കോഴിക്കോട്: മതനിരപേക്ഷ പുരോഗമന മൂല്യങ്ങളുടെ ഈറ്റില്ലമാകേണ്ട പിണറായി സർക്കാർ അന്ധവിശ്വാസികളുടെ തടവറയിലോ? സർക്കാറിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് ജന്മഭൂമിയിലെ ജ്യോതിഷ പ്രവചനത്തെ ഭയക്കാത്ത സർക്കാറിന് 13ാം നമ്പർ കാർ ഏറ്റെടുക്കാൻ മന്ത്രിമാരില്ല. മന്ത്രിമാർക്കും ഇടത് സാമാജികർക്കുമുള്ള സ്വീകരണങ്ങളിൽ സ്ത്രീകളെയും പെൺകുട്ടികളെയും അണിനിരത്തിയുള്ള താലപ്പൊലി ഉപേക്ഷിക്കാൻ നിർദേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭാംഗങ്ങളിൽ ഒരാൾ പോലും അന്ധവിശ്വാസത്തിന്റെ കുറ്റിയടിച്ച 13-ാം നമ്പർ കാർ സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. വി എസ് സർക്കാറിൽ ഈ നമ്പർ ചോദിച്ചു വാങ്ങാൻ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയുണ്ടായത് അഭിമാനമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാറിൽ ആര്യാടൻ മുഹമ്മദും.

കേട്ടത് ശരിയാണെങ്കിൽ പിണറായി മന്ത്രിസഭയിൽ 13 നമ്പർ കാറെടുക്കാൻ ചുണയുള്ള ഒരുത്തൻ പോലുമില്ലത്രെ. അപമാനം എന്നല്ലാതെ മറ്റെന്തു വിളിക്കും. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നവകേരള സദസ്സ് സംഘടിപ്പിച്ച ഡി വൈ എഫ് ഐയുടെ മുൻ സാരഥിയും നിയുക്ത സ്പീക്കറുമായ പി ശ്രീരാമകൃഷ്ണനെങ്കിലും 13 നമ്പർ ചോദിച്ചു വാങ്ങി കേരളത്തിന്റെ ആത്മാഭിമാനം കാക്കുമോ എന്നാണറിയേണ്ടത്. അതല്ലെങ്കിൽ ഒന്നാം നമ്പർ കാർ തിരിച്ചുനൽകി മതനിരപേക്ഷ കേരളത്തിന്റെ മാനം കാക്കാൻ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം.

മന്ത്രിമാരും കാർ നമ്പറും ഇങ്ങനെയാണ്

മുഖ്യമന്ത്രി ഒന്നാം നമ്പർ കാർ സ്വീകരിച്ചപ്പോൾ കാഞ്ഞങ്ങാട് നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന് രണ്ടാം നമ്പറും ജനതാദളിലെ മാത്യൂ ടി തോമസിന് മുന്നാം നമ്പർ കാർ കിട്ടി. എൻ സി പി യുടെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ മൂന്നാം നമ്പറിനു അവകാശിയായപ്പോൾ അഞ്ചാം നമ്പർ കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് എസ് നേതാവ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പേരിലാണ്.
സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ആറാം നമ്പറടിച്ചപ്പോൾ വ്യവസായ മന്ത്രി ഇ പി ജയരാജന് ഏഴും പൊതുമരാമത്ത് മന്ത്രി ജി സുധാകരന് എട്ടും ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചർക്കു ഒൻപതാം നമ്പറും വിധിക്കപ്പെട്ടു.

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പത്തും തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ 11ഉം. സിപിഐ നേതാവും കൃഷി മന്ത്രിയുമായ വി എസ് സുനിൽകുമാർ 12-ാം നമ്പറും സംഘടിച്ചപ്പോൾ പതിമൂന്നാം നമ്പറിന് അവകാശിയെ കിട്ടിയില്ല. ബാക്കിയുള്ള മന്ത്രിമാരെല്ലാം 13 ഒഴിച്ചുള്ള നമ്പറിൽ വിശ്വാസം രേഖപ്പെടുത്തി. അതിങ്ങനെയാണ്.
13-....................
14-പി. തിലോത്തമൻ
15- കടകംപള്ളി സുരേന്ദ്രൺ
16-എ.സി.മൊയ്തീൻ
17- ജെ മേഴ്സിക്കുട്ടിയമ്മ
18-പ്രൊഫ. സി. രവീന്ദ്രനാഥ്
19-കെ. രാജു
20- ഡോ. കെ.ടി. ജലീൽ