- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ കാലത്ത് വെള്ളം സൂക്ഷിക്കുന്നത് അടക്കം ഡാമുകളുടെ പ്രവർത്തനം കൈകാര്യം ചെയ്തത് റൂൾ കർവ് ഡാം മാനേജ്മെന്റ് അടിസ്ഥാനമാക്കിയല്ല; വേണ്ടത്ര മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകിയില്ല; 2018 ലെ പ്രളയം മനുഷ്യ നിർമ്മിതമെന്ന് ഐഐഎസ്സി വിദഗ്ധസമിതി; സർക്കാർ പ്രതിരോധത്തിൽ
തിരുവനന്തപുരം: 2018-ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന് വ്യക്തമാക്കി വിദഗ്ധസമിതി റിപ്പോർട്ട്. ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ദ്ധർ അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ൽ ദുരിതത്തിലാഴ്‌ത്തിയ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനറിപ്പോർട്ടുള്ളത്.
പ്രളയബാധിത മേഖലകൾ സന്ദർശിച്ചും പരമാവധി രേഖകൾ സമാഹരിച്ചുമാണ് ഐഐഎസ്‌സിയുടെ വിദഗ്ധ സംഘം അക്കൗണ്ടന്റ് ജനറലിന് റിപ്പോർട്ട് നൽകിയത്. ഒരു വർഷത്തെ വിവിധ സമയങ്ങളിൽ ഡാമുകളിൽ എത്ര വെള്ളം സംഭരിക്കണം, എത്ര ശൂന്യമാക്കി സൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന റൂൾ കർവ് ഡാം മാനേജ്‌മെന്റിൽ വളരെ പ്രധാനമാണ്. 2018-ലെ പ്രളയകാലത്ത് റൂൾ കർവ് അടിസ്ഥാനമാക്കിയല്ല ഡാമുകളുടെ പ്രവർത്തനമോ, വെള്ളം സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളോ കൈകാര്യം ചെയ്തത്.
മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്‌ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്. ഇടുക്കി ഡാമിൽ പ്രളയകാലത്ത് ഇത് ഉപയോഗിച്ചിരുന്നില്ല. വെള്ളപ്പൊക്കത്തിന് മുന്നോടിയായി വേണ്ടത്ര മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെയാണ് 2018-ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ഐഐഎസ്സിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ഈ റിപ്പോർട്ട് രാഷ്ട്രീയായുധമാക്കി സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് യുഡിഎഫ്. അധികാരത്തിലെത്തിയാൽ വിദഗ്ധരുടെ അഭിപ്രായം തേടി, ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് 2018-ലെ പ്രളയത്തിന്റെ കെടുതികൾ വർദ്ധിപ്പിച്ചതെന്ന് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു. എന്നാൽ അണക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിലും പ്രളയം ഉണ്ടായെന്ന് ന്യായീകരിച്ച് ഇടത് സർക്കാർ ഈ ആക്ഷേപം തള്ളുകയായിരുന്നു. 433 ജീവനുകൾ പൊലിഞ്ഞ, 54 ലക്ഷം പേരെ നേരിട്ട് ബാധിച്ച 2018-ലെ പ്രളയം അങ്ങനെ 2021-ലെ തെരഞ്ഞെടുപ്പ് കാലത്തും വീണ്ടും സജീവ ചർച്ചയാവുകയാണ്.
1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്.
കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 14 പേരെ കാണാതായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തൽ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സം സംഭവിച്ചത്.
നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ 41 നദികൾക്കോ അതിലെ 54 ജലസംഭരണികൾക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാൻ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂർണമായി ജലത്തിനടിയിലാക്കിയത് എന്ന് ആരോപണം ഉയർന്നിരുന്നു.
പ്രളയം മനുഷ്യ നിർമ്മിതമാണെന്ന ശാസ്ത്രീയ കണ്ടെത്തൽ അതീവ ഗൗരവതരമെന്ന് യുഡിഎഫ് പറയുന്നു. പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ബംഗളൂര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലുകൾ നിർണായകമാണ്. 433 പേരുടെ മരണത്തിന് ഉത്തരം പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബാധ്യസ്ഥനാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ