അബുദാബി: അപ്രതീക്ഷിതമായി ലഭിച്ച വലിയ സമ്മാനത്തുകയിൽ മതി മറക്കുന്നില്ല കോഴിക്കോട് സ്വദേശി എൻവി അബ്ദു സലാം. പിന്നിട്ട വഴികളെയും സുഹൃത്തുക്കളെയും മറക്കുന്നില്ല. ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹമാണ് കോഴിക്കോട് സ്വദേശിയായ 28 വയസുകാരൻ അബ്ദുസലാമിനെ തേടിയെത്തിയത്.

പാവപ്പെട്ടവരെ സഹായിക്കാൻ സമൂഹവിവാഹങ്ങൾ സംഘടിപ്പിക്കുമെന്ന് 40 കോടിയോളം രൂപ ലോട്ടറി സമ്മാനം നേടിയ അബ്ദു സലാം പറയുന്നു. മാത്രമല്ല സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ഷോപ്പിങ് സെന്റർ നടത്തുകയാണ്. ഒന്നാം സമ്മാനം നേടിയ ജേതാവിനെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ബിഗ് ടിക്കറ്റെടുക്കുമ്പോൾ നൽകിയ ഒമാനിലെ ഫോൺ നമ്പറിനൊപ്പം അറിയാതെ ഇന്ത്യൻ ടെലിഫോൺ കോഡ് (+91) നൽകിയതാണ് വിനയായത്.

നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ ബിഗ് ടിക്കറ്റ് സംഘാടകർ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. രണ്ട് നമ്പറുകളിലൊന്നിൽ വിളിച്ചപ്പോൾ കോൾ കണക്ട് ചെയ്യാൻ സാധിക്കുന്നില്ലെന്ന സന്ദേശം മലയാളത്തിലാണ് ലഭിച്ചത്. ഇതോടെ വിജയി കേരളത്തിലാണെന്നായിരുന്നു ധാരണ. 40 കോടിയുടെ സമ്മാനം ലഭിച്ച വിവരം അബ്ദുസലാമിനെ അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ പൊതുസമൂഹത്തിന്റെ സഹായവും തേടിയിരുന്നു.

ഒരു സുഹൃത്താണ് അബ്ദുസലാമിനെ നറുക്കെടുപ്പിൽ വിജയിച്ച വിവരം അറിയിച്ചത്. ഇന്ത്യൻ ടെലഫോൺ കോഡാണ് ഫോൺ നമ്പറിനൊപ്പം നൽകിയതെന്ന് അദ്ദേഹം ഓർത്തിരുന്നില്ല. ആറ് വർഷമായി മസ്‌കത്തിൽ താമസിക്കുന്ന അബ്ദുസലാം 2020 ഡിസംബർ 29നാണ് ഓൺലൈൻ വഴി 323601 നമ്പറിലെ ടിക്കറ്റെടുത്തത്. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് ബിഗ് ടിക്കറ്റ് എടുക്കുന്നതെന്ന് അബ്ദുസലാം പറയുന്നു.

കുടുംബത്തോടൊപ്പം മസ്‌കത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം, കോവിഡ് ഭീതി പരന്നതോടെ ഗർഭിണിയായിരുന്ന ഭാര്യയെ നാട്ടിലേക്ക് അയക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതെന്ന് അബ്ദുസലാം പറഞ്ഞു. ഈ സന്തോഷത്തോടൊപ്പമാണ് ബിഗ് ടിക്കറ്റ് വിജയവുമെത്തുന്നത്.