മലപ്പുറം: കരിപ്പൂരിൽ സ്വർണക്കടത്ത് മാഫിയയെ അനധികൃതമായി സ്വർണം കടത്താൻ സഹായിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായ പരാതിയെ തുടർന്ന് സിബിഐ നടത്തിയ റെയ്ഡിനെ തുടർന്ന് അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. മിന്നൽ റെയ്ഡിൽ കസ്റ്റംസ് ഹാളിൽ നിന്നും കണക്കിൽ പെടാത്ത 637 ഗ്രാം സ്വർണവും മൂന്നുലക്ഷം രൂപയും കണ്ടെത്തിയതിന് പുറമെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പണവും പിടികൂടി. 17,000, 13,000, 10,000 രൂപാ വീതമാണ് മൂന്നു ഉദ്യോഗസ്ഥരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്.

കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തുവരികയാണ്. ഇതിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കരിപ്പൂരിലുണ്ടായിരുന്ന മുൻ കസ്റ്റംസ് ഉദ്യോഗസ്ഥൻ കേന്ദ്ര അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതിനിടെ മാസങ്ങൾക്കുള്ളിൽ വിവിധ ഉദ്യോഗസ്ഥർ വ്യാപകമായി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി സിബിഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതെ തുടർന്നാണ് കുത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നു പുലർച്ചെ കൊച്ചിയിൽ നിന്നെത്തിയ സിബിഐ യുടെ നാലംഗ കോഴിക്കോട് നിന്നുള്ള ഡി.ആർ.ഐ സംഘത്തിന്റെസഹായത്തോടെ റെയ്ഡ് നടത്തിയത്.

പുലർച്ചെ എയർഅറേബ്യയുടെ ഷാർജ വിമാനം എത്തുമ്പോഴാണ് സംഘം കരിപ്പൂരിലെത്തിയത്. ഈ വിമാനത്തിൽ പരിശോധനകൾ കഴിഞ്ഞ് ഏതാനും യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ഇവരെ തിരികെ വിളിച്ച് പരിശോധിച്ചാണ് തിരിച്ചയച്ചത്. കരിപ്പൂരിൽ അടുത്തിടെ സ്വർണക്കടത്ത് വ്യാപകമാവുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളിൽ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടി നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്.

പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോൺ ഉൾപ്പെടെ സിബിഐ സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശി മുഹമ്മദ് നസീലിന്റെ ബാഗേജിൽനിന്നും ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു.