മലപ്പുറം: സംസ്ഥാനത്തെ 504 അനാഥാലയങ്ങൾ അടച്ചു പൂട്ടലിന്റെ വക്കിൽ. സ്ഥാപനം അടച്ചു പൂട്ടുകയാണെന്ന് കാണിച്ച് 504 അനാഥാലയങ്ങളും സാമൂഹിക നീതി വകുപ്പിന് കത്തു നൽകി. ബാലനീതി നിയമ (2015) പ്രകാരം രജിസ്റ്റ്രേഷൻ നിർബന്ധമാക്കിയതിനെ തുടർന്നുണ്ടായ പ്രായോഗിക പ്രയാസങ്ങളാണു അടച്ചു പൂട്ടാനുള്ള തീരുമാനത്തിന്റെ പിന്നിൽ.

ഇത്രയും അനാഥാലയങ്ങൾ ഒരുമിച്ച് അടച്ചു പൂട്ടിയാൽ 20,000ത്തോളം വരുന്ന കുട്ടികളുടെ ഭാവി തുലാസിലാകും. തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ കുട്ടികൾ. 65 സ്ഥാപനങ്ങൾ ഇതിനകം പൂട്ടി.

ഇവയിൽ 43 സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ പരീക്ഷ തീരുന്നതുവരെ മാർച്ച് അവസാനം വരെ താൽക്കാലികമായി പ്രവർത്തിക്കും. പൂട്ടിയ അനാഥാലയങ്ങളിലെ കുട്ടികളെ ബന്ധുക്കൾക്കൊപ്പമയച്ചു. ചില സ്ഥാപനങ്ങൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.

പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്നാണ് അനാഥാലയം ഉടമകൾ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ ഇത്രയും കുട്ടികളെ ഒരുമിച്ച് ഏറ്റെടുക്കാനുള്ള സംവിധാനം സർക്കാരിന് ഇല്ല. കഴിഞ്ഞ ഡിസംബർ 31നകം അനാഥാലയങ്ങൾ എല്ലാം ബാലനീതി പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു.

ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നതിലുള്ള പ്രായോഗിയ ബുദ്ധിമുട്ടുകളാണ് അനാഥാലയങ്ങൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിന് പിന്നിൽ. അനാഥാലയങ്ങൾ പൂട്ടുന്നത് ഒഴിവാക്കാനായില്ലെങ്കിൽ വലിയ സാമൂഹിക വിപത്തായിത്തീരുമെന്നാണ് ആശങ്ക.

ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും ബാലനീതി നിയമ പ്രകാരം റജിസറ്റർ ചെയ്യണമെന്നാണു വ്യവസ്ഥ. ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സ്ഥാപന നടത്തിപ്പിനു പല പ്രായോഗിക വിഷമങ്ങളുമുണ്ടാകുമെന്നാണ്, അടച്ചുപൂട്ടുകയാണെന്നു കാണിച്ചു നോട്ടിസ് നൽകിയ സ്ഥാപനങ്ങളുടെ വിലയിരുത്തൽ. ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത 1164 സ്ഥാപനങ്ങളുണ്ട്. ഇവയിലെല്ലാംകൂടി നാൽപതിനായിരത്തോളം കുട്ടികളുണ്ടെന്നാണു കണക്ക്.

ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 495 സ്ഥാപനങ്ങൾ മാത്രമാണു ബാലനീതി നിയമ പ്രകാരം രജിസ്റ്റ്രേഷന് അപേക്ഷിച്ചത്. 504 സ്ഥാപനങ്ങൾ പൂട്ടുകയാണെന്നു സർക്കാരിനെ അറിയിച്ചു.