ആലപ്പുഴ: പുതുവത്സരത്തിൽ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ മണ്ഡലത്തിലെത്തിയാൽ കീശയുടെ കനം നഷ്ടമാക്കാതെ ഉച്ചഭക്ഷണം കഴിക്കാം. ഊണ് ഇരുപതു രൂപയ്ക്കു ലഭിക്കും. സാമ്പാർ, തോരൻ, അച്ചാർ, മീൻകറി എന്നിവയാകും വിഭവങ്ങൾ. മണ്ഡലത്തിൽ ആരംഭിച്ച വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രീകൃത അടുക്കളകളിലൂടെ ചുരുങ്ങിയ ചെലവിൽ പൊതുജനങ്ങൾക്കു കൂടി ഊണ് ലഭ്യമാക്കാൻ ഒരുങ്ങുന്നതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. മംഗളത്തിലെ ഹരികൃഷ്ണനാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്..

കിടപ്പുരോഗികൾക്കും ആശ്രയമില്ലാത്തവർക്കുമാണ് വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിലൂടെ സൗജന്യമായി ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. സംസ്ഥാന സർക്കാർ തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളിൽ ആരംഭിക്കാൻ തീരുമാനിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് മന്ത്രി ഐസക്കിന്റെ ആലപ്പുഴ മണ്ഡലത്തിൽ ഭക്ഷണ വിതരണത്തിന് ഒരുങ്ങുന്നത്. ഒമ്പതുപാലിയറ്റീവ് കെയർ സൊെസെറ്റികളുടെ സഹകരണത്തോടെയാണിതു നടപ്പാക്കുക.

ജനുവരി ഒന്നു മുതൽ ദേശീയപാത 66ൽ പാതിരപ്പള്ളിയിലും ആലപ്പുഴ തണ്ണീർമുക്കം റോഡിൽ മണ്ണഞ്ചേരിയിലുമാകും ഔട്ട്ലെറ്റുകൾ തുറക്കുക. നാൽപതു രൂപയുടെ ഊണാണ് ഇവിടെ പകുതി വിലയ്ക്കു നൽകുകയെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഭക്ഷ്യ സിവിൽ സെപ്ലെസ് വകുപ്പിൽനിന്ന് പ്രത്യേക ഇളവിൽ അരി ഉൾപ്പടെയുള്ള ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഒപ്പം അഭ്യുദയകാംക്ഷികളുടേയും സന്നദ്ധസംഘടനകളുടേയും സഹായങ്ങളും സ്വീകരിക്കും.

ക്രമേണ കലവൂർ ഉൾപ്പടെയുള്ള രണ്ടു കേന്ദ്രങ്ങളിൽക്കൂടി ഔട്ട്ലെറ്റുകൾ തുറക്കും. ഭക്ഷണം കഴിക്കുന്നവരിൽ താൽപര്യമുള്ളവർക്ക് ഒരു കൂപ്പൺ വാങ്ങി കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കാം. ഇരുപതു രൂപ നൽകാനില്ലാത്തവർക്ക് ഈ കൂപ്പൺ നൽകി ഭക്ഷണം കഴിക്കാം.