്രവീണിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവർ മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി. പെൺകുട്ടി മരിച്ചു എന്നറിഞ്ഞതോടെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജനാലയിൽ തൂങ്ങി നിലയിലായിരുന്ന മൃതദേഹത്തിന്റെ കാൽ മുട്ടുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു. അതിനാൽ മരണത്തിൽ പൊലീസ് പ്രഥമദൃഷ്ട്യാ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ.സതീഷ് ബിനോയെ വിവരമറിയിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തെത്തിയ കമ്മീഷ്ണറുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

മരിച്ച പെൺകുട്ടി ഏറെ നാളായി അമ്മയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പഠിച്ചു കൊണ്ടിരുന്നത്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസമാണ് സ്വന്തം വീട്ടിൽ തിരികെ എത്തിയത്. വീട്ടിലെത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം അന്വേഷിക്കുകയാണ് പൊലീസ്. പെൺകുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപ്പറ്റിയാണ് പൊലീസിന്റെ അന്വഷണം. ഇയാൾ സ്ഥിര മദ്യപാനിയായതിനാണ് ഇയാൾക്ക് പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടാകാമെന്ന് പൊലീസിന്റെ സംശയം.

അതേ സമയം പ്രീതി പൊതുവേ ശാന്ത സ്വഭാവമുള്ളതും മറ്റുള്ളവരോട് അധികം ഇടപഴകാത്തതുമായ സ്വഭാവക്കാരിയാണെന്ന് കുലശേഖരപുരം സ്‌ക്കൂളിലെ വിദ്യാർത്ഥികളും സഹപാഠികളും പറയുന്നു. ഏഴാംക്ലാസ്സുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യയിലെ ദൂരൂഹത പൊലീസ് അന്വേഷിക്കുകയാണ്. അന്വഷണം കൃത്യതയോടെ ആവുമെന്നും മരണത്തിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ എത്രയുംവേഗം തന്നെ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു.