കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചിലവന്നൂർ കായലിലെ കയ്യേറ്റങ്ങൾ വീണ്ടും വാർത്തയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ഡി.എൽ.എഫിനെ മാത്രമല്ല തീരദേശ പരിപാലന നിയമം ലംഘിച്ച എല്ലാ വൻകിട കയ്യേറ്റക്കാരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും ഒരുപോലെ സഹായിച്ചതോടെ അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചു നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധി നടപ്പായാൽ അത് ബാധിക്കുക ചിലവന്നൂർ കായർ കൈയേറി വീടും ഫ്‌ളാറ്റും നിർമ്മിച്ച പ്രമുഖരെയാണ്. എന്നാൽ ചിലവന്നൂർ തീരം കൈയേറിയത് എത്രപേർ ആണെന്ന ചോദ്യത്തിന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയിൽ നൽകിയ വിശദീകരണവും വിവാദങ്ങൾക്ക് ഇടയാക്കുന്നതാണ്. കായൽ കൈയേറ്റത്തെ കുറിച്ച് മന്ത്രി പറഞ്ഞ കണക്കുകളും രേഖകളിൽ വ്യക്തമാകുന്ന വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്.

2010 മുതൽ എപ്പോഴും വാർത്തകളിൽ നിറയുന്ന ചിലവന്നൂരിലേയും, കൊച്ചി കായലിലേയും നൂറ് കണക്കിന് കയ്യേറ്റങ്ങൾ ഉണ്ടെന്നിരിക്കെ വെറും 19 എണ്ണത്തിന് മാത്രം നോട്ടീസ് അയക്കാൻ 2014 ൽ എത്തിനിൽക്കുമ്പോഴും നമ്മുടെ മന്ത്രിയുടെ ഓഫീസിനായുള്ളൂ എന്നാണ് അലി നിയമസഭയിൽ വ്യക്തമാക്കിയത്. കൊച്ചിക്കായലിന്റെ തീരത്ത് യാതൊരു നിയമവും പാലിക്കാതെ കെട്ടി ഉയർത്തിയ നൂറിൽ പരം വലുതും ചെറുതുമായ കെട്ടിടങ്ങൾ ആണ് ഉള്ളതെന്ന് മറുനാടൻ മലയാളി മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരാണ് എന്നതാണ് ഹൈക്കോടതി വിധി നടപ്പാകുമോ എന്ന സംശയത്തിന് ഇടയാക്കുന്നത്.

ചിലവന്നൂർ കായൽ കൈയേറ്റക്കാരെന്ന് കൊച്ചി കോർപ്പറേഷൻ കൈയേറ്റക്കാരാണെന്ന് കണ്ടെത്തിയത് 33 പേരാണ്. 33 പേരുടെയും പട്ടിക മഞ്ഞളാംകുഴി അലിയുടെ അറിവിലേക്കായി ഈ കൈയേറ്റക്കാരുടെ പട്ടിക മറുനാടൻ മലയാളി പുറത്തു വിടുന്നു. വൻകിട ഫ്‌ളാറ്റ് നിർമ്മാതാക്കളായ ഗ്യാലക്‌സി ഡെവലപ്പേഴ്‌സ്, കയ്യേറ്റത്തിന്റെ പേരിൽ പ്രസിദ്ധി നേടിയ ഹീര കൺസ്ട്രക്ഷൻസ്, അമ്പാടി റിട്രീറ്റ്‌സ്, വില്ല നിർമ്മാണ കമ്പനി ജൂവൽ ഹോംസ്, പേൾ ഗാർഡൻസ്, അബാദ് ലോട്ടസ്, ബ്ലൂലഗൂൺ, റെയിൽ ട്രീ റിലീംസ് അങ്ങിനെ പോകുന്നു കയ്യേറ്റക്കാരുടെ നീണ്ട നിര.

മറുനാടൻ മലയാളി മുൻപ് പുറത്ത് വിട്ട കയ്യേറ്റക്കാരുടെ പട്ടികയിൽ ഇടം പിടിച്ചവരാണ് ഈ ലിസ്റ്റിലും ഭൂരിഭാഗവും. ഫ്‌ളാറ്റ് നിർമ്മാതാക്കളെ കൂടാതെ സമൂഹത്തിൽ ഉന്നത സ്ഥാനീയരായ എം. എ യൂസഫലിയും, മുൻ മന്ത്രി കരുണാകരന്റെ പുത്രി പത്മജ വേണുഗോപാലിന്റെ അമ്മായി അമ്മ കല്ല്യാണിക്കുട്ടി അമ്മയും കോർപ്പറേഷൻ പട്ടികയിൽ കയ്യേറ്റക്കാരാണ്. യൂസഫലിയുടെ ചിലവന്നൂരിലെ വലിയ ആഡംബര വീടാണ് കയ്യേറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത്. കായൽ, പാടം എന്നിവ നികത്തിയെന്നാണ് പത്മജയുടെ കുടുംബത്തിന് നേരെ ഉയർന്നിരിക്കുന്ന ആക്ഷേപം. ഇവർക്കു രണ്ടുപേർക്കും കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും പണി പൂർത്തീകരിച്ചു കഴിഞ്ഞു. പത്മശ്രീ എം.എ യൂസഫലി കൊച്ചിയിൽ എത്തിയാൽ താമസവും ഈ വീട്ടിൽ തന്നെയാണ്.

ഇത്രയും വലിയ കയ്യേറ്റക്കാരുടെ പട്ടിക ഉണ്ടെന്നിരിക്കെയാണ് മന്ത്രി കേവലം 19 കയ്യേറ്റത്തിന്റെ മാത്രം കണക്ക് പറഞ്ഞ് നിയമസഭയിൽ തടി തപ്പിയത്. വിവിധ ഘട്ടങ്ങളിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ അത് തൊണ്ട തൊടാതെ വിഴുങ്ങി. രണ്ട് ചോദ്യങ്ങളാണ് ഇവിടെ പ്രധാനമായും ഉയരുന്നത്. കയ്യേറ്റക്കാരുടെ കൃത്യമായ എണ്ണം മഞ്ഞളാംകുഴി അലി നിയമസഭയിൽ പറഞ്ഞില്ലെങ്കിൽ ഒന്നുകിൽ നീണ്ട പട്ടിക കോർപ്പറേഷനും, മരട് നഗരസഭയും നഗരകാര്യ വകുപ്പിന് അയച്ചിട്ടില്ല. അല്ലെങ്കിൽ കയ്യേറ്റക്കാരെ അറിഞ്ഞിട്ടും താൽപ്പര്യത്തിനനുസരിച്ച് മന്ത്രിയുടെ ഓഫീസ് വേർതിരിച്ചു.

രണ്ടായാലും കോർപ്പറേഷനും, മരട് നഗരസഭയും ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച് ഈ പട്ടികയിൽ ഉൾപ്പെട്ടവരും, അല്ലാത്തവരും സുഖമായി നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഡി.എൽ.എഫ് കേസിൽ യഥാവിധി നിയമം നടപ്പായാൽ ഇവരുടെയെല്ലാം ഗതി പൊളിക്കൽ മാത്രമാകുമെന്ന് നമുക്ക് നിസംശയം പറയാം. എന്നാൽ നിയമത്തിന്റെ നൂലാമാലയിലും, വ്യവഹാരത്തിന്റെ മെല്ലെപോക്കിന് പേര് കേട്ട നമ്മുടെ നാട്ടിൽ നിയമലംഘനത്തിന്റെ തൽസ്ഥിതി തുടരാനാണ് കൂടുതൽ സാധ്യത.