തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 16 കാരൻ അടക്കം രണ്ടുപേർ അറസ്റ്റിൽ. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ സുഹൃത്തായ 16 കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തുമാണ് പിടിയിലായത്. പെൺകുട്ടിയുടെ നേരത്തെ പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റിലായിട്ടുണ്ട്.

വ്യാഴാഴ്ചയാണ് പിഡനം നടന്നത്. സ്‌കൂളിൽ പോകുകയായിരുന്ന കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും (36) ആണ് പിടിയിലായത്. സ്‌കൂളിൽ വിടാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വാനിൽ കയറ്റിക്കൊണ്ടുപോയത്.

തുടർന്ന് വാനിൽ കയറ്റി സന്തോഷിന്റെ ചുള്ളിയൂരിലെ ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 16 കാരന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തെന്നാണ് സന്തോഷിനെതിരായ കേസ്. പീഡനത്തിന് ശേഷം പെൺകുട്ടിയെ തൊട്ടടുത്ത ജംഗ്ഷനിൽ ഇറക്കിവിട്ടശേഷം ഇവർ കടന്നുകളയുകയായിരുന്നു.

പെൺകുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ വീട്ടിൽ അറിയിച്ചു. വിവരം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനം വെളിപ്പെട്ടത്. വനിതാ പൊലീസ് വിശദമായ മൊഴിയെടുത്തപ്പോൾ മുമ്പു നേരിട്ട പീഡനവും കുട്ടി വെളിപ്പെടുത്തി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത ബന്ധുവായ 50 വയസുകാരനിൽ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെൺകുട്ടി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 16കാരനെ ജുവനൈൽ ഹോമിലാക്കി. മറ്റ് രണ്ട് പേരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി തുടർനടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.