ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂര പീഡനം. ഗുഡ്ഗാവിൽനിന്നു തട്ടിയെടുത്ത 26കാരിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ മൂന്നംഗ സംഘം അതിക്രൂര പീഡനത്തിന് ഇരയാക്കിയശേഷം ഡൽഹിയിൽ ഉപേക്ഷിച്ചു. ഗുഡ്ഗാവിലെ സുഖ്‌റാലിയിൽ പേയിങ് ഗെസ്റ്റ് ആയി താമസിച്ചിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്.

ഗുഡ്ഗാവിൽ നിന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയ ശേഷം മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിൽ മൊഴി നൽകി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതി തന്റെ പുരുഷ സുഹൃത്തിനൊപ്പം ഡൽഹിയിലെ കോണാട്ട് പ്ലേസിൽ സിനിമയ്ക്കു പോയശേഷം രാത്രി രണ്ടു മണിയോടെ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.

പുരുഷ സുഹൃത്തു പോയശേഷം മുറിയിലേക്കു പോകുമ്പോൾ മൂന്നു പേർ യുവതിയെ സ്വിഫ്റ്റ് ഡിസൈർ കാറിലേക്കു വലിച്ചുകയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറിൽ ബലാത്സംഗത്തിന് ഇരയാക്കിയശേഷം ഡൽഹിയിലെ വിജനപ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഒരു ബൈക്ക് യാത്രികനാണ് യുവതിയെ പൊലീസ് സ്റ്റേഷനിലെത്താൻ സഹായിച്ചത്.

സംഭവത്തിൽ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും അടക്കം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമികളായ മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏതാനും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.