- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതും സർക്കാരിന് എതിരായ വാർത്തകൾ നൽകിയതും കണ്ടപ്പോൾ കലി കയറി; മനോരമയിലെ നിഷ പുരുഷോത്തമന്റെയും ഏഷ്യാനെറ്റിലെ കെ.ജി.കമലേഷിന്റെയും അജയഘോഷിന്റെയും കുടുംബങ്ങളെ വരെ വലിച്ചിഴച്ച് സൈബറാക്രമണം; നിഷയുടെ പരാതിയിൽ ഒന്നരമാസത്തിന് ശേഷം നടപടി; ദേശാഭിമാനി ജീവനക്കാരനായ വിനീതും കൊല്ലം സ്വദേശി ജയജിത്തും അറസ്റ്റിൽ; കമലേഷ് നൽകിയ പരാതിയിൽ നടപടി വൈകുന്നു
തിരുവനന്തപുരം: സർക്കാരിനെതിരായ വാർത്തകൾ നൽകി എന്നതിന്റെ പേരിൽ മാധ്യമപ്രവർത്തക്കെതിരെ സൈബറാക്രമണം അഴിച്ചുവിട്ട കേസിൽ, രണ്ടുപേർ അറസ്റ്റിൽ. ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യം നൽകി.
മാധ്യമപ്രവർത്തകർക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായ വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തി എന്നാണ് കേസ്.
മനോരമാ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നൽകിയ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നൽകി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റ്.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ സൈബറാക്രമണം അഴിച്ചുവിട്ടത്. കുടുംബാംഗങ്ങൾക്കെതിരെ വരെ അധിക്ഷേപങ്ങളുണ്ടായി.
മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നടപടിയെടുക്കുമെന്നുമായിരുന്നു വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണച്ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിന് കൈമാറുകയും ചെയ്തു.
നിഷാപുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപം നടത്തിയ ദേശാഭിമാനി ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് എഡിറ്റർ പി രാജീവ് പറഞ്ഞത്. വിശദീകരണം കിട്ടിയോ, അത് പരിശോധിച്ച് തൃപ്തികരമായിരുന്നോ, വേറെ നടപടിയെടുത്തോ എന്ന പ്രതികരണമൊന്നും സിപിഎം മുഖപത്രം പിന്നീട് നൽകിയതുമില്ല.
ദേശാഭിമാനിയിലെ സർക്കുലേഷൻ സ്റ്റാഫ് എന്ന് രേഖപ്പെടുത്തിയ ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ നിന്നാണ് നിഷ പുരുഷോത്തമനെതിരെ കടന്നാക്രണമുണ്ടായത്. ഭൂതക്കുളത്തെ വിനീത് വിയു എന്ന സഖാവാണ് നിഷാ പുരുഷോത്തമനെതിരെ അധിക്ഷേപവുമായി എത്തിയത്. കേസുവന്നപ്പോൾ വിനീത് പോസ്റ്റ് മുക്കിയെങ്കിലും സ്‌ക്രീൻ ഷോട്ട് പ്രചരിച്ചു.
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- മനോരമ വാർത്താ അവതാരകയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ചാണ് വിനീത് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടത്. കടുത്ത സ്ത്രീ വിരുദ്ധമാണ് പോസ്‌റ്റെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ദേശാഭിമാനിക്കാരനായതു കൊണ്ട് തന്നെ ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരൻ കടന്നാക്രമിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുകയെന്നതാണ് വാക്കുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചന. ഇതിനെതിരെ ശക്തമായ വികാരം ഉയരണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് മനോരമയും കണ്ടത്. സ്ത്രീ അവതാരകരുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെ വിലയിരുത്തി. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ അതിനെ മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്യും. ഇതിനെ വ്യക്തിപരമായി ഇല്ലാകഥ പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് പൊതുവിൽ ഉയരുന്ന നിലപാട്.
മുമ്പും നിഷാ പുരുഷോത്തമനെതിരെ കടന്നാക്രമണങ്ങൾ സൈബർ സഖാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നിരുന്നില്ല. സ്ത്രീ സമത്വവും പുരോഗമനവും പറയുന്ന സൈബർ സഖാക്കൾ നിഷ പുരുഷോത്തമനെ വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന തെറിയാണ്. കൃത്യമായ നിലപാടും അത് തുറന്ന് പറയാനുള്ള ധൈര്യവുമുള്ള മാധ്യമ പ്രവർത്തകക്ക് നേരെയുള്ള സൈബർ ആക്രമണം അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പരിഹാസവും കളിയാക്കലും. രാഹുൽ ഗാന്ധിയുടെ ടീമിൽ ഇടംപിടിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമുള്ള ശ്രമമാണ് നിഷയുടേതെന്ന് നേരത്തേയും സൈബർ സഖാക്കൾ ആരോപിച്ചിട്ടുണ്ട്.