തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പേരിൽ പഴികേട്ട പിണറായി സർക്കാർ കടലിന്റെ മക്കളുടെ കണ്ണുനീർ തുടയ്ക്കാൻ ഒരുങ്ങുന്നു. വലിയ തുറയിലെ വീടില്ലാത്ത മത്സ്യ തൊഴിലാളികൾക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കിയാണ് സർക്കാർ മത്സ്യ തൊഴിലാളികളുടെ കണ്ണീരൊപ്പാൻ ഒരുങ്ങുന്നത്. 2012 മുതൽ പ്രകൃതി ക്ഷോഭത്തിൽ തലചായ്ക്കാൻ ഒരിടമില്ലാതെ മാറിയവർക്കാണ് സർക്കാരിന്റെ താങ്ങും തണലും ലഭിക്കുന്നത്.

രണ്ട് ബെഡ്‌റൂമും ബാത്‌റൂമും സ്വീകരണമുറിയും അടുക്കളയും അടങ്ങിയ അപ്പാർട്‌മെന്റാണ് മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ പണിത് നൽകുന്നത്. ഇത് ഇവർക്ക് സ്വന്തമായിരിക്കും. ഇതിന് പുറമേ പൂന്തോട്ടം, കമ്യൂണിറ്റി ഹാൾ, അങ്കണവാടി, സബ്‌സിഡി വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്ന മാർക്കറ്റ്, പണിസാധനങ്ങൾ സൂക്ഷിക്കാനായി സ്റ്റോർഹൗസ്- ജനകീയ സർക്കാർ കടലിന്റെ മക്കൾക്കായി മുട്ടത്തറയിൽ ഒരുക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ സവിശേഷതകളാണ്.

റെക്കോഡ് വേഗത്തിലാണ് സർക്കാർ ഫ്‌ളാറ്റിന്റെ പണി പൂർത്തിയാക്കുന്നത്. 2017 ജനുവരിയിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മാർച്ചിലാണ് പണി പൂർത്തിയാക്കണമെന്ന് സർക്കാർ നിഷ്‌ക്കർഷിച്ചിരുന്നത്. ഫെബ്രുവരിയിൽ ഭവനസമുച്ചയം മത്സ്യത്തൊഴിലാളികൾക്ക് കൈമാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. എന്നാൽ ഫെബ്രുവരിയോടെ തന്നെ ഇതിന്റെ പണി പൂർത്തിയാക്കി കൈമാറും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റുകളുടെ പണി അന്തിമഘട്ടത്തിലാണ്.

2012 മുതൽ പ്രകൃതിക്ഷോഭത്തിൽ തലചായ്ക്കാൻ ഇടം നഷ്ടപ്പെട്ട കടലിന്റെ മക്കൾക്കാണ് അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുന്നത്. മുട്ടത്തറയിൽ ബിഎസ്എഫ് ക്യാമ്പിനുസമീപം 24 ബ്‌ളോക്കുകളിലായി 192 കുടുംബങ്ങൾക്കാണ് പാർപ്പിടമൊരുങ്ങുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ കൈവശമുണ്ടായിരുന്ന സ്ഥലത്തുനിന്നാണ് പാർപ്പിടപദ്ധതിക്ക് ആവശ്യമായ 3.45 ഏക്കർ ഭൂമി ഏറ്റെടുത്തത്.

എല്ലാ സൗകര്യങ്ങളോടും കൂടിയ വീടിന്റെ മുഴുവൻ പണികളും പൂർത്തിയാക്കിയാണ് കൈമാറുക. വീടുകൾ 540 ചതുരശ്ര അടി വിസ്തീർണമുള്ളവയാണ്. വയറിങ്ങും പ്‌ളംബിങ്ങുമടക്കം പണികളെല്ലാം ഏകദേശം പൂർത്തിയായി. ഇപ്പോൾ പെയിന്റിങ് നടന്നുവരികയാണ്്. കരാർപ്രകാരം പണി പൂർത്തിയാക്കേണ്ട അവസാനതീയതി മാർച്ച് 27 ആണെങ്കിലും ഫെബ്രുവരി ആദ്യവാരംതന്നെ പണി പൂർത്തിയാക്കാനാകുമെന്ന് കരാറുകാർ പറയുന്നു.

2017 ജനുവരിയിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഒരുവർഷംകൊണ്ട് 192 വീടുകൾ പൂർത്തിയാക്കിയ ഇത്തരമൊരു പദ്ധതി കേരളചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഫിഷറീസ്മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയും വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമ്മാണപുരോഗതി വിലയിരുത്തി.

ഭവനരഹിതരായ വലിയതുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ വീടുകളിലെ താമസക്കാരാകുക. ഫിഷറീസ്വകുപ്പിന്റെ പ്രത്യേക ഫണ്ടിൽനിന്ന് 17.5 കോടി രൂപ ചെലവഴിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. ഇതിനുപുറമെ മറ്റ് അനുബന്ധസൗകര്യങ്ങൾക്കായി രണ്ടരക്കോടി രൂപയും ഫിഷറീസ്വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണച്ചുമതല ഏറ്റെടുത്തത്.