- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസ് ഒതുക്കാൻ 21 ലക്ഷം വാങ്ങിയത് കേരളാ പൊലീസിലെ ഏറ്റവും ഉയർന്ന കൈക്കൂലിയോ? എസ്‌ഐയും എഎസ്‌ഐയും സസ്പെന്റ് ചെയ്യപ്പെട്ട കൈക്കൂലി കേസ് രേഖകൾ പ്രകാരം ഏറ്റവും ഉയർന്നത്; ഗൂഢാലോചനയിൽ പങ്കാളികളായവരിൽ രാഷ്ട്രീയ നേതാക്കളും
കട്ടപ്പന: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ 21 ലക്ഷം രൂപ രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ്‌ഐയും എഎസ്‌ഐയും സസ്‌പെൻഷനിലായത് പൊലീസ് സേനയ്ക്ക് അപമാനമായതിനൊപ്പം ചരിത്രരേഖകളിലേയ്ക്കും. കേരള പൊലീസിൽ റെക്കോർഡ് ചെയ്യപ്പെട്ട കേസുകളിൽ ഏറ്റവും ഉയർന്ന തുക കൈക്കൂലി വാങ്ങിയതിന്റെ പേരിലാകും ഇടുക്കിയിലെ പൊലിസ് ജീവനക്കാരുടെ സസ്‌പെൻഷൻ ഇനി അറിയപ്
കട്ടപ്പന: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ 21 ലക്ഷം രൂപ രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ്‌ഐയും എഎസ്‌ഐയും സസ്‌പെൻഷനിലായത് പൊലീസ് സേനയ്ക്ക് അപമാനമായതിനൊപ്പം ചരിത്രരേഖകളിലേയ്ക്കും. കേരള പൊലീസിൽ റെക്കോർഡ് ചെയ്യപ്പെട്ട കേസുകളിൽ ഏറ്റവും ഉയർന്ന തുക കൈക്കൂലി വാങ്ങിയതിന്റെ പേരിലാകും ഇടുക്കിയിലെ പൊലിസ് ജീവനക്കാരുടെ സസ്‌പെൻഷൻ ഇനി അറിയപ്പെടുക.
പാറമട കേസുമായി ബന്ധപ്പെട്ട് എസ്‌പി രാഹുൽ എസ് നായർ 15 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന റെക്കോർഡാണ് പൊലീസ് സ്റ്റേഷൻതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവനക്കാർ വാങ്ങി കേരളത്തിൽ കുപ്രസിദ്ധരാകുന്നത്.
കാഞ്ചിയാർ സ്വദേശിനിയായ യുവതിയെ വാഗമണ്ണിൽവച്ചു പീഡിപ്പിച്ച കേസ് ഒത്തുതീർക്കാൻ കട്ടപ്പനയിലെ വ്യാപാരിയിൽനിന്നു പണം കൈപ്പറ്റിയ സംഭവത്തിൽ ഇടുക്കി കമ്പംമെട്ട് സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ എച്ച് സുരേഷ്‌കുമാർ, കട്ടപ്പന സ്റ്റേഷനിലെ എഎസ്‌ഐ എം കെ സദാശിവൻ എന്നിവരെയാണ് കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവ് സസ്‌പെൻഡ് ചെയ്തത്. കട്ടപ്പനയിലെ ഏലക്കാ വ്യാപാരിയുടെ മകൻ പീഡിപ്പിച്ചെന്ന പരാതി ഒതുക്കി തീർക്കാൻ കേരള കോൺഗ്രസിന്റെ കട്ടപ്പനയിലെ തൊഴിലാളി നേതാവുമൊത്ത് പ്രശ്‌നത്തിൽ ഇടപെട്ടാണ് ഇരുവരും പണം കൈപ്പറ്റിയത്. സസ്‌പെൻഷനിലായ പൊലിസുകാർ ഇരുവരും മുമ്പും നടപടികൾക്ക് വിധേയരായിട്ടുള്ളവരും ക്രിമിനലുകളായ പൊലിസ് എന്ന ആരോപണങ്ങൾ നേരിടുന്നവരുമാണ്.
കഴിഞ്ഞ മാർച്ചിലുണ്ടായ പീഡനക്കേസിലാണ് നടപടി. സദാനന്ദന്റെ അകന്ന ബന്ധുകൂടിയാണ് പരാതിക്കാരിയെന്നു പറയുന്നു. പീഡനക്കേസ് ഒതുക്കണമെങ്കിൽ ഐജി മുതൽ ഡിവൈഎസ് പി വരെയുള്ളവർക്ക് നൽകാൻ 21 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കിൽ കേസെടുത്ത് അറസ്റ്റുണ്ടാകുന്നതും മകന്റെ പടം പത്രത്തിൽ വരുന്നത് നാണക്കേടാകുമെന്നും വ്യാപാരിയെ പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് തുക കൈക്കലാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടി നൽകിയതായി പറയുന്ന പരാതി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. വണ്ടന്മേട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് സദാനന്ദനും സുരേഷും ചേർന്ന് പ്രശ്‌നത്തിൽ ഇടപെട്ടത്. കേരള കോൺഗ്രസിലെ മുസ്ലിം നേതാവും ഇവർക്കൊപ്പമുണ്ടായിരുന്നു.
തുടർന്ന് വ്യാപാരി ആറ് ലക്ഷം രൂപ പണമായും 15 ലക്ഷം രൂപയുടെ ചെക്കും ഇവർക്ക് നൽകി. അഞ്ച് ലക്ഷത്തിന്റെ മൂന്ന് ചെക്കുകളാണ് നൽകിയത്. ഇതിൽ രണ്ട് ചെക്കുകൾ പൊലിസുകാർ മാറിയെടുത്തു. മൂന്നാമത്തെ ചെക്ക് മടങ്ങി. ഭീഷണിയുമായി വീണ്ടും വ്യാപാരിയെ സമീപിച്ചതോടെ വ്യാപാരി, തനിക്ക് മൂന്ന് മാസത്തെ അവധി വേണമെന്ന് അപേക്ഷിച്ച് കട്ടപ്പന ഡിവൈഎസ്‌പിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താൻ പണം ആവശ്യപ്പെട്ടില്ലെന്നു പറഞ്ഞു ഡിവൈഎസ്‌പി വ്യാപാരിയെ മടക്കി അയച്ചു. തുടർന്നു സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി വി എൻ സജി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കൈക്കൂലി വാങ്ങിയതായി ബോധ്യപ്പെട്ടത്. ഒരു ലക്ഷം രൂപ യുവതിക്ക് നൽകി ബാക്കി തുക പങ്കിട്ടെടുക്കുകയായിരുന്നു. പൊലീസുകാരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിനൊപ്പം കേസിൽ തുടരന്വേഷം നടത്താനും നിർദ്ദേശമുണ്ട്.
വർഷങ്ങളായി പൊലീ്‌സ് ജോലിയും സമാന്തര തരികിട വ്യാപാര ഇടപാടുകളും നടത്തുന്നയാളാണ് സദാനന്ദൻ. പൊലീസുകാരനായിരിക്കെ വാച്ച് ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തി നാട്ടുകാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസിൽ എട്ട് വർഷം മുമ്പ് ഇയാൾ സസ്‌പെൻഷനിലായിരുന്നു. രണ്ട് വർഷത്തോളം സർവീസിനു പുറത്തുനിന്നശേഷമാണ് വീണ്ടും ജോലിയിൽ കയറിയത്. എങ്കിലും പൊലീസ് ജോലിയുടെ മറവിൽ നിരവധി പണമിടപാടപാടുകൾ നടത്തി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഇയാൾക്കെതിരെയുണ്ട്. അടുത്ത നാൾ വരെ ആംവെ നെറ്റ് വർക്കിൽ സജീവമായിരുന്നു. ഇപ്പോൾ എഎസ്‌ഐ ജോലിക്കൊപ്പം മറ്റൊരു നെറ്റ് വർക്ക് കണ്ണിയായി ഇയാളും ഭാര്യയും പ്രവർത്തിച്ചുവരികയാണ്.
നിരവധി തിരുത്തൽ നടപടികൾ ഇയാൾക്കെതിരെ പൊലീസ് മേധാവികൾ സ്വീകരിച്ചിരുന്നെങ്കിലും തന്റെ വഴിവിട്ട ശൈലി ഉപേക്ഷിക്കാൻ ഇയാൾ തയാറായിരുന്നില്ല. കുടുംബവഴക്കുകൾ പരാതിപ്പെടാനെത്തുന്ന സ്ത്രീകളെ നിർബന്ധിപ്പിച്ച് ഭർത്താവിനെതിരെ കേസെടുക്കുന്നത് (വകുപ്പ് 498 പ്രകാരം ഭർതൃപീഡനം) ഇയാൾ പതിവാക്കിയിരുന്നത്രേ. ഇയാൾ ബന്ധപ്പെട്ട് ചാർജ് ചെയ്ത കേസുകളിൽ ഭൂരിപക്ഷവും ഇത്തരം കേസുകളാണെന്നു വകുപ്പ് മേധാവികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചില സ്ത്രീകളുമായി അടുപ്പമുണ്ടെന്ന ആരോപണത്തിൽ ഇയാളെ മുമ്പ് മേൽ ഉദ്യോഗസ്ഥർ താക്കീത് നൽകിയതായി പൊലിസുകാർ പറയുന്നു. നാല് വിരലുകളിലും സ്വർണ മോതിരം അണിഞ്ഞെത്തുന്ന സദാനന്ദൻ പുതിയ ആഡംബര കാർ ബുക്ക് ചെയത് കാത്തിരിക്കുകയാണെന്നു റിപ്പോർട്ടുണ്ട്.
സംഭവത്തിലുൾപ്പെട്ട അഡീഷണൽ എസ്‌ഐ സുരേഷ് മുമ്പ് കമ്പംമെട്ട് എസ് ഐയെ തല്ലിയതിന് സസ്‌പെൻഷനിലായിരുന്നു. ഹൈക്കോടതിയിൽ സമർപിക്കാൻ സ്റ്റേഷൻ രേഖകളില്ലാത്ത കാര്യത്തിന് വ്യാജരസീത് നൽകിയെന്ന പരാതിയും ഇയാൾക്കെതിരെ നിലനിൽപ്പുണ്ട്. പീഡനം നടന്നത് വാഗമണ്ണിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ആലോചനകളും ഇടപാടുകളും വണ്ടന്മേട് പൊലീസ് ക്വാർട്ടേഴ്‌സിലും കട്ടപ്പനയിലുമായാണ് ഉണ്ടായത്. സംഭവ സമയത്തെ വണ്ടന്മേട് എസ് ഐക്കെതിരെയും ആരോപണമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. വർഷങ്ങളായി കേരള കോൺഗ്രസ് പ്രാദേശിക നേതാവുൾപ്പെടുന്ന അച്ചുതണ്ട് കട്ടപ്പന സബ് ഡിവിഷൻ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ അനധികൃത ഇടപാടുകൾ നടത്തുന്നതായി ആരോപണമുണ്ട്.