കവൻട്രി: ഒരേ പ്രസവത്തിൽ പിറന്ന നാലു കൺമണികൾ വളർന്നു വലുതായപ്പോൾ മൂന്നു പേരും ജീവിതത്തിൽ അമ്മയെ പിന്തുടർന്ന് നേഴ്‌സുമാരാകാൻ തീരുമാനിച്ചത് ആഘോഷമാക്കുകയാണ് സഫോൾക് യൂണിവേഴ്സിറ്റിയും ബ്രിട്ടനിലെ മാധ്യമങ്ങളും . ഇപ്സ്വിച്ചിലെ വൂഡ്ബ്രിജിൽ താമസിക്കുന്ന ഷിബുവിന്റെയും ജോബിയുടെയും മക്കൾ നേഴ്‌സുമാരാകാൻ തീരുമാനിച്ചത് കടുത്ത നേഴ്സിങ് ക്ഷാമം നേരിടുന്ന എൻ എച് എസ , പുതുതലമുറയ്ക്ക് ആവേശമാകാൻ പ്രചാരണത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചതോടെയാണ് ഈ വാർത്ത നാടെങ്ങും പാട്ടായത് . തങ്ങളുടെ ചരിത്രത്തിൽ തന്നെ അപൂർവമായി കിട്ടിയ ഈ വിദ്യാർത്ഥികളുടെ ചരിത്രം സഫോൾക് യൂണിവേഴ്സ്റ്റിറ്റി വഴിയാണ് മാധ്യമങ്ങളും അറിഞ്ഞത് . അതിലേറെ രസകരം, കഴിഞ്ഞ പന്ത്രണ്ടു വര്ഷം ഈ പെൺകുട്ടികൾ ഒരേ മനസോടെ ഇപ്സ്വിച്ചിൽ കഴിഞ്ഞിട്ടും അടുത്ത കുടുംബ സുഹൃത്തുക്കൾ അല്ലാതെ മലയാളികൾ പോലും ഇവർ നാല് പേരും ഒറ്റ പ്രസവത്തിൽ ഉണ്ടായ സഹോദരങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം .

ജനനം മുതൽ വേര്പിരിയാതിരുന്ന സഹോദരങ്ങൾ അടുത്ത ശനിയാഴ്ച ജീവിതത്തിൽ ആദ്യമായി വേർപിരിയുന്ന സങ്കടമാണ് ഇപ്പോൾ വീട്ടിലെന്നു ഇവരുടെ 'അമ്മ ജോബി ഷിബു പറയുന്നു . സഹോദരങ്ങളിൽ മൂന്നു പേർ തിങ്കളഴ്ച മുതൽ സഫോൾക് യൂണിവേഴ്‌സിറ്റിയിൽ നേഴ്‌സിങ്ങിന് ചേരുമ്പോൾ ഇളയവൾ അനീഷ ഇ ശനിയാഴ്ച നോർവിച്ചിലേക്കു താമസം മാറ്റുകയാണ് , ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിൽ ഫിസിയോ തെറാപ്പി കോഴ്ഴ്സിന് ചേരുവാൻ .

മറ്റുള്ളവർ നേഴ്‌സിങ്ങിന് ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ മെഡിക്കൽ ഫീൽഡിൽ എന്തെങ്കിലും വത്യസ്തമായി ചെയ്താലോ എന്ന ചിന്തയാണ് അനീഷയെ ഫിസിയോതെറാപ്പിയിൽ എത്തിച്ചത് . എന്തായാലും മക്കൾ നാലുപേരും മെഡിക്കൽ ഫീൽഡിൽ തന്നെ എത്തിയല്ലോ എന്ന സന്തോഷവും മാതാപിതാക്കൾ പങ്കിടുന്നു . ആന്‌ജെൽ , അനീറ്റ , അലീന , അനീഷ എന്നീ നാലു സഹോദരങ്ങളിൽ മൂന്നു പേർക്കും നേഴ്സിംഗിൽ അമ്മയുടെ കാലടി പിന്തുടരാൻ ഉള്ള മോഹമാണ് ഇവരെ വീടിനു അടുത്തുള്ള സഫോൾക് യൂണിവേഴ്സിറ്റിയിൽ എത്തിച്ചത് .

ജനനം മുതൽ ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാധ്യമങ്ങളുടെ കണ്ണ് ഉണ്ടായി എന്നതാണ് അതിലേറെ രസകരം . പതിനെട്ടു വര്ഷം മുൻപ് കേരളത്തിൽ അപൂർവമായി പിറന്ന ടെട്രാ ട്രിപ്ളേറ്റ് സഹോദരങ്ങൾ ആദ്യമായി സ്‌കൂളിൽ പോയതും മറ്റും മാധ്യമ വാർത്തയിൽ നിറഞ്ഞിരുന്നു . ആറു വയസിൽ രണ്ടാം ക്ളാസിൽ ചേരുന്നതിനാണ് നാല് പേരും യുകെയിൽ മാതാപിതാക്കളോടൊപ്പം കൂടിയത് . കായംകുളം ചങ്ങാകുളങ്ങര ആശുപത്രിയിൽ 2000 ഏപ്രിൽ പതിനൊന്നിന് പിറന്ന കൺമണികൾ നാല് പേരും യൂണിവേഴ്‌സിറ്റിയിൽ എത്തി എന്നത് പോലും ഉൾക്കൊള്ളാൻ മാതാപിതാക്കളക്കായിട്ടില്ല .നാലുപേരെ ഒന്നിച്ചു വളർത്തി എടുത്തതിന്റെ പ്രയാസമോ ബുദ്ധിമുട്ടോ ഒന്നും ഇപ്പോൾ തോന്നുന്നുമില്ല . എല്ലാം ഇന്നലെ എന്ന പോലെയാണ് മനസ്സിൽ തോന്നുന്നത് എന്നും ഇവരുടെ 'അമ്മ ജോബി ഷിബു പറയുന്നു . ഇപ്സ്വിച് ആശുപത്രിയിൽ നേഴ്‌സാണ് ജോബി ജോലി ചെയ്യുന്നത് . ഇവിടെയുള്ള കോളേജിൽ ജീവനക്കാരനാണു ഇവരുടെ പിതാവ് ഷിബു .

മൂന്നു പേരും ഒന്നിച്ചു നേഴ്‌സിങ്ങിന് പോയതൊന്നും വാർത്ത പ്രാധാന്യം ഉള്ള കാര്യമായി ഇവർക്കൊട്ടു തോന്നിയതുമില്ല . യൂണിവേഴ്സ്റ്റിറ്റി പുറത്തു വിട്ട പത്രകുറിപ്പിലാണ് സംഭവം പുറം ലോകത്തു എത്തുന്നത് . സംഗതി കയ്യോടെ മാധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തു . നാല് പേരും ഒന്നിച്ചുണ്ടു , ഒന്നിച്ചുറങ്ങി വളർന്ന വീട്ടിൽ പെട്ടെന്ന് ഒരാളുടെ കുറവ് മാത്രമാണ് ഇപ്പോൾ ചെറിയൊരു സങ്കടമായി കൂടെയുള്ളത് . പഠനത്തിൽ നാലുപേരും എല്ലാ ക്ലസ്സിലും ഒരേ നിലവാരത്തിലാണ് മുന്നേറിയത് . ഒരു കിടക്കയിൽ ഈരണ്ടു പേർ വീതം മാറിമാറി ഉറങ്ങിയിരുന്ന സഹോദരിമാർ നാല് പേരെയും എല്ലായ്‌പ്പോഴും ഒന്നിച്ചേ കാണാൻ കഴിയുമായിരുന്നുള്ളൂ എന്നും കുടുംബ സുഹൃത്തുക്കൾ പറയുന്നു .

ഇപ്സ്വിച് തോമസ് മിൽ ഹൈ സ്‌കൂളിൽ നിന്നാണ് ഇവർ ഈ വര്ഷം എ ലെവൽ പൂർത്തിയാക്കിയത് . ജി സി എസ ഇ ക്കും എ ലെവലിനും മികച്ച മാർക്ക് ഉണ്ടായിട്ടും നേഴ്സിങ് എന്ന ഇഷ്ട്ട ജോലി തിരഞ്ഞെടുക്കാൻ ആയിരുന്നു മൂന്നു പേരുടെയും മോഹം . തങ്ങളുടെ വീട്ടിൽ അന്നം എത്തുന്നത് നേഴ്സിങ് വഴിയായതിനാൽ തങ്ങളുടെ വഴിയും അതാകുന്നതാണ് നല്ലതെന്നു നേരത്തെ തീരുമാനിച്ചിരുന്നതായി മൂവരും പറയുന്നു .പഠനത്തിന്റെ ഭാഗമായി ഫാർമസിയിൽ വളണ്ടിയർ ജോലിക്കു എത്തിയതാണ് അനീഷയെ ഫിസിയോതെറാപ്പിയിൽ എത്തിക്കാൻ പ്രധാന കാരണമായത് . മറ്റുള്ളവർ നേഴ്സിങ് ഹോമുകളിലാണ് വളണ്ടിയർ ജോലി ചെയ്യാൻ തിരഞ്ഞെടുത്തതും .

മാത്രമല്ല , 'അമ്മ പഠിച്ച യൂണിവേഴ്‌സിറ്റിയിൽ നിന്ന് തന്നെ ബിരുദം എടുക്കാൻ സാധിക്കുന്നതും ഇവർക്ക് ആവേശമായി . മസ്‌കറ്റിൽ നിന്നും ഇപ്സ്വിച്ചിൽ എത്തിയ ജോബി മക്കളുടെ പ്രസവശേഷമാണ് സഫോൾക് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് നേഴ്സിങ് ബിരുദം പൂർത്തിയാക്കിയത് . വക്തിപരമായതും പ്രൊഫഷണലായും ഉയരങ്ങൾ താണ്ടാൻ നേഴ്സിംഗിൽ ഏറെ അവസരം ഉണ്ടെന്നതും മൂവർക്കും ഈ മേഖല തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമാണ് . ഇതോടെ ബ്രിട്ടീഷുകാർക്ക് മാത്രമല്ല , മലയാളി സമൂഹത്തിലും ചെറുപ്പക്കാർക്ക് മാതൃകയും ആവേശവും ആകാൻ ഈ സഹോദരങ്ങൾ വഴി ഒരുക്കുകയാണ് . ഇത്തരം ഒരു സംഭവം സഫോൾക് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമാണെന്നും ഡീൻ ഓഫ് ഹെൽത്ത് സയൻസ് പോൾ ഡ്രിസ്‌കോൾ ഇവാൻസ് വക്തമാക്കി .