കൊച്ചി: സിനിമാക്കാർക്ക് നൽകാനായി 25 സിംകാർഡുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റിലേക്ക് റ്റിലേക്ക് ക്ഷണിക്കുകയും പിന്നീട് സ്ത്രീകൾക്കൊപ്പം നഗ്നചിത്രങ്ങളെടുത്ത് വിരട്ടി പത്തുലക്ഷം ചോദിക്കുകയും ചെയ്ത കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ നാലുപേർ പിടിയിലായി. കൊച്ചിയിലെ ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ മാനേജരായിരുന്ന കണ്ണൂർ സ്വദേശി അജിത്താണ് ബ്‌ളാക്‌മെയിലിംഗിന് ഇരയായത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.

മട്ടാഞ്ചേരി കരുവേലിപ്പടി ഷിബിലി (37), തോപ്പുംപടി രാമേശ്വരം പീടികപ്പറമ്പിൽ ഡാനി (31), ഉദയംപേരൂർ കൊച്ചുപ്പള്ളിയിൽ പുതുകുളങ്ങര ശരത് (22), തൃശൂർ ചെറവിൽപീടികയിൽ മുസ്തഫ (27) എന്നിവരെയാണ് സിറ്റി ടാസ്‌ക് ഫോഴ്‌സ് (സി.ടി.എഫ്) അറസ്റ്റു ചെയ്തത്. ഇവർ ഗുണ്ടാപ്രവർത്തനം നടത്തുന്നവരാണെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

മൊബൈൽ സിം കാർഡിന്റെ വിതരണമുള്ള അജിത്തിനോട്് സിനിമാക്കാർക്ക് നൽകാൻ 25 സിംകാർഡ് വേണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇതിനായി വൈറ്റിലയിലുള്ള ഫ്‌ളാറ്റിലേക്ക് അജിത്തിനെ വിളിച്ചുവരുത്തി. വന്നയുടൻ കുടിക്കാൻ ശീതളപാനീയം നൽകി. ഇതോടെ ബോധരഹിതനായ അജിത്ത് പിറ്റേദിവസം പുലർച്ചെ അഞ്ചു മണിക്കാണ് ഉണർന്നത്. ഈ സമയം ഷിബിലി, ഡാനി, ശരത്ത്, രണ്ടു സ്ത്രീകൾ എന്നിവർ അവിടെയുണ്ടായിരുന്നു. എല്ലാവരും ഉറക്കത്തിലായിരുന്നതിനാൽ പന്തികേട് മനസിലാക്കിയ അജിത്ത് രക്ഷപ്പെട്ടു. എന്നാൽ, പിറ്റേദിവസം ഓഫീസിന് മുന്നിലെത്തിയ ഷിബിലി അജിത്തിനെ ഫോൺ വിളിച്ച് പുറത്തേക്ക് വരാൻ നിർദ്ദേശിച്ചു. സ്ത്രീകൾക്കൊപ്പമുള്ള അജിത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു. 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്നും ഭാര്യയ്ക്ക് അയച്ചുനൽകുമെന്നും ഭീഷണിപ്പെടുത്തി. തുക ഉടനടി നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ അജിത്തിനെ ബലമായി കാറിൽ കയറ്റി മണിക്കൂറുകളോളം നഗരത്തിലൂടെ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. അജിത്തിന്റെ സുഹൃത്തുക്കളെ വിളിപ്പിച്ച് ഒരാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ എത്തിക്കാമെന്ന് സമ്മതിപ്പിച്ചു. തുടർന്നാണ് കാറിൽ നിന്നിറക്കി വിട്ടത്.

ഷിബിലിയുടെ ഭീഷണിപ്പെടുത്തൽ തുടർന്നു. പറഞ്ഞ സമയത്തിന് പണം നൽകാൻ കഴിയാതായതോടെ അജിത്ത് കുടുംബത്തോടെ ആത്മഹത്യയ്ക്ക് തീരുമാനിച്ചു. ഭാര്യ ഇക്കാര്യം അയൽക്കാരിയോട് പറഞ്ഞു. പറഞ്ഞു. ഇവർ റസിഡൻസ്് അസോസിയേഷൻ ഭാരവാഹിയായ തോമസിന് വിവരം നൽകിയതോടെയാണ് പൊലീസിന്റെ ഇടപെടൽ സാധ്യമായത്. തോമസ് ഷാഡോ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് നിർദ്ദേശപ്രകാരം ഒക്ടോബർ രണ്ടിന് പണം നൽകാമെന്നും വീട്ടിലേക്ക് വരണമെന്നും ഷിബിലിയെ അജിത്ത് അറിയിച്ചു. എന്നാൽ, പണം വാങ്ങാനായി എത്തിയത് ശരത്തായിരുന്നു. അജിത്തിന്റെ വീട്ടിലെ ലൈറ്റുകൾ മുഴുവൻ ഓഫാണെന്ന് ശരത് വിളിച്ചറിയിച്ചപ്പോൾ മടങ്ങാനായിരുന്നു ഷിബിലിയുടെ നിർദ്ദേശം. ഇതോടെ ആദ്യ തവണ പൊലീസിന്റെ നീക്കങ്ങൾ പരാജയപ്പെട്ടു.

സി.ടി.എഫ് രൂപീകൃതമായതോടെ അന്വേഷണം ഊർജ്ജിതമാക്കി. മൊബൈൽ ഫോൺ ഓഫാക്കിയ പ്രതികളെ കണ്ടെത്താനായില്ല. ഈ മാസം ആദ്യം അജിത്തിന്റെ വീട്ടിലെത്തിയ മുസ്തഫ പണം നൽകാൻ ഒരാഴ്ചകൂടി സമയം അനുവദിച്ചതായി അറിയിച്ചു. പണം നൽകാൻ സമ്മതിച്ചെങ്കിലും ഉറപ്പിനായി അജിത്തിന്റെ കാറിന്റെ ആർ.സി ബുക്ക് വാങ്ങി. വെള്ളിയാഴ്ച പണം നൽകാനായി എം.ജി റോഡിലെ എസ്.ബി.ഐയുടെ മുമ്പിലെത്താൻ അജിത്ത് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ഷിബിലിനെയും ഡാനിയെയും ബാങ്കിൽ കാത്തുനിന്ന സി.ടി.എഫ് പിടികൂടുകയായിരുന്നു. പണം കിട്ടിയതിനാൽ കൊടൈക്കനാലിലേക്ക് ടൂറു പോകാമെന്നും വൈറ്റില ഹബ്ബിലേക്ക് എത്തണമെന്നും ഷിബിലി ശരത്തിനെയും മുസതഫയെയും പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം അറിയിച്ചു. അങ്ങനെയാണ് സംഘാംഗങ്ങളെല്ലാം കുടുങ്ങിയത്. തടങ്കലിൽ പാർപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.