ബംഗലൂരു: സാമ്പത്തിക തിരിമറി കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി സൗകര്യങ്ങൾ തന്നെയെന്നുറപ്പിച്ച് പൊലീസ് ഓഫീസർ ഡി രൂപയുടെ പുതിയ റിപ്പോർട്ട്. ശശികലയ്ക്ക് വേണ്ടി മാത്രം ജയിലിൽ അഞ്ച് സെല്ലുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകൾ മറ്റ് തടവുകാർക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും രൂപ വ്യക്തമാക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് രൂപ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

അഞ്ച് സെല്ലുകളുള്ള ഒരു ബ്ലോക്ക് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. ഇവിടെ മറ്റാർക്കും പ്രവേശനമില്ല. ശശികലയ്ക്ക് വേണ്ടി മാത്രം പ്രത്യേകം അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള കൗണ്ടറുകളിലൂടെയാണ് ശശികലയ്ക്ക് ഭക്ഷണം നൽകുന്നത്. അവർക്ക് കിടക്കാൻ പ്രത്യേക ബെഡ്ഡും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും ദീപ റിപ്പോർട്ട് ചെയ്യുന്നു. രണ്ടുകോടി രൂപ പ്രതിഫലം വാങ്ങിയാണ് ശശികലയ്ക്ക് ജയിലിൽ സുഖവാസം ഒരുക്കുന്നതെന്ന ആരോപണവും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

എന്നാൽ ദീപയുടെ റിപ്പോർട്ട് ജയിൽ ഡിജിപി എച്ച്എസ്എൻ റാവു നിഷേധിച്ചെങ്കിലും രൂപ സ്വന്തം നിലപാടിൽ നിന്നു പിന്നോട്ട് പോയില്ല. വിവാദമായ വെളിപ്പെടുത്തലുകൾ പുറത്തു വിട്ടതിനു പിന്നാലെ രൂപയെ സ്ഥലം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ട്രാഫിക് വിംഗിലേക്ക് ദീപയെ സ്ഥലം മാറ്റിയതായുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.

എന്നാൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സ്ഥലം മാറ്റുന്നത് ഭരണപരമായ കാര്യങ്ങളല്ലേയെന്നും എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തണോ എന്നും ചോദ്യങ്ങൾക്ക് സിദ്ധരാമയ്യ പ്രതികരിച്ചു. എന്നാൽ അത്തരത്തിലൊരു ഉത്തരവ് തനിക്കിതുവരെ ലഭിച്ചിട്ടില്ലെന്നും ഉത്തരവ് കൈയിൽ കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മാധ്യമപ്രവർത്തകർക്ക് രൂപയുടെ മറുപടി.

രൂപയുടെ വെളിപ്പെടുത്തലുകൾ സിദ്ധരാമയ്യയുടെ സർക്കാരിനേയും സമ്മർദ്ദത്തിലാഴ്‌ത്തിയിട്ടുണ്ട്. വിഷയം വലിയ വിവാദത്തിന് വഴി തുറന്ന സാഹചര്യത്തിൽ ശശികലയ്ക്ക് ജയിലിൽ ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ദീപയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉന്നതതല അന്വേഷണം നടത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചതിന്റെ പേരിൽ ദീപയ്ക്ക് സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് സൂചന. വിഷയത്തിൽ വിശദീകരണം നൽകാൻ സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം. രൂപയുടെ ഭാഗത്തു നിന്നുണ്ടായത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.