ന്യൂഡൽഹി: നോട്ടുപിൻവലിക്കൽ തീരുമാനം മുമ്പു തന്നെ പലരും അറിഞ്ഞിരുന്നോ? ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടു കണക്കിലെടുക്കുമ്പോൾ അതിനുള്ള സാധ്യതകളാണു തെളിയുന്നത്. നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം ഞെട്ടിച്ചതു സാധാരണക്കാരെ മാത്രമാണെന്നു തെളിയിക്കുംവിധമാണു പുറത്തുവന്ന വാർത്ത. നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുമ്പുതന്നെ രാജ്യത്തെ വിവിധ ബാങ്കുകളിൽ ഉയർന്ന തുകയുടെ അസാധാരണമായ നിക്ഷേപമാണു നടന്നത്. 'ബിസിനസ് സ്റ്റാൻഡേർഡ്' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

നോട്ടുപിൻവലിക്കുന്നതിന് ഒന്നരമാസം മുമ്പ് സെപ്റ്റംബർ 16 മുതൽ 30 വരെയുള്ള 15 ദിവസങ്ങളിൽ 3.03 ലക്ഷം കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് രാജ്യത്തെ വിവിധ ബാങ്കുകളിൽ നടന്നത്. സെപ്റ്റംബർ 30ന് ശേഷം 1.2 ലക്ഷം കോടിയുടെ നിക്ഷേപവും നടന്നു. ഇത് ഒറ്റദിവസം നടന്ന നിക്ഷേപമാണെന്നും സൂചനയുണ്ട്. 2001 ജനുവരിക്ക് ശേഷം രണ്ടാഴ്ചക്കാലത്ത് ഇത്രയും തുക ഒന്നിച്ച് ബാങ്കിലെത്തുന്നത് ഇതാദ്യമാണ്.

നോട്ട് പിൻവലിക്കലിനെ തുടർന്ന് ബാങ്കുകളിലേയ്ക്ക് വരേണ്ടിയിരുന്ന തുക അതിന് മാസങ്ങൾക്കു മുമ്പ് തന്നെ നിക്ഷേപിക്കപ്പെട്ടോ എന്ന സംശയമാണ് ഉയരുന്നത്. കരുതൽ ധനാനുപാതം നൂറുശമാനമാക്കി ഉയർത്തിയ റിസർവ്വ് ബാങ്ക് തീരുമാനം നടപ്പിലാക്കിയ ദിവസമായിരുന്നു സെപ്റ്റംബർ 16. അന്ന് മുതലുള്ള 15 ദിവസങ്ങളിലാണ് നിക്ഷേപമുണ്ടായത്. ഇതാണ് അസാധാരണമായ നിക്ഷേപത്തിന് കാരണമായതെന്ന് റിസർവ്വ് ബാങ്ക് പറയുന്നു. ഈ വലിയ തുകയുടെ നിക്ഷേപത്തെക്കുറിച്ച് റിസർവ്വ് ബാങ്കിന് അറിവുണ്ടായിരുന്നു എന്നത് വ്യക്തമാണ്. വൻ തുകയുടെ അസാധാരണമായ ഈ നിക്ഷേപങ്ങൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വേണമെന്നാവശ്യപ്പെട്ട് ചില മാദ്ധ്യമങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തെയും റിസർവ്വ് ബാങ്കിനെയും സമീപിച്ചിരുന്നുവെങ്കിലും മൗനം പാലിക്കുകയാണ്.

നോട്ടുനിരോധനം മുമ്പു തന്നെ അധികാരത്തിലുള്ളവരുടെ വേണ്ടപ്പെട്ടവർക്കു ലഭിച്ചിരുന്നെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ചിരുന്ന സംഭാഷണം ലൈവ് എന്ന പേരിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു ദൂരദർശൻ ജീവനക്കാരൻ വെളിപ്പെടുത്തിയതും ഏറെ ചർച്ചയായിരുന്നു.