ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുന്നതോടെ പ്രതിഷേധവും പ്രതിരോധവും ശക്തമാക്കി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുമെന്ന സൂചന പുറത്തുവന്നതോടെ ഇന്ന് കോൺഗ്രസ് പ്രതിഷേധവും ശക്തമാക്കി. അപ്രതീക്ഷിതമായി എഐസിസി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതോടെ ഈ പ്രതിഷേധം കൂടുതൽ ശക്തമായി.

എഐസിസി ആസ്ഥാനേത്തേക്ക് പൊലീസ് നടപടി ശക്തമാക്കിയതോടെ പ്രതിഷേധിച്ച് കോൺഗ്രസിന്റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസിന്റെ നേതാക്കളാണ് പ്രതിഷേധം തുടരുന്നത്. നേതാക്കളെയും ജനപ്രതിനിധികളെയും ഉൾപ്പടെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. അസാധാരണ സംഭവമാണ് അരങ്ങേറുന്നതെന്നും ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇതിലും വലിയ പ്രതിഷേധം കാണേണ്ടിവരുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇഡി ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിട്ടുണ്ട്.

ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എംപി പറഞ്ഞു.

പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകൾ കോൺഗ്രസുകാരെക്കൊണ്ട് നിറയും. എംപിയെന്ന പരിഗണന പോലും നൽകാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നത് ജെബി മേത്തർ എംപി വ്യക്തമാക്കി.

രാഹുലിന്റെ ചാരിറ്റി വാദം തള്ളി, മറുപടിയിൽ വ്യക്തത ഇല്ലെന്ന് ഇ ഡി

അതേസമയം രാഹുൽ ഗാന്ധിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തേക്കു നൽകുന്നസൂചനകൾ. അതേസമയം ഈ നിലയിലാണ് കാര്യങ്ങളെങ്കിൽ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. 'യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി' കമ്പനീസ് ആക്ടിലെ വകുപ്പ് 25 (ചാരിറ്റബിൾ ആക്ട്) അനുസരിച്ച് രൂപം നൽകിയതാണെന്ന് രാഹുൽഗാന്ധി ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടി നൽകിയത്. ലാഭം ഉണ്ടാക്കുക ലക്ഷ്യമല്ലെന്നും ഓഹരി ഉടമകൾക്കോ ഡയറക്ടർമാർക്കോ ലാഭവിഹിതം നൽകേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഈ വാദം ഇ ഡി ഉദ്യോഗസ്ഥർ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കി ഖണ്ഡിച്ചു.

അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ 800 കോടിയിലേറെ വിലവരുന്ന ആസ്തി ഗാന്ധി കുടുംബത്തിന്റെ മാത്രം ഉടമസ്ഥതയിലേക്കു മാറ്റിയതിന്റെ രേഖകളാണ് ഇ ഡി ഹാജരാക്കിയത്. നാഷനൽ ഹെറാൾഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും ഓഹരിയും രാഹുൽഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡിന്റെ പേരിലേക്കാണ് മാറ്റിയത്. ഇതുവഴി ഗാന്ധി കുടുംബത്തിന് 414 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായി. നാഷനൽ ഹെറാൾഡിന്റെ ആസ്തിയിൽ നിന്ന് വാടക അടക്കമുള്ള വരുമാനം ലഭിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

ചാരിറ്റബിൾ നിയമം അനുസരിച്ചാണ് കൈമാറ്റം നടന്നതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാൽ എന്ത് ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു. 2010 മുതൽ അത്തരം ഒരു പ്രവർത്തനവും യങ് ഇന്ത്യ നടത്തിയിട്ടില്ലെന്നും തെളിവുകൾ നിരത്തി അവർ ചൂണ്ടിക്കാട്ടി. കൂടാതെ വ്യാപാരപ്രവർത്തനങ്ങൾ നടത്തിയതിന്റെ രേഖകളും ഹാജരാക്കി. കൈമാറ്റത്തിലെ ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ആദായ നികുതി അപ്ലറ്റ് ട്രിബ്യൂണലിന്റെ ഉത്തരവും ഹാജരാക്കി. കൈമാറ്റം രഹസ്യമായും ദുരൂഹമായും നടന്നു എന്ന നിലപാടിലാണ് ഇഡി ഉദ്യോഗസ്ഥർ.

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് ഗാന്ധി കുടുംബം ഒരു ലക്ഷം രൂപ കമ്മീഷൻ നൽകിയതായും ഇഡി സൂചിപ്പിച്ചു. യംഗ് ഇന്ത്യ രൂപീകരിച്ച് ഒരുമാസം മാത്രമായിരിക്കെയാണ്, അഞ്ചു ലക്ഷം രൂപ മാത്രം മൂല്യമുള്ള കമ്പനിക്ക്, കൊൽക്കത്ത ആസ്ഥാനമായ ഡോടെക്സ് മെർക്കൻഡൈസ് ഒരു കോടി രൂപ വായ്പ അനുവദിച്ചത്. ഇത് നിഴൽ കമ്പനിയാണെന്നും, കള്ളപ്പണം വെളുപ്പിക്കൽ ഇടപാടാണ് നടന്നതെന്നുമാണ് ആരോപണം ഉയർന്നത്. ഇക്കാര്യത്തിലും തൃപ്തികരമായ വിശദീകരണം നൽകാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

പാർട്ടി മുഖപത്രമായിരുന്ന നാഷനൽ ഹെറാൾഡിന് 90 കോടി രൂപ കോൺഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാൽ, 2000 കോടി ആസ്തിയുള്ള ഹെറാൾഡിന്റെ സ്വത്തുക്കൾ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം. 2015 ൽ കേസ് ഇഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസർക്കാർ നീങ്ങുകയായിരുന്നു.