കാസർഗോഡ്: പെരിയക്കടുത്ത ആയംപാറ ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ (60) യെ കയ്യും കാലും കെട്ടി ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. പെരിയ പട്ള സ്വദേശികളെയാണ് ഹോസ്ദുർഗ്ഗ് ഡി.വൈ. എസ്. പി. കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതി വിദഗ്ദ്ധമായി പിടികൂടിയത്. പ്രതികളെ കാസർഗോട്ടെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്ത് വരികയാണ്. ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ , ഡി.വൈ. എസ്. പി. കെ. ദാമോദരൻ, സിഐ മാരായ വി.കെ. വിശ്വംഭരൻ, സി.കെ. സുനിൽ കുമാർ എന്നിവരാണ് ചോദ്യം ചെയ്യലിന് നേതൃത്വം വഹിക്കുന്നത്.

കൊല്ലപ്പെട്ട സുബൈദയുടെ നാട്ടുകാരനായ ഒരാളെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ള സ്വദേശിയായ ഒരു യുവാവിനെ പൊലീസ് പിടികൂടി. അയാളെ ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നാല് പേർ കൊലപാതകത്തിന് നേരിട്ട് ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. വെള്ള കാറിലായിരുന്നു കൊല നടത്തിയ ശേഷം സംഘം സ്ഥലം വിട്ടതെന്നാണ് വിവരം. രണ്ട് ദിവസം പൊലീസ് നീക്കങ്ങളെ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്. അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഇവർ സംശയത്തിന്റെ നിഴലിലായിരുന്നു. ഇവരുടെ നീക്കങ്ങൾ രഹസ്യമായി പൊലീസും നിരീക്ഷിച്ചിരുന്നു.

അതോടെയാണ് പട്ള സ്വദദേശിയായ ഒരാളിലേക്ക് പൊലീസ് തിരിഞ്ഞത്. മുഴുവൻ പ്രതികളേയും മണിക്കൂറുകൾക്കകം പിടികൂടിയ ശേഷം നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. പാക്കം സ്വദേശിയായ തമ്പായി എന്ന യുവതി 25 വർഷങ്ങൾക്ക് മുമ്പ് മതം മാറി സുബൈദ എന്ന പേര് സ്വീകരിച്ച് കഴിയുകയായിരുന്നു. ജനുവരി 18 നാണ് സുബൈദ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. സുബൈദയെ പുറത്ത് കാണാഞ്ഞ് അയൽവാസിയായ ഒരാൾ വീട്ടുമുറ്റത്ത് എത്തിയപ്പോൾ വാതിൽ പുറത്തു നിന്നു പൂട്ടിയ അവസ്ഥയിലായിരുന്നു. ഫോൺ ചെയ്തപ്പോൾ വീട്ടിനകത്തു നിന്നും റിങ് ചെയ്യുന്നതും കേട്ടു. അതോടെ നാട്ടുകാർ ബേക്കൽ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി പിൻവാതിൽ തകർത്ത് വീട്ടിൽ കയറുകയായിരുന്നു.

സുബൈദയുടെ കൈ കാലുകൾ കറുത്ത തുണികൊണ്ട് ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഈ വീട്ടിൽ നിന്നും ഒരു പുരുഷന്റെ അടിവസ്ത്രം ലഭിച്ചതും നാരങ്ങ വെള്ളം കുടിച്ച ഗ്ലാസ് കണ്ടെത്തിയതും അന്വേഷണം ആ നിലയിലേക്ക് എത്താൻ സഹായകമായി. സുബൈദയുടെ വീട്ടിൽ സൂക്ഷിച്ച ആറ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയിരുന്നു. അവർ കൊല്ലപ്പെടുന്ന സമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ മാത്രമാണ് കവർച്ച ചെയ്യപ്പെട്ടത്. നാരങ്ങ വെള്ളം കുടിച്ച ഗ്ലാസ് ഡി.എൻ.എ. പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്നുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. വയോധികരായ മൂന്ന് സ്ത്രീകളാണ് കാസർഗോഡ് ജില്ലയിൽ വീട്ടിനകത്തുകൊല്ലപ്പെട്ടതെങ്കിലും സുബൈദയുടെ കൊലപാതകത്തിൽ മാത്രമാണ് പ്രതികളെ കണ്ടെത്താനായത്.