ചേമഞ്ചരേി: വെള്ളം കുടിക്കാനെടുത്ത ഗ്‌ളാസ് വീണ് മുഖത്ത് മുറിവേറ്റത് ആ രണ്ടുവയസ്സുകാരന്റെ ജീവനെടുക്കുമെന്ന് ബന്ധുക്കൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഭവിച്ചത് അതാണ്. മുറിവ് തുന്നിക്കൂട്ടിയാൽ പാട് എക്കാലവും നിലനിൽക്കുമെന്ന് ആശുപത്രി അധികൃതർ ഭയപ്പെടുത്തിയതിനാൽ വീട്ടുകാർ പ്‌ളാസ്റ്റിക്ക് സർജറിക്ക് സമ്മതിക്കുകയായിരുന്നു. എന്നാൽ പിന്നീടവന്റെ ചേതനയറ്റ ശരീരമാണ് അവർ കാണുന്നത്. അനസ്‌തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചതോടെ സംഭവം വൻ വിവാദമാവുകയും ചെയ്തു.

കോഴിക്കോട് ചേമഞ്ചേരിക്കടുത്തെ പൂക്കാട് ബീച്ച് റോഡ് ഉണുത്താളി നാസറിന്റെ മകൻ ഷഹലാണ് വ്യാഴാഴ്ച രാത്രി 11ഓടെ മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കുട്ടിക്കു വീട്ടുകാർ ഭക്ഷണം നൽകുന്നതിനിടെ ചില്ല് ഗ്ലാസ് വീണുടഞ്ഞ് ഷഹലിന്റെ മുഖത്ത് മുറിവേൽക്കുകയായിരുന്നു. മുറിവേറ്റ ഷഹലിനെ ആദ്യം കൊയിലാണ്ടി മലബാർ ഹോസ്പിറ്റലിലാണ് എത്തിച്ചത്. ചെറിയ മുറിവായിരുന്നെങ്കിലും തുന്നിക്കെട്ടുന്നതിന് പകരം പ്‌ളാസ്റ്റിക് സർജറി നടത്തുകയാവും നല്ലതെന്ന് ആശുപത്രി അധികൃതർ നിർദേശിക്കയായിരുന്നു. തുടർന്ന് ഇവർ എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. വൈകീട്ട് അഞ്ചോടെ അനസ്‌തേഷ്യ കൊടുത്തു.

രണ്ടു മണിക്കൂറിനുശേഷം ഡോക്ടർമാർ വന്ന് മറ്റന്തെങ്കെിലും അസുഖമുണ്ടായിരുന്നോ എന്നും മാതാപിതാക്കൾക്കാർക്കെങ്കിലും ഹൃദ്രോഗമുണ്ടായിരുന്നോ എന്നും അന്വേഷിച്ചത്രെ. പിന്നീട് സ്ഥിതി വഷളായതായി അറിയിക്കുകയും മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു. സ്വന്തംനിലയിൽ മാറ്റാൻ രക്ഷിതാക്കൾ തയാറാകാത്തതിനെ തുടർന്ന് രാത്രി 11ഓടെ ആശുപത്രി അധികൃതർതന്നെ ആംബുലൻസിൽ മിംസിലേക്ക് കൊണ്ടുപോയി. 12 ഓടെ കുട്ടി മരിച്ചതായി മിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

ഇതോടെ ബന്ധുക്കൾ ബഹളം വച്ചതോടെ നടക്കാവ് പൊലീസ് ആശുപത്രിയിലത്തെി. എരഞ്ഞിപ്പാലം ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടതിനെതുടർന്ന് പൊലീസ് രണ്ടു ഡോക്ടർമാരെ വൈദ്യപരിശോധനക്ക് വിധേയരാക്കി. മൂന്നാമത്തെ ഡോക്ടറെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫാക്കിയതായി ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കാപ്പാട് മാക്കാം പള്ളി ഖബർസ്ഥാനിൽ മറവുചെയ്തു. സുലൈമത്താണ് ഷഹലിന്റെ മാതാവ്. സഹോദരൻ: ഷറാഫത്ത്.

അതേസമയം, മരണം അനസ്‌തേഷ്യ കൊടുക്കുമ്പോഴുണ്ടായ ഹൃദയാഘാതം മൂലമാണെന്ന് മലബാർ ഹോസ്പിറ്റൽ എം.ഡി ഡോ. പി.എ. ലളിത പറഞ്ഞു. മരുന്നുകളോടുള്ള അലർജിയാകുന്ന അനാസിലാറ്റിക് റിയാക്ഷൻ എന്ന അവസ്ഥയാണിതെന്നും ഡോക്ടർ പറഞ്ഞു. സാധാരണ കുട്ടികൾക്ക് നൽകുന്ന അളവിൽതന്നെയാണ് അനസ്‌തേഷ്യ നൽകിയതെന്നും ഡോ. പി.എ. ലളിത പറഞ്ഞു.

പക്ഷേ അത് ശരിയാണെങ്കിൽ തന്നെ തുന്നൽകൊണ്ട് മാറാവുന്ന മുറിവിന് എന്തിന് പ്‌ളാസ്റ്റിക്ക് സർജറി ചെയ്യിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. കുട്ടിക്ക് മരുന്നുകളോടുള്ള അലർജിയാണെങ്കിൽ അതിനുള്ള ടെസ്റ്റുകൾ നടത്തി കണ്ടത്തെുന്നതിന് മുമ്പ് എന്തുകൊണ്ട് അനസ്‌ത്യേഷ്യ കൊടുത്തു എന്ന ചോദ്യത്തിനും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയില്ല.

അതേസമയം കൂടുതൽ കാശ് അടിച്ചുമാറ്റുന്നതിനായി ആശുപത്രി അധികൃതർ ചെയ്ത അടവാണ് പ്‌ളാസ്റ്റിക്ക് സർജറിയെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. തുന്നിക്കെട്ടിയാലും കുട്ടിയുടെ മുഖത്ത് വടു നിലനിൽക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചാണ് അതിന് സമ്മതിപ്പിച്ചതെന്നും അവർ ആരോപിക്കുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മലബാർ ഹോസ്പിറ്റലിനെ കുറിച്ച് നേരത്തെയും ഇത്തരം പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഉന്നതങ്ങളിലെ സ്വാധീനം വച്ച് ആശുപത്രി അധികൃതർ അതെല്ലാം തേച്ച് മായ്ച്ച് കളയുകയായിരുന്നെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

മരണത്തിനിടയാക്കിയെന്നാരോപിച്ച ബന്ധുക്കൾ നൽകിയ പരാതി പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണത്തിൽ പിഴവ് കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരേ കേസെടുക്കുമെന്നും നടക്കാവ് പൊലീസ് അറിയിച്ചു.