വടക്കാഞ്ചേരി:പഴക്കമുള്ള തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അയൽവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടുകാട് എടവനക്കാട് പാറക്കുളങ്ങര (കാരോടിയിൽ) രാജന്റെ മകൻ ശ്രീജിത്തിന്റെ (ശ്രീജി- 29) തിരോധാനക്കേസിനാണ് ഇതോടെ അന്ത്യമാകുന്നത്. വൈശ്യപ്പാട്ട് രാജഗോപാൽ (ഷാജി- 44), പിതാവും റിട്ട. പൊലീസ് കോൺസ്റ്റബിളുമായ രാഘവൻ എഴുത്തച്ഛൻ (75) എന്നിവരാണ് പൊലീസ് പിടിയിലായത്.

കാട്ടുമൃഗങ്ങളെ പിടിക്കുന്നതിനായി പറമ്പിലൂടെ കെട്ടിയിരുന്ന കമ്പിയിൽ തട്ടി ഷോക്കേറ്റു മരിച്ച യുവാവിനെ കുഴിച്ചു മൂടിയതായി വെളിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ശ്രീജിത്തിന്റെ അയൽവാസിയായ റിട്ട. പൊലീസ് കോൺസ്റ്റബിളായ രാഘവൻ. വെൽഡിങ് ജോലിക്കാരനായ ശ്രീജിത്തിനെ 2013 ജൂലൈ 26നു രാത്രിയാണു കാണാതാകുന്നത്.

ജോലി കഴിഞ്ഞു രാത്രി പത്തരയോടെ സഹോദരിയുമായി ഫോണിൽ സംസാരിച്ചു വീട്ടിലേക്കു വന്ന ശ്രീജിത്തിനെ പിന്നീട് ആരും കണ്ടിട്ടില്ല. പ്രതികളുടെ പറമ്പിലൂടെയുള്ള എളുപ്പവഴിയിലൂടെ വീട്ടിലേക്കു വരുമ്പോൾ, ഷാജി കാട്ടുമൃഗങ്ങളെ പിടിക്കുന്നതിനായി പറമ്പിലൂടെ കെട്ടിയിരുന്ന കമ്പിയിൽ തട്ടി ശ്രീജിത്ത് ഷോക്കേറ്റ് മരിക്കുകയായിന്നു.

പിറ്റേന്നു കാലത്തു രാഘവൻ എഴുത്തച്ഛന്റെ നിർദേശപ്രകാരം ഷാജി മൃതദേഹം തൊട്ടടുത്ത മഴക്കുഴിയിലിട്ട് മൂടി. ഒന്നാം പ്രതി ഷാജിയുടെ മൊഴിയെ തുടർന്നു തലപ്പിള്ളി തഹസിൽദാർ കെ.എം. ടോമിച്ചന്റെയും സയന്റിഫിക് അസിസ്റ്റന്റിന്റെയും ഫൊറൻസിക് സർജന്റെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു. അസ്ഥികൂടവും തലയോട്ടിയുമാണു മണ്ണിനടിയിൽനിന്നു കിട്ടിയതെങ്കിലും അതോടൊപ്പം ഉണ്ടായിരുന്ന ശ്രീജിത്തിന്റെ വസ്ത്രാവശിഷ്ടം, കൈയിലെ ചരട്, വാച്ച്, ചെരുപ്പ്, ചീർപ്പ് എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊലീസിൽ 33 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചയാളാണു കേസിലെ രണ്ടാം പ്രതി രാഘവൻ എഴുത്തച്ഛൻ. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. കുന്നംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഷാഡോ പൊലീസ് അംഗങ്ങളായ മുഹമ്മദ് അഷറഫ്, ഹബീബ്, വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ അനന്തൻ, കെ.പി. സുധീർ എന്നിവരാണു കേസ് അന്വേഷിച്ചത്. ശ്രീജിത്തിന്റെ തിരോധാനം നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതിനെ തുടർന്നു ക്രൈംബ്രാഞ്ചും സമാന്തരമായി കേസ് അന്വേഷിച്ചിരുന്നു.