- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്; കൊല്ലത്ത് ഒരാൾ അറസ്റ്റിൽ; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളർത്തുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പൊലീസ് ജില്ലയിലാണ് -13 കേസുകൾ. തിരുവനന്തപുരം റൂറൽ - ഒന്ന്, കൊല്ലം സിറ്റി -ഒന്ന്, ആലപ്പുഴ -രണ്ട്, കോട്ടയം -ഒന്ന്, തൃശൂർ റൂറൽ -ഒന്ന്, പാലക്കാട് -നാല്, മലപ്പുറം -മൂന്ന്, കോഴിക്കോട് റൂറൽ - രണ്ട്, കാസർകോട് -രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ.
എറണാകുളം റൂറൽ ജില്ലയിൽ നോർത്ത് പരവൂർ, കോതമംഗലം, മുവാറ്റുപുഴ, ചോറ്റാനിക്കര, കല്ലൂർക്കാട്, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, എടത്തല, അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പെരൂമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലാണ് ഒരു കേസ് വീതം രജിസ്റ്റർ ചെയ്തത്. പാലക്കാട് കസബ, ടൗൺ സൗത്ത്, കൊപ്പം, ഒറ്റപ്പാലം സ്റ്റേഷനുകളിലും ഒരു കേസ് വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാമൂഹികവിദ്വേഷവും മതസ്പർദ്ധയും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങൾ നിരീക്ഷിക്കാനും അതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി
മറുനാടന് മലയാളി ബ്യൂറോ