മലപ്പുറം: കേരളത്തിന്റെ വികസന ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചുവടുവെപ്പായിരുന്നു ജനകീയാസൂത്രണം. ജനകീയാസൂത്രണത്തിന് കാൽ നൂറ്റാണ്ട് പൂർത്തിയായിരിക്കുകയാണ് കേരളത്തിന്റെ സാമൂഹ്യവികസന ചരിത്രത്തിൽ നാഴികക്കല്ലായ ജനകീയാസൂത്രണം ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും ലക്ഷ്യമിട്ടുകൊണ്ട് 1996 ഓഗസ്റ്റ് 17ന് അഥവാ കൊല്ലവർഷം 1171 ചിങ്ങം 1ന് ആരംഭിച്ച ചരിത്രപ്രധാനമായ പരീക്ഷണമായിരുന്നു. ജനകീയാസൂത്രണം സംബന്ധിച്ച കാഴ്‌ച്ചപ്പാടും സമീപനവും രൂപീകരിക്കുന്നതിൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ, മന്ത്രി പാലൊളി മുഹമ്മദ് കുട്ടി എന്നിവർ നൽകിയ ധീരമായ നേതൃത്വം അവിസ്മരണീയമാണ്. 1996ൽ എൽഡിഎഫ് സർക്കാരിന്റെ പ്രധാന വികസന മുൻഗണനകളിൽ ഒന്നായിരുന്നു അധികാര വികേന്ദ്രീകരണം. ബജറ്റിന്റെ മൂന്നിൽ ഒരു ഭാഗം സമ്പൂർണ ആസൂത്രണാധികാരത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറാനുള്ള സർക്കാറിന്റ െതീരുമാനം ജനകീയാസൂത്രണത്തിന് തുടക്കമിട്ടു. പദ്ധതി രൂപീകരണവും നിർവഹണവും അതുവരെ ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിട്ടാണ് നിലനിന്നിരുന്നത്.

ഈ കാഴ്ചപ്പാടും രീതികളും ഏറെക്കുറെ ജനങ്ങളും അംഗീകരിച്ച മട്ടായിരുന്നു. ഈ ശീലങ്ങളെ പൊളിച്ചെഴുതുന്നതിന് ജനകീയാസൂത്രണത്തിനു കഴിഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ അനുഭവമായിരുന്നു ജനകീയാസൂത്രണം. മുഴുവൻ ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കിയ ജനകീയ ക്യാമ്പയിനിലൂടെയാണ് അതിന് തുടക്കം കുറിച്ചത്. രാജ്യം മുഴുവൻ പകർത്താനാഗ്രഹിക്കുന്ന ഒരു വികസന പന്ഥാവായി ജനകീയാസൂത്രണം അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2018ലാണ് കേന്ദ്രം ഈ മാതൃകയിൽ തദ്ദേശവികസന പ്ലാൻ തയ്യാറാക്കുന്നതിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചത്. അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്ന ശക്തമായ നിയമനിർമ്മാണങ്ങൾ നടത്താൻ ഭൂരിപക്ഷം സംസ്ഥാനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല. ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിലെ ചുമതലകൾ വിശദമായി മറ്റൊരു സംസ്ഥാനവും കേരളത്തെ പോലെ നിർവചിച്ചിട്ടുമില്ല. നവോത്ഥാനത്തിന്റെയും ഇടതുപക്ഷ ബദൽ വികസന മാതൃകയുടെയും തുടർച്ചയിലാണ് ജനകീയാസൂത്രണവും സാധ്യമായത്. ജനകീയാസൂത്രണത്തിന് കാൽ നൂറ്റാണ്ട് പൂർത്തിയായ ഈ ഘട്ടത്തിൽ ജനകീയാസൂത്രണം കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും പദ്ധതി നടപ്പിലാക്കിയതിനെ കുറിച്ചും അക്കാലത്ത് നേരിടേണ്ടി വന്നിരുന്ന എതിർപ്പുകളെ കുറിച്ചും മറുനാടൻ മലയാളിയുമായി സംസാരിക്കുകയാണ് അക്കാലത്ത് ജനകീയാസൂത്രണ പദ്ധതികളുടെ പ്രചാരകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനും നിലവിൽ ജനകീയാസൂത്രണത്തിന്റെ മലപ്പുറം ജില്ല കോർഡിനേറ്ററുമായ എ ശ്രിധരൻ

ജനകീയാസൂത്രണത്തിലെ പ്രധാന വഴിത്തിരിവുകൾ, പദ്ധതികൾ

പ്രാദേശിക ഭരണകൂടങ്ങൾക്ക് ആസൂത്രണ നിർവഹണ പ്രക്രിയയിൽ അധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ 73,74 വകുപ്പുകൾ അന്തസത്ത ഉൾക്കൊണ്ട് കൊണ്ടാണ് 9ാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തിൽ ജനകീയാസൂത്രണത്തിന് തുടക്കമാകുന്നത്. ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണമായിരുന്നു ലക്ഷ്യം. ഇകെ നായനാരും പാലൊളി മുഹമ്മദ് കുട്ടിയുമാണ് പദ്ധതി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതായിരുന്നു അത്. കേവലം ഫണ്ട് നൽകുക മാത്രമായിരുന്നില്ല, മറിച്ച് ജനജീവിതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അവിടുത്തെ ജീവനക്കാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികേന്ദ്രീകരിച്ച് നൽകുക കൂടിയായിരുന്ന ചെയ്തത്. ഭരണാനുമതി, സാങ്കേതികാനുമതി എന്നിവയ്ക് ജനകീയാസൂത്രണം വരുന്നതിനു മുമ്പ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുള്ള ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നിരുന്നു. അത്തരം അധികാരങ്ങളൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികേന്ദ്രീകരിച്ച് നൽകി. ഇതു വഴി വികസനപ്രവർത്തനങ്ങളിലെ കാലതാമസം ഒരു പരിധിവരെ ഒഴിവാക്കാനായി.

വികനപ്രക്രിയയെ കൂടുതൽ സുതാര്യമാക്കി. അതുവഴി എന്ത്, എവിടെ, ആര് നടത്തുന്നു എന്ന് ജനത്തിനിന്ന് തൊട്ടറിയാം എന്ന അവസ്ഥയുണ്ടായി. പദ്ധതി വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾക്ക് നൽകി ശക്തിപ്പെടുത്തുക എന്നത് ഇന്ത്യയിൽ കേരളത്തിൽ മാത്രം നടന്ന സവിശേഷതയാണ്. പൊതു മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പദ്ധതികൾ തയ്യാറാക്കാനും അവ നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. പൊതു വിഭാഗം, പട്ടികജാതി ജനങ്ങൾക്കായുള്ള പ്രത്യേക ഘടകപദ്ധതി, പട്ടികവർഗ്ഗ ജനങ്ങൾക്കായുള്ള പട്ടികവർഗ്ഗ ഉപപദ്ധതി എന്നിങ്ങിനെ മൂന്നായി തിരിച്ചാണ് പണം നൽകിയത്. പട്ടികജാതി പട്ടികവർഗ്ഗ ജനങ്ങൾക്കായി നാളിതുവരെ നടത്തിയ വികസന പദ്ധതികളൊന്നും അവരുടെ ഉന്നമനത്തിന് വേണ്ടും വിധം സഹായിച്ചില്ല എന്ന നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്തരത്തിൽ മൂന്നായി പണം നൽകിയിരുന്നത്. പ്രത്യേകം പറഞ്ഞില്ലെങ്കിൽ പൊതു പദ്ധതിയിൽ ഇവർക്ക് പരിഗണന കിട്ടാതെ വരും എന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇവർക്ക് മാത്രമായി പ്രത്യേക വിഹിതം നൽകിയത്. ഇത് ഒരു കാരണവശാലും വകമാറ്റാൻ പാടില്ല എന്ന കർശന നിബന്ധനയും കൊണ്ടു വന്നു.

കൂടാതെ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളായ സ്ത്രീകൾ, വൃദ്ധർ, ഭിന്നശേഷിക്കാർ, സാന്ത്വന ചികിത്സ ആവശ്യമുള്ളവർ എന്നിവരെ പ്രത്യേകമായി കണ്ട് പദ്ധതി ഉണ്ടാക്കാൻ ശ്രദ്ധിച്ചു. പദ്ധതി വിഹിതത്തിന്റെ 5 മുതൽ 10 ശതമാനം വരെ തുക ഇതിനായി നീക്കിവച്ചു. നടപ്പു പദ്ധതിയായ 13ാം പദ്ധതിയിൽ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഊന്നൽ നൽകി. 10 ശതമാനം തുക ഇതിനു മാത്രമായി നീക്കി വച്ചു. വീടുകൾ, കടകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കാനും തരം തിരിച്ച് സൂക്ഷിച്ച് വച്ച് പുനഃചംക്രമണത്തിന് ഉപയോഗക്ഷമമാക്കാനുമൊക്കെ സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി നിലവിൽ വന്നു. ജൈവ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ സംസ്‌കരിച്ച് ജൈവവളം നിർമ്മിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

തൊഴിലുറപ്പ് പദ്ധതി പോലുള്ള കേന്ദ്ര സർക്കാരുടെ പദ്ധതികളും പ്രാദേശിക വികസന പദ്ധതിയുമായി സംയോജിപ്പിക്കാൻ ജനകീയാസൂത്രണത്തിനായി. തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, പി.എം.കെ.എസ്.വൈ, സ്വച്ഛ്ഭാരത് മിഷൻ, ആർ.ജി.എസ്.എ ഇവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. സ്ത്രീകളുടെ മുന്നേറ്റത്തിന് നാന്ദിയായ കുടുംബശ്രീയെയും പ്രാദേശിക പദ്ധതിയുമായി സംയോജിപ്പിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, ഗ്രാമ നഗരാസൂത്രണം എന്നീ വകുപ്പുകളെ സംയോജിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരികയും ചെയ്തു. പുതിയ സംവിധാനമായതിനാൽ തന്നെ അക്കാലത്ത് ജനകീയാസൂത്രണം എന്താണ് എന്ന് പഠിപ്പിക്കുക ഏറെ ക്ലേശകരമായിരുന്നു. എന്നാൽ കില എന്ന പരിശീലന കേന്ദ്രം ഈ പരിശീലനം മാതൃകാപരമായാണ് നിർവ്വഹിച്ചത്. ഇന്നുമിത് തുടരുകയാണ്. ഒരു പുതിയ സർക്കാർ ഉത്തരവു വന്നാൽ അതേക്കുറിച്ച് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഉടൻ തന്നെ വിളിച്ചു കൂട്ടി താഴെ തലം വരെ പരിശീലനം നൽകുക എന്ന ശ്രമകരമായ ജോലി നിർവ്വഹിക്കുന്നതിൽ കില സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത് എന്ന് പറയാതിരുന്നു കൂടാ. സ്ഥാപനവത്കരണവും വിവരസാങ്കേതിക വിദ്യയെ പ്രാദേശിക വികസനത്തിൽ കണ്ണിചേർക്കലുമെല്ലാം ജനകീയാസൂത്രണത്തിലെ പ്രധാന നാഴിക്കല്ലുകളായിരുന്നു.

ജനകീയാസൂത്രണം കേരളത്തിൽ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങ

കേരളമിപ്പോഴും തുടരുന്ന വികസനപ്രവർത്തനങ്ങളുടെയെല്ലാം അടിത്തറയെന്ന് പറയുന്നത് ജനകീയാസൂത്രണ പരിപാടികൾ തന്നെയാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കാർഷിക രംഗത്ത് വൻകുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. നെൽകൃഷിയിലും പച്ചക്കറി കൃഷിയിലുമെല്ലാം വലി ഉണർവ്വുണ്ടായി. അതിപ്പോഴും തുടരുന്നുണ്ട്. പാലിന്റെയും മുട്ടയുടെയും ഉൽപാദനത്തിൽ വലിയ വർദ്ധനവുണ്ടായി.കുടുംബശ്രീയുമായി സംയോജിപ്പിച്ച് നിരവധി സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ ഗ്രാമ ഗ്രാമാന്തരങ്ങളിൽ സജീവമായി നിലവിൽ വന്നു. ലക്ഷക്കണക്കണക്കിന് സ്ത്രീകൾക്കാണ് ഇതുവഴി ഉപജീവനത്തിലേക്ക് വഴി തുറന്നത്. മാലിന്യ സംസ്‌കരണരംഗത്തും വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. ഹരിത കർമ്മസേന എന്ന സംഘടനാസംവിധാനം വഴി സ്ഥിരം സംവിധാനമൊരുക്കി. പതിമൂന്നാം പദ്ധതിയുടെ സവിശേഷതയായ നാല് മിഷനുകളുടെയും അടിത്തറയെന്ന് പറയുന്നത് ജനകീയാസൂത്രണമാണ്.

കൃഷിക്കും കുടിവെള്ളത്തിനും ശുചിത്വത്തിനുമായി ഹരിതകേള മിഷൻ, ആരോഗ്യത്തിനായി ആർദ്രം, വിദ്യാഭ്യാസത്തിനായി സമഗ്ര വിദ്യാഭ്യാസ യജ്ഞം, വിടില്ലാത്ത എല്ലാവർക്കും വീട് നൽകുന്നതിനായി ലൈഫ് മിഷൻ. ഇവയെല്ലാം ജനകീയാസൂത്രണത്തിന്റെ അടിത്തറയിൽ കെട്ടിപ്പൊക്കിയ പദ്ധതികളാണ്. പതിമൂന്നാം പദ്ധതിയുടെ നാലാം വർഷത്തിലേക്ക് കടന്ന ഈ സമയത്തു തന്നെ ഈ നാലു മിഷനുകൾ വഴി കേരളമാകെ മാറ്റത്തിന്റെ പാതയിലേക്ക് മുന്നേറുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. നിരവധി കുടുംബങ്ങൾക്ക് ഇതിനോടകം ലൈഫ് മിഷൻ വഴി വീടുകളുണ്ടായി. പലതിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. അടുത്ത ഒരു വർഷത്തോടെ വീടില്ലാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ആശുപത്രികൾക്ക് കെട്ടിടം പണിതു. എല്ലാ തസ്തികകളിലേക്കും കൂടുതൽ ജീവനക്കാരെ നിയമിച്ചു. വാർഡ് തലത്തിൽ സബ്സെന്ററുകൾ സ്ഥാപിച്ചു. വിദ്യാഭ്യാസ മേഖലയിലാകട്ടെ സ്‌കൂളുകൾ ഹൈടെക്കായി. രക്ഷിതാക്കൾ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തങ്ങളുടെ കുട്ടികളെ സർക്കാർ വിദ്യാലങ്ങളിലേക്ക് മാറ്റി ചേർത്തു എന്നത് ഒരു ചെറിയ കാര്യമല്ല. ഭൗതിക സൗകര്യങ്ങൾക്ക് പുറമെ അക്കാദമിക രംഗവും മികവുറ്റതാക്കി. ഇത്തരത്തിൽ ഈ പദ്ധതികാലത്ത് കേരളത്തിൽ നടന്നിട്ടുള്ള പുരോഗമനപരമായ ഈ മാറ്റങ്ങൾക്കെല്ലാം കാരണമായിട്ടുള്ളത് ജനകീയാസൂത്രണം തന്നെയാണ്.

ജനകീയാസൂത്രണത്തെ തുടക്കം മുതലെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി

ഒരു തരത്തിലുള്ള എതിർപ്പം ഇല്ലാതെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് പറയാൻ കഴിയില്ല. ജനകീയാസൂത്രണത്തെ തുടക്കം മുതൽതന്നെ ദുർബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അധികാരം താഴേക്ക് നൽകുന്നതിൽ ചിലർക്കുള്ള ഇഷ്ടക്കേടുകളായിരുന്നു എതിർപ്പുകളിൽ പ്രധാനം. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ വികസന സംവിധാനം ജനകീയ കേന്ദ്രീകൃതമായതിലുള്ള എതിർപ്പുണ്ടായിരുന്നു. ചിലർ അധികാര കേന്ദ്രീകരണത്തിന്റെ വക്താക്കളായി രംഗത്ത് വന്നു. ഇവർക്ക് ചൂട്ടു പിടിക്കാൻ ചില മാധ്യമങ്ങളും. സാംസ്‌കാരിക രംഗത്തുള്ള ചില ബുദ്ധിജീവികളും കാര്യം എന്താണെന്നന് മനസ്സിലാക്കാതെ എതിർപ്പിൽ കക്ഷി ചേർന്നു.കേരള വികസനപദ്ധതി എന്ന പേരിൽ ജനകീയാസൂത്രണത്തിന്റെ ഉള്ളടക്കം തന്നെ ചോർത്തിക്കളയാൻ ശ്രമിച്ചു. ജനശ്രീയുടെ മറവിൽ കുടുംബശ്രീ സംഘങ്ങളെ ഭിന്നിപ്പിച്ചു. ആദ്യത്തെ സമ്പൂർണ പാർപ്പിടപദ്ധതിയായ ഇ എം എസ് ഭവനപദ്ധതി ദുർബലപ്പെടുത്താൻ ശ്രമിച്ചു.

പദ്ധതി ആസൂത്രണത്തിൽ ഉദ്യോഗസ്ഥ കേന്ദ്രീകരണം തിരിച്ചുകൊണ്ടുവരാനും ശ്രമങ്ങളുണ്ടായി. ജനങ്ങളുടെ വികസന കാഴ്ചപ്പാടും ജനകീയ സമ്മർദവുമാണ് ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കരുത്തുപകർന്നത്. പണവും അധികാരങ്ങളും ജീവനക്കാരെയും തങ്ങൾക്കും ലഭിച്ചു എന്ന യാഥാർത്ഥ്യം അപ്പോഴേക്കും എതിർപ്പുമായെത്തിയ പാർട്ടിയിലെ ജനപ്രതിനിധികൾക്കും ബോധ്യം വന്നിരുന്നു. അവർ പിന്നീട് കക്ഷി ഭേദമെന്യെ ജനകീയാസൂത്രണ പരിപാടികൾ വിജയിപ്പിക്കാനായി സജീവമായി പ്രവർത്തിക്കുകയും ചെയ്തു. കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ ഉൽപാദന മേഖലയ്ക് പ്രത്യേക ഊന്നൽ നൽകാൻ ഒമ്പതാം പദ്ധതിക്കാലത്ത് നിഷ്‌കർച്ചിരുന്നു. 40ശതമാനം തുകയെങ്കിലും ഈ മേഖലക്കായി നീക്കിവയ്ക്കണമെന്ന നിബന്ധന തുടർന്ന് വന്ന സർക്കാർ എടുത്തു കളഞ്ഞു. ഒമ്പതാം പദ്ധതിക്കാലത്ത് പഞ്ചായത്ത്, നഗരസഭ, ഗ്രാമവികസനം എന്നിവക്ക് സമഗ്രത ഉറപ്പു വരുത്താനായി ഒരു മന്ത്രിയാണ് ഉണ്ടയിരുന്നത്. ഇത് അധികാര വടം വലിയുടെ ഭാഗമായി മൂന്നാക്കി വെട്ടിമുറിച്ച് മൂന്ന് മന്ത്രിമാർക്ക് നൽകി. ഏകോപനവും സമഗ്രതയും തകർത്തു.

പാലൊളി മുഹമ്മദ് കുട്ടിയെ പരമാർശിക്കാതെ ജനകീയാസൂത്രണത്തിന്റെ ചരിത്രം പൂർത്തിയാകില്ല.

ഇതിന് തുടക്കമിട്ട മന്ത്രി എന്ന നിലയിൽ പാലോളി മുഹമ്മദ്കുട്ടിയെ പ്രത്യേകം പരാമർശിക്കാതിരിക്കാതിരിക്കാനാകില്ല. രാവും പകലും സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് ജനകീയാസൂത്രണത്തിന്റെ ദർശനവും സവിശേഷതകളും പദ്ധതി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രചരിപ്പിക്കാൻ അക്ഷീണമായി യജ്ഞിക്കുക തന്നെ ചെയ്തു അദ്ദേഹം. ഉദ്യോഗസ്ഥരെ കൂടെ നിർത്താനും ജനകീയ സമിതികൾക്ക് ഊർജ്ജവും ആത്മവിശ്വാസവും പകർന്നു നൽകിയതിൽ അദ്ദേഹത്തിന്റെ പങ്ക് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്നും ശ്രീധരൻ മലപ്പുറം മറുനാടൻ മലയാളിയോട് പറഞ്ഞു.