തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ജലനിരപ്പുയർന്നതോടെ അണക്കെട്ടുകൾ തുറന്നു. മഴയുടെ സാഹചര്യത്തിൽ തുറന്നിരിക്കുന്നത് 25 അണക്കെട്ടുകളാണ്. പല ഡാമുകളിലും ഇന്നലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇടുക്കി ഉൾപ്പെടെ ചില ഡാമുകളിൽ നിന്നു കൂടുതൽ വെള്ളം പുറത്തേക്ക് വിടുകയാണ്. ആശങ്ക വേണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

കെഎസ്ഇബിയുടെ 17 ഡാമുകളിൽ 10 എണ്ണത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ 7 എണ്ണവും ഇടുക്കിയിലാണ്. ഷോളയാർ (തൃശൂർ), പെരിങ്ങൽകുത്ത് (തൃശൂർ) ഡാമുകളിൽ ബ്ലൂ അലർട്ടും കുറ്റ്യാടി(കോഴിക്കോട്), പമ്പ (പത്തനംതിട്ട) ഡാമുകളിൽ ഓറഞ്ച് അലർട്ടും മൂഴിയാറിൽ (പത്തനംതിട്ട) യെലോ അലർട്ടുമാണ്. ഇടുക്കിയിലെ ആനയിറങ്കൽ, കല്ലാർകുട്ടി ഡാമുകളിൽ മുന്നറിയിപ്പില്ല.

ജലസേചന വകുപ്പിൽ 3 ബാരേജുകളും ഒരു റഗുലേറ്ററും ഉൾപ്പെടെ 20 അണക്കെട്ടുകളാണുള്ളത്. ഇതിലൊന്നിലും റെഡ് അലർട്ടില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. അതേസമയം സംസ്ഥാനത്ത് ഈമാസം 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ- വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു- വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ - ഛത്തിസ്ഗർ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്രതീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല.