തിരുവനന്തപുരം: എതിർപ്പുകൾക്കിടയിലും സർക്കാറിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞം ഇന്നലെ ഫലം കണ്ടു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഞായറാഴ്ച സംസ്ഥാനത്തെ വിവിധ ഓഫീസുകളിലായി തീർപ്പാക്കിയത് രണ്ട് ലക്ഷം ഫയലുകൾ. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ഞായറാഴ്ച സംസ്ഥാനത്താകെ അയ്യായിരത്തിലധികം ഓഫീസ് തുറന്നത്. 70 ശതമാനം ജീവനക്കാർ ജോലിക്കെത്തി.

തീവ്രയജ്ഞത്തിനായി ഒരു അവധി ദിവസം പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിർദേശിച്ചിരുന്നു. ഇത് ഏറ്റെടുത്താണ് ജീവനക്കാർ കൈ മെയ് മറന്ന് പ്രവർത്തിച്ചത്. ആറ് വർഷം മുമ്പ് ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും സെക്രട്ടറിയേറ്റിൽ അടക്കം ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ, വിമർശനങ്ങൾക്കിടയിലും വലിയ ഫയൽ നീക്കം നടന്നു എന്നത് സർക്കാറിന് നേട്ടമായി മാറി.

ഇന്നലെ സെക്രട്ടറിയറ്റിൽ മാത്രം 2571 ജീവനക്കാരെത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് പ്രവർത്തിച്ചു. പഞ്ചായത്ത്, -നഗരസഭാ ഓഫീസിലായി 34,995 ഫയൽ തീർപ്പാക്കി. 941 പഞ്ചായത്തും 87 മുനിസിപ്പാലിറ്റിയും ആറ് കോർപറേഷനും പ്രവർത്തിച്ചു. റവന്യു വകുപ്പിൽ 57,751 ഫയൽ തീർപ്പാക്കി.

ലാൻഡ് റവന്യു കമീഷണറേറ്റ്, കലക്ടറേറ്റ്, താലൂക്ക്, വില്ലേജ്, സർവേ, ലാൻഡ് ബോർഡ് ഓഫീസും പ്രവർത്തിച്ചു. ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി 1933 ഫയലും ആരോഗ്യ ഡയറക്ടറേറ്റിൽ മാത്രം 1371 എണ്ണവും തീർപ്പാക്കി. പൊലീസ് ആസ്ഥാനത്തും 80 ശതമാനം ഉദ്യോഗസ്ഥരും ഹാജരായി. 1939 ഫയൽ തീർപ്പാക്കി. വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവർ എത്തി.

കാസർകോട് കലക്ടറേറ്റിലെ എൻഡോൾഫാൻ സെല്ലിലെ 325 ഫയൽ തീർപ്പാക്കി. ദുരിതബാധിതർക്ക് ധനസഹായം നൽകാൻ വില്ലേജ് ഓഫീസും അക്ഷയ കേന്ദ്രവും പ്രവർത്തിച്ചു. ക്രഷുകൾ അവധിയായതിനാൽ കൈക്കുഞ്ഞുങ്ങളുമായാണ് ചില ജീവനക്കാർ എത്തിയത്. കോവിഡ് പ്രതിസന്ധിയിൽ വൈകിയ പ്രവർത്തനം സമയബന്ധിതമാക്കാനാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ തീവ്രയജ്ഞം നടത്തുന്നത്.

ഫയൽ തീർപ്പാക്കൽ യജ്ഞമെന്ന വലിയ ഉദ്യമം ഏറ്റെടുത്ത ജീവനക്കാർക്കും ഉന്നതോദ്യോഗസ്ഥർക്കും മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യമർപ്പിച്ചു. ജനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയായിക്കിടന്ന നിരവധി ഫയലുകൾ തീർപ്പാക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അവധി ദിനത്തിൽ ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരെയും മന്ത്രി എം വി ഗോവിന്ദനും അഭിനന്ദിച്ചു. ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി എം വിഗോവിന്ദൻ അറിയിച്ചു.