ലാഹോർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സന്ദേശങ്ങൾ പാക്കിസ്ഥാൻ ഉൾക്കൊണ്ടു. ഭീകരവാദ രാജ്യങ്ങളുമായി സഹകരണമില്ലെന്ന് അമേരിക്കൻ പ്രിഡന്റിന്റെ നിലപാട് പാക്കിസ്ഥാനേയും സ്വാധീനിക്കുന്നു.

മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌കറെ തോയിബ നേതാവുമായ ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കി. ആറു മാസത്തേക്കാണ് സയീദിനെ തടവിലാക്കിയത്. സയീദ് നേതൃത്വം നൽകുന്ന ജമാഅത്തുദ്ദവയെ നിരോധിച്ചേക്കുമെന്ന് അവരുടെ വക്താവ് പറഞ്ഞു. പാക്കിസ്ഥാൻ പഞ്ചാബ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശാനുസരണമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ലാഹോറിലെ ചൗബുജി മേഖലയിലെ ജാമിയ അൽ ക്വാസിയയിലാണ് സയീദിനെ തടവിലാക്കിയിരിക്കുന്നതെന്നാണ് വിവരം. ഇവിടെനിന്നും ഇയാളെ ഫൈസൽ ടൗണിലുള്ള വീട്ടിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരവാദത്തിനെതിരെ നിലപാടെടുക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ സമ്മർദത്തിന്റെ ഫലമായാണ് നടപടി.

ജമാഅത്തുദ്ദവയ്ക്കും സയീദിനുമെതിരായി നടപടിയെടുത്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് അറിയിച്ചിരുന്നു. അതേസമയം, സയീദിനെ വീട്ടുതടങ്കലിലാക്കിയതിനു പിന്നിൽ ഇന്ത്യയാണെന്ന് ജമാഅത്തുദ്ദവ ആരോപിച്ചു. ഈവർഷം കശ്മീരികൾക്കുള്ളതാണെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

സയീദിനെ അറസ്റ്റു ചെയ്താൽ കശ്മീരിൽനിന്ന് ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിനു വേണ്ടി ശബ്ദിക്കുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. 2014ലാണ് ജമാഅത്തുദ്ദവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്.