ബംഗളുരു: ലോകത്തിന്റെ ഏതു മൂലയിൽ പോയാലും മലയാളിയുണ്ടാകും. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ പോയാലും സകല തൊഴിലുകളിലുമേർപ്പെട്ട നിരവധി മലയാളികളുണ്ടാകും. ചിലയിടങ്ങളിൽ ലോകത്തുള്ള സർവ മലയാളികൾക്കും നാണക്കേടുണ്ടാക്കുന്നതും ചില മലയാളികൾതന്നെ. അതാണ് ബംഗളുരുവിലെ രണ്ടു കേസുകളിൽ കണ്ടത്.

എയറോബിക് ഡാൻസ് പഠിക്കാനെത്തിയ 23കാരിയെ പീഡിപ്പിച്ച ക്രിസ്റ്റി

ഇരുപത്തിമൂന്നു വയസുകാരിയായ നൃത്തവിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് ക്രിസ്റ്റി എന്ന ക്രിസ്റ്റഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവിൽ നൃത്തവിദ്യാലയം നടത്തുകയാണ് ക്രിസ്റ്റി. 2014-ൽ ഇവിടെ നൃത്തം പഠിക്കാനെത്തിയ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ക്രിസ്റ്റിയുടെ സ്ഥാപനത്തിനു പുറത്തുള്ള ബോർഡ് കണ്ടാണ് യുവതി ഇവിടെയെത്തിയത്. പഠനവും ആരംഭിച്ചു. ഇതിനിടയിൽ ഇരുവരും തമ്മിൽ അടുപ്പമായി. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് ക്രിസ്റ്റി യുവതിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

വർഷം മൂന്നു കഴിഞ്ഞപ്പോൾ ക്രിസ്റ്റി വാക്കു മാറ്റി. വിവാഹവാഗ്ദാനത്തിൽനിന്നു പിന്മാറി. ഇതോടെയാണു യുവതി പൊലീസിൽ പരാതി നൽകിയത്. തന്റെ ആവശ്യം നിരാകരിക്കുകയും അവഗണികക്കുകയും തുടങ്ങിയതോടെ പരാതിയിൽ നടപടി വേണമെന്നു കാട്ടി യുവതി വീണ്ടും പൊലീസിനെ സമീപിച്ചു. ഞായറാഴ്ചയാണ് ക്രിസ്റ്റിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളികൾ കൊള്ളയടിച്ചു പിടിയിലായതുകൊച്ചി, കണ്ണൂർ സ്വദേശികൾ

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പള്ളികളിൽ കൊള്ള നടത്തിയതിനാണ് കൊച്ചി, കണ്ണൂർ സ്വദേശികളായ രണ്ടുപേരും ഒരു തമിഴ്‌നാട്ടുകാരനും പിടിയിലായത്. ഇവരിൽനിന്നു നാൽപതു ലക്ഷം രൂപയും പിടിച്ചെടുത്തു. വിദേശകറൻസി അടക്കമുള്ളവയാണു പിടിച്ചെടുത്തത്.

കൊച്ചി സ്വദേശി സൂര്യ എന്ന അലക്‌സ് (29), കണ്ണൂർ സ്വദേശി സുജി എന്ന സുജോയ് (35) എന്നിവരാണ് പിടിയിലായത്. മധുര സ്വദേശഇ ജയപ്രകാശ് എന്ന ജെപിയാണു പിടിയിലായ തമിഴ്‌നാട്ടുകാരൻ. മൂവരും മുമ്പു ഭവനഭേദനക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയാണു പള്ളികളിൽ കവർച്ച നടത്തിയത്.