ശ്രീനഗർ: ജമ്മു-കശ്മീരിൽ നഗരപ്രാന്തത്തിലുള്ള പരിംപോറയിൽ സൈന്യത്തിന്റെ ദ്രുത പ്രതികരണ ടീമിന് നേരേ ഭീകരാക്രമണം. രണ്ടു സൈനികർ വീരമൃത്യു വരിച്ചു. പരിംപോറയിലെ ഖുഷിപോറയിൽ തിരക്കേറിയ സ്ഥലത്ത് സൈന്യത്തിന്റെ പതിവ് പട്രോളിങ്ങിനിടെ വൈകുന്നേരമായിരുന്നു ആക്രമണം. വാനിലെത്തിയ മൂന്നോളം ഭീകരരാണ് തുരുതുരാ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തത്.

ഗുരുതര പരുക്കേറ്റ സൈനികരെ അടുത്തുള്ള ഷരീഫാബാദ് സൈനിക ക്യാമ്പിലേക്ക് എത്തിച്ചെങ്കിലും അവർ ജീവൻ വെടിയുകയായിരുന്നു. ആക്രമണം നടന്ന സ്ഥലമാകെ സുരക്ഷാസൈനികർ വളഞ്ഞിരിക്കുകയാണ്. ഭീകരരെ തിരഞ്ഞുപിടിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു. തിരക്കേറിയ സ്ഥലമായതുകൊണ്ട് തന്നെ സാധാരണക്കാർക്ക് പരിക്കേൽക്കാതിരിക്കാൻ സൈന്യം സംയമനം പാലിച്ചുവെന്ന് സൈനിക വക്താവ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാർഷികത്തിലാണ് കശ്മീരിൽ ആക്രമണം. കശ്മീർ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് ഭീകരാക്രണം.

ജയ്‌ഷെ ഭീകരരുടെ സ്വാധീനമുള്ള പ്രദേശമാണ് ആക്രമണമുണ്ടായ സ്ഥലം. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളും സംഭവശേഷം കാറിൽ രക്ഷപ്പെട്ടു. ഇവരിൽ രണ്ട് പേർ പാക്കിസ്ഥാനികളും ഒരു കാശ്മീർ സ്വദേശിയുമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.