ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടുകാർക്ക് ആശുപത്രി അധികൃതർ നൽകിയത് 18 ലക്ഷം രൂപയുടെ ബിൽ. 15 ദിവസം ആശുപത്രിയിൽ കഴിയുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ഏഴുവയസ്സുകാരിയായ ആദ്യ സിങിന്റെ വീട്ടുകാരിൽ നിന്നാണ് ഇത്രയം ഭീമമായ തുക ചികിത്സയ്ക്കായി ഈടാക്കിയത്.

ഭീമമായ തുക ഈടാക്കിയ സംഭവം ചർച്ചയായതോടെ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ ഗുഡ്ഗാവിലെ ഫോർട്ടിസ് ആശുപത്രിയിൽ കഴിഞ്ഞമാസമാണ് പ്രവേശിപ്പിച്ചത്. തുടർന്ന് 15 ദിവസം ചികിത്സിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങി.

കുട്ടിയുടെ മരണത്തിന് പിന്നാലെ 18 ലക്ഷം രൂപയുടെ ബിൽ ആശുപത്രി അധികൃതർ നൽകുകയായിരുന്നു. ഡെങ്കിപ്പനിക്ക് ചികിത്സ തേടിയ കുട്ടിക്ക് നൽകിയ ബില്ലിൽ 660 സിറിഞ്ച്, 2700 ഗ്ലൗസ് എന്നിവയുടെ തുകയും ഇടാക്കിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ലഭിച്ച ബില്ലിന്റെ ചിത്രം പകർത്തി കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ട്വിറ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അന്വേഷണത്തിന് ഉത്തരവിടുകയും ആവശ്യമായി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേതുടർന്ന് ആദ്യയെ 15 ദിവസം കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ കിടത്തുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളിൽ ആദ്യ സാധാരണ നിലയിൽ എത്തുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയെങ്കിലും അതുണ്ടായില്ല.

ദിവസേന 40 ഇഞ്ചക്ഷനാണ് കുട്ടിക്ക് നൽകിയത്. ദിവസേന 40 ഇഞ്ചക്ഷനാണ് ആദ്യക്ക് നൽകിയിരുന്നത്. ഇത് എല്ലാം തന്നെ ഉയർന്ന വിലയുള്ളതാണ്. ബില്ല് വന്നപ്പോൾ മരുന്നിന് മാത്രം നാല് ലക്ഷം രൂപയും ഗ്ലൗസിന് 2.7 ലക്ഷം രൂപയുമാണ് ഈടാക്കിയത്. കുട്ടിക്ക് നൽകാൻ സാധാരണ മരുന്നുകൾ ലഭ്യമായിട്ടും വിലകൂടിയ ബ്രാൻഡഡ് മരുന്നകൾ വാങ്ങിപ്പിച്ചിരുന്നതായും 500 രൂപയുടെ മരുന്നിന്റെ സ്ഥാനത്ത് 3500 രൂപയുടേതാണ് വാങ്ങിയിരുന്നതെന്നും ആദ്യയുടെ പിതാവ് ജയന്ത് സിങ് പറഞ്ഞു.

നാല് ദിവസത്തിന് ശേഷം കുട്ടിക്ക് തലച്ചോറിന് അസുഖമുണ്ടെന്ന് സംശയം പറഞ്ഞ് സിടി/എംആർഐ സ്‌കാനിങിന് നടത്തിയെന്ന് അറിയിക്കുകയും ചെയ്തതായും അറിയിച്ചു. ഒക്ടോബർ 14 ആയപ്പോഴാണ് കുട്ടിയുടെ തലച്ചോറിന് 80 ശതമാനം രോഗബാധയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് 15 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു.

എന്നാൽ, എല്ലാ മെഡിക്കൽ മാനദണ്ഡങ്ങളും പാലിച്ചാണ് ചികിത്സിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ആദ്യയെ ആശുപത്രിയിൽ എത്തിച്ചിരുന്നതെന്നും ആശുപത്രി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.