- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്നതിന് പിരിച്ചുവിട്ടത് സിപിഒയെ; ഏറ്റവും ഒടുവിൽ കാടാമ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച ആളുടെ ബൈക്ക് പെയിന്റ് മാറ്റിയടിച്ച് അനധികൃത ഉപയോഗം; കുടുങ്ങിയത് രണ്ട് ഗ്രേഡ് എസ്ഐമാർ; ഉള്ളിലെ 'കള്ളന്മാർ' കേരള പൊലീസിനെ നാണംകെടുത്തുന്നു
മലപ്പുറം: വാഹനാപകടത്തിൽ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച പൊലീസുകാർക്ക് എതിരെ നടപടി. മലപ്പുറം കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ് ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ് ചെയ്തത്.
കർണാടക സ്വദേശി വിൻസെന്റിന്റെ വാഹനമാണ് പൊലീസുകാർ ഉപയോഗിച്ചിരുന്നത്. ഇരുചക്രവാഹനം പെയിന്റ് മാറ്റിയടിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരികയായിരുന്നു പൊലീസുകാർ. വിഷയത്തിൽ ആക്ഷേപം ഉയർന്നതിന് പിന്നാലെ താനൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോർട്ട് മലപ്പുറം എസ്‌പി പരിശോധിച്ച ശേഷമാണ് നടപടി. തുടക്കത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ട് ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ച് വിട്ടതിന് വാർത്തയ്ക്ക് പിന്നാലെയാണ് മലപ്പുറത്തെ നടപടി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഇഎൻ ശ്രീകാന്തിനെയാണ് സർവീസിൽനിന്ന് നീക്കിയത്.
2021 ഏപ്രിലിലാണ് തളിപ്പറമ്പ് പൂളപ്പറമ്പ് സ്വദേശി രാജേശ്വരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസ് ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തിയത്. അരലക്ഷം രൂപ തട്ടിയെടുത്ത ശ്രീകാന്തിനെ നേരത്തെ അന്വേഷണ വിധേമായി സസ്‌പെൻഡ് ചെയ്തിരുന്നു.
ചൊക്ലി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ കഴിഞ്ഞ മാർച്ചിൽ തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യാഗസ്ഥനായിരുന്നു ശ്രീകാന്ത് ഈ സമയത്ത് ഇയാൾ സഹോദരിയിൽ നിന്നും എടിഎം കൈക്കലാക്കി.
തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സഹോദരിയുടെ മൊബൈൽ ഫോണിൽ നിന്ന് പിൻനമ്പറും മനസ്സിലാക്കിയെടുത്തു മോഷ്ടാവായ ഗോകുൽ തട്ടിയെടുത്ത പണമെല്ലാം സഹോദരിയുടെ എടിഎമ്മിലേക്ക് മാറ്റിയിരുന്നു. മോഷണക്കേസിൽ ഗോകുൽ റിമാൻഡിലായതിന് ശേഷവും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതായി മെസേജുകൾ വന്നതോടെ സഹോദരി തളിപ്പറമ്പ് സിഐക്ക് പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയ ഇഎൻ ശ്രീകാന്താണ് പണം തട്ടിയെടുത്തത് എന്ന് മനസിലായത്. ഇയാൾ തളിപ്പറമ്പിലെ പല എടിഎം കൗണ്ടറുകളിൽ നിന്ന് പണം എടുക്കുന്നതിന്റെയും ഈ കാർഡ് ഉപയോഗിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. തുടർന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ്മ നേരിട്ട് തളിപ്പറമ്പ് സ്റ്റേഷനിലെത്തി ശ്രീകാന്തിനെ ചോദ്യം ചെയ്തു.
ശ്രീകാന്ത് പണം തട്ടിയെന്ന് പ്രാധമീക അന്വേഷണത്തിൽ മനസിലായതോടെ സസ്‌പെന്റ് ചെയ്ത് വിശദമായ അന്വേഷണം നടത്താൻ തളിപ്പറമ്പ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. മോഷണത്തിന് സിപിഒ ശ്രീകാന്തിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് സേനയ്ക്ക് നാണക്കേട് ആയതോടെ ഡിജിപി നേരിട്ട് എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശ്രീകാന്തിന്റെ പ്രവൃത്തി പൊതുജനങ്ങൾക്ക് പൊലീസിന് അവമതിപ്പും പൊലീസിന്റെ സൽപ്പേരിന് കളങ്കവും സൃഷ്ടിച്ചെന്നും പുറത്താക്കി കൊണ്ടുള്ള ഉത്തരവിൽ എസ്‌പി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ