തൃശ്ശൂർ: നഗരത്തിനു സമീപം വാടകവീടെടുത്ത് സ്വന്തം ഇഷ്ടപ്രകാരം താമസിച്ചുവരുന്ന അമ്മ.രണ്ടു കിലോമീറ്റർ അപ്പുറത്തെ സ്വന്തം വീട്ടിൽ താമസിക്കുന്ന മേസ്തിരി പണിക്കാരനായ അച്ഛൻ.ഈ സാഹചര്യത്തിൽ പഠിക്കാൻ മിടുക്കരായ മൂന്നു മക്കൾക്കും ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. അമ്മയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലൂടെ മക്കൾക്ക് നഷ്ടപ്പെട്ടത് കുടുംബവും ജീവിതവുമായിരുന്നു.

രണ്ടു വീടുകളിലുമായി മാറിമാറി താമസിക്കാൻ വിധിക്കപ്പെട്ട കുട്ടികളിൽ മൂത്ത മകനാണ് മോഷണ കേസ്സിൽ കഴിഞ്ഞ ദിവസം പിടിയിലായ +1കാരൻ. മാതാപിതാക്കൾക്ക് കുട്ടികളുടെമേലുള്ള അധികാരവും ഉത്തരവാദിത്വവുമെല്ലാം കുറയുകയും അവർ തെറ്റായ കൂട്ടുക്കെട്ടുകളിൽ അകപ്പെടുകയും ചെയ്യുന്നതിന്റെ ഒരു ഉദാഹരണമാണിത്.

മാർത്താണ്ഡം സ്വദേശിയായ അച്ഛൻ 12 വയസ്സുമുതൽ തൃശ്ശൂരിലുണ്ട്. കഠിനാദ്ധ്വാനിയും കുടുംബത്തോട് സ്നേഹവുമുള്ള അച്ഛൻ,അദ്ധ്വാനിച്ച് സ്വന്തം വീടുണ്ടാക്കി.ഭാര്യയുടെ മറ്റുപല ബന്ധങ്ങളിലും ഇയാൾക്ക് ഒത്തുപോകാനാവില്ലായിരുന്നു.ഭാര്യയുമായി ബന്ധപ്പെട്ട് ചില പ്രശനങ്ങളും മേസ്തിരി പണിക്കാരനായ ഇയാളുടെ ജീവിതത്തെ കീഴ്മേൽ മറിക്കാൻ കാരണമായെന്നാണ് പരിചയക്കാരുടെ പക്ഷം.അമ്മ വാടകവീട്ടിലേക്ക് മാറുകയും തയ്യൽജോലിക്ക് പോകുകയും ചെയ്തതോടെ കുട്ടികളുടെ ജീവിതത്തിന് വലിയ നിയന്ത്രണങ്ങളില്ലാതായി.16 വയസ്സുകാരന്റെ ബൈക്കുകളോടുള്ള ഭ്രമം കൂടിയായപ്പോൾ പണ നേടുന്നതിനായി എളുപ്പവഴികൾ കണ്ടെത്തുകയായിരുന്നു.

പ്രതികൂല ജീവിതസാഹചര്യത്തിൽ പോലും എസ്.എസ്.എൽ.സി പരീക്ഷക്ക് 90 ശതമാനം മാർക്ക് നേടിയ അതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്നു,കഴിഞ്ഞ ദിവസം ഷാഡോ പൊലീസിന്റെ പിടിയിലായ ഈ കുട്ടി.സ്‌കൂളിൽ അച്ചടക്കമുള്ള ഈ വിദ്യാർത്ഥി പഠിപ്പിലും പാഠ്യേതര വിഷയങ്ങളിലും മിടുക്ക് തെളിയിച്ചിരുന്നു.ഈ കുട്ടിയാണു ക്രിസ്മസ് രാത്രിയിൽ കുരിയച്ചിറയിലെ രണ്ടു കടകൾ കുത്തി തുറന്നത്. ഇറച്ചി കടയിൽ നിന്നും 10,000 രൂപയും സ്റ്റേഷനറി കടയിൽ നിന്നും റീചാർജ് കൂപ്പണുകളുമാണ് മോഷ്ടിച്ചത്. മൊബൈലിൽ അമിതമായി റീച്ചാർജ് ചെയ്തിരിക്കുന്നത് പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ പൊലീസ് പെട്ടെന്ന് തിരിച്ചറിഞ്ഞത്.

മോഷണത്തിന് ചില ചീത്ത കൂട്ടുകെട്ടുകൾ കൂടി പ്രേരണയായെന്നും പൊലീസ് പറയുന്നു. ആഡംബര ബൈക്കുകൾ വാടകക്ക് നൽകുന്ന സംഘത്തിന്റെ പക്കൽ നിന്നും സ്ഥിരമായി ഇത്തരം ബൈക്കുകൾ വാടകക്കെടുത്ത് കറങ്ങുന്ന ശീലം ഈ വിദ്യാർത്ഥിക്കുണ്ടായിരുന്നു. ഇവർക്ക് പലപ്പോഴും വലിയ തുകകളായിരുന്നു കൊടുക്കേണ്ടിയിരുന്നത്. ഇതിന് പണം സംഘടിപ്പിക്കുക കൂടിയായിരുന്നു മോഷണത്തിന്റെ ലക്ഷ്യം. പ്രായപൂർത്തിയാകത്തതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുന്ന വിദ്യാർത്ഥി മോഷണത്തിനായി സ്വീകരിച്ച മാർഗങ്ങളും രീതികളുമെല്ലാം പ്രൊഫഷണലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സി.സി.ടിവി ക്യാമറയിൽ സ്റ്റിക്കർ ഒട്ടിച്ചും പ്രത്യേകരീതിയിൽ മുഖം മറച്ചുമെല്ലാം മോഷണം നടത്തിയ ഈ വിദ്യാർത്ഥി പൊലീസിനേയും അമ്പരപ്പിച്ചിരിക്കുകയാണ്.