കൊല്ലം: ശാസ്താംകോട്ടയിൽ പതിനഞ്ചു വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ അയൽവാസിയായ മന്ത്രവാദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പാ എൽ.വി.എച്ച്.എസ്സിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി മൈനാഗപ്പള്ളി ഇടവശ്ശേരി ആരള്ളയിൽ നാസറിന്റെ മകൾ നജില (15)യെയാണ് ഇന്ന് രാവിലെ പത്ത് മണിക്ക് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുദ്ധിമാന്ദ്യമുള്ള ഇളയ സഹോദരനുമായുള്ള കലഹം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ കുണ്ടറയിൽ പതിനാലുകാരി മരിച്ച സംഭവം ഉണ്ടായതിനാൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തി.

അന്വേഷണത്തിൽ കുട്ടിയെ സമീപവാസിയായ മന്ത്രവാദിനിയായ സ്ത്രീ മന്ത്രവാദം നടത്താൻ മധുരയിൽ കൊണ്ടു പോയിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസ് മന്ത്രവാദിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.