പന്തല്ലൂർ: ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാനുള്ള ശ്രമത്തിനിടയിൽ നഴ്‌സ് അടക്കം നാലു പേർ പൊലീസ് പിടിയിലായി. കുഞ്ഞിനെ വളർത്താൻ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി വിൽപ്പനയ്ക്ക് ശ്രമിച്ച നഴ്‌സിനെയും കൂട്ടരേയും ചൈൽഡ് ലൈൻ പ്രവർത്തകർ തന്ത്രപരമായി കുടുക്കുക ആയിരുന്നു.

കൊളപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ എലിസബത്ത് (48), ഗൂഡല്ലൂർ കോത്തർ വയൽ സ്വദേശിനി രേശ്മാഭാനു (35), ചേരങ്കോട് സ്വദേശി കതിരേശൻ (52), എരുമാട് സ്വദേശി രവിചന്ദ്രൻ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചേരങ്കോട് സ്വദേശികളായ സുരേഷ്‌കുമാർ, മഹേശ്വരി ദമ്പതികളുടെ കുഞ്ഞിനെയാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്. ഈ ദമ്പതികൾക്ക് മൂന്നാമത് ജനിച്ച പെൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. പ്രസവിച്ച് ഏഴ് ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ടാണെന്ന് മാതാവ് നഴ്‌സിനെ അറിയിച്ചതിനെ തുടർന്നാണ് വിൽപ്പനയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

അതേസമയം കുഞ്ഞിനെ വിൽക്കാൻ നഴ്‌സിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് വിവരം ലഭിച്ചു. ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഒരുക്കിയ കെണിയിൽ ഈ സംഘം വന്ന് വീഴുകയായിരുന്നു. ശിശു സംരക്ഷണ വിഭാഗം ഇൻസ്‌പെക്ടർ അക്‌ബർഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രേശ്മാഭാനുവുമയി ബന്ധപ്പെട്ട് കുട്ടിയെ അഞ്ച് ലക്ഷം രൂപക്ക് വാങ്ങാനെന്ന വ്യാജേന എലിസബത്തിന്റെ ചേരമ്പാടിയിലുള്ള വീട്ടിലെത്തി കച്ചവടം ഉറപ്പിക്കുകയായിരുന്നു.

നാടകീയമായ ശ്രമങ്ങൾക്കൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു.