മലപ്പുറം: വിദ്യാർത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് നിരന്തരമായി പീഡനം നടത്തിയ സ്‌കൂൾ അദ്ധ്യാപകർക്കെതരിരെ കേസ്. രണ്ട്, മൂന്ന്, ആറ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ രണ്ട് അറബി അദ്ധ്യാപകർക്കെതിരെയാണു കേസ്.

അരീക്കോട്, താനൂർ പൊലീസ് സ്റ്റേഷനുകളിലാണ് വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഇന്ന് അദ്ധ്യാപകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. താനൂർ പൊലീസ് സ്റ്റേഷനിൽ മുനീബ്, അരീക്കോട് സ്റ്റേഷനിൽ അഷ്റഫ് ഫൈസി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

അരീക്കോട്ടെ സ്‌കൂളിൽ പഠിക്കുന്ന രണ്ട്, മൂന്ന് ക്ലാസുകളിലെ ഏഴ് പെൺകുട്ടികൾക്കും താനൂരിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കുമാണ് അദ്ധ്യാപകരിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്നത്. വസ്ത്രത്തിന്റെ അടിയിലൂടെ കൈയിട്ട് സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുക പതിവാക്കിയിരുന്നതായി കുട്ടികൾ ജില്ലാ ചൈൽഡ് ലൈനിൽ മൊഴിനൽകി. കുട്ടികൾ രക്ഷിതാക്കളോട് പരാതിപ്പെട്ടതിനെ തുടർന്ന് ചൈൽഡ് ലൈനിന്റെ ടോൾഫ്രീ നമ്പറിൽ അറിയിക്കുകയായിരുന്നു.

ചൈൽഡ്ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് അദ്ധ്യാപകർക്കെതരിരെയും പോക്സോ ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തു. ജില്ലയിൽ കുട്ടികൾക്കു നേരെയുള്ള അതിക്രമം വർധിച്ചു വരുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു. ഈ മാസം മാത്രം പോക്സോ ആക്റ്റ് പ്രകാരം ജില്ലയിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തതായി ചൈൽഡ് ലൈൻ അറിയിച്ചു.

കാമുകനും കൂട്ടുകാരും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച കേസെടുത്തിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷനിൽ പ്രകൃതി വിരുദ്ധ പീഡനക്കേസിലും ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ താനൂർ, അരീക്കോട് പൊലീസ് സ്റ്റേഷനുകളിലായി ഇന്ന് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിയുമായി ഇനിയും കുട്ടികൾ വരുന്ന മുറയ്ക്ക് കേസിന്റെ എണ്ണം കൂടും.