തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർക്ക് അന്ധവിശ്വാസങ്ങളിൽ വിശ്വാസമുണ്ടോ എന്ന ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ പതിമൂന്നാം നമ്പർ കാർ ധനമന്ത്രി തോമസ് ഐസക് ഏറ്റെടുത്തു. രണ്ടുദിവസത്തിനകംതന്നെ പതിമൂന്നാം നമ്പർ കാർ ധനമന്ത്രിയുടെ ഓഫീസിൽ എത്തും. മറ്റു മന്ത്രിമാർക്കെല്ലാം കാറുകൾ അനുവദിച്ചപ്പോഴും പതിമൂന്നാം നമ്പർ കാർ ആർക്കും നൽകാതിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡയയിൽ ഉൾപ്പെടെ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതോടെ നേരത്തെ പത്താംനമ്പർ കാർ നൽകാൻ തീരുമാനിച്ചിടത്ത് തോമസ് ഐസക് തന്നെ 13-ാം നമ്പർ ഏറ്റെടുക്കാൻ സധൈര്യം മുന്നോട്ടുവരികയായിരുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എംഎ ബേബിയാണ് 13-ാം നമ്പർ കാർ ഏറ്റെടുത്തത്. അശുഭകരമെന്ന് വിശ്വസിക്കപ്പെടുന്ന പതിമൂന്നാം നമ്പർ കാർ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരും സ്വീകരിച്ചിരുന്നില്ല. മന്ത്രിമാർ വാഴില്ലെന്ന വിശ്വസം നിലനിൽക്കുന്ന മന്മോഹൻ ബംഗ്ലാവും തോമസ് ഐസക്കിനാണ് നൽകിയത്. മന്മോഹനിൽ താമസിക്കുന്നവർ അടുത്ത നിയമസഭ കാണില്ലെന്ന അന്ധവിശ്വാസമാണ് ഇവിടം ഉപേക്ഷിക്കാൻ മന്ത്രിമാരായി വരുന്നവരെ പ്രേരിപ്പിക്കുന്നത്.

അതേസമയം, മന്ത്രി തോമസ് ഐസക് 13-ാം നമ്പർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും കാർ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും രണ്ടുദിവസത്തിനകമേ കാർ അനുവദിക്കൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 13-ാം നമ്പർ കാർ ഇല്ലാതിരുന്നതിനാലാണ് ഇത്്. 13-ാം നമ്പർ കാറാണ് അനുവദിച്ചുകിട്ടിയിരുന്നതെങ്കിൽ അത് സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നെന്ന് മന്ത്രി വി എസ് സുനിൽകുമാറും തൃശൂരിൽ പ്രതികരിച്ചിരുന്നു.

മന്ത്രിമാരും കാർ നമ്പറും ഇങ്ങനെ:

മുഖ്യമന്ത്രി ഒന്നാം നമ്പർ കാർ സ്വീകരിച്ചപ്പോൾ കാഞ്ഞങ്ങാട് നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന് രണ്ടാം നമ്പറും ജനതാദളിലെ മാത്യൂ ടി തോമസിന് മുന്നാം നമ്പർ കാർ കിട്ടി. എൻ സി പി യുടെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നാലാം നമ്പറിനു അവകാശിയായപ്പോൾ അഞ്ചാം നമ്പർ കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് എസ് നേതാവ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പേരിലാണ്.

സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ആറാം നമ്പറടിച്ചപ്പോൾ വ്യവസായ മന്ത്രി ഇ പി ജയരാജന് ഏഴും പൊതുമരാമത്ത് മന്ത്രി ജി സുധാകരന് എട്ടും ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചർക്കു ഒൻപതാം നമ്പറും വിധിക്കപ്പെട്ടു. പത്താം നമ്പർ തോമസ് ഐസകിനും നൽകി. ഇപ്പോൾ അതൊഴിവാക്കിയാണ് പതിമൂന്നാം നമ്പർ തോമസ് ഐസക് ഏറ്റെടുത്തിരിക്കുന്നത്.
തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ 11ഉം സിപിഐ നേതാവും കൃഷി മന്ത്രിയുമായ വി എസ് സുനിൽകുമാർ 12ാം നമ്പറും സംഘടിച്ചപ്പോൾ പി തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, പ്രൊഫ, സി രവീന്ദ്രനാഥ്, കെ രാജു, ഡോ. കെ ടി ജലീൽ എന്നിവർ യഥാക്രമം 14 മുതൽ 20 വരെ നമ്പരുകൾ നേടി.

അതേസമയം, മന്ത്രിമാർക്ക് ആർക്കും പുതിയ സർക്കാർ 13-ാം നമ്പർ നൽകാതിരുന്നതോടെ പതിമൂന്നാം നമ്പർ അശുഭലക്ഷണമെന്ന് സമ്മതിക്കാൻ ആർജവമില്ലെങ്കിൽ പിണറായി തൂങ്ങിച്ചാവുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് സുരേന്ദ്രൻ നൽകിയ ഫേസ്‌ബുക്ക് പോസ്റ്റും വിവാദമായി.