കൊച്ചി: ശബരിമലയിലേക്ക് പോകാൻ സജ്ജരായി ആറ് യുവതികൾ കൊച്ചിയിൽ എത്തിയതായി വാർത്ത. മാതൃഭൂമി ന്യൂസ് ചാനലാണ് മലബാറിൽ നിന്നും ട്രെയിനിൽ എത്തിയ യുവതികൾ കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ തങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. ഇവർ, സന്നിധാനത്തേക്ക് എപ്പോൾ പോകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ഇക്കാര്യത്തിൽ പ്രതിഷേധം ഉറപ്പാണെന്നതിനാൽ പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു. അതേസമയം യുവതികൾ സന്നിധാനത്തേക്ക് എത്തിയാൽ അത് പ്രതിഷേധം ശക്തമാകാൻ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ കനത്ത ജാഗ്രതയാണ് പൊലീസും ഇവിടെ പുലർത്തുന്നത്.

വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരാണ് ഈ യുവതികളെന്നാണ് സൂചന. ഇവർ ഏതെങ്കിലും സംഘടനയിൽപ്പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിലയ്ക്കൽ വരെ എത്തിയാൽ ദർശനത്തിനുള്ള സഹായം പൊലീസ് നൽകുമെന്നാണ് വിവരം. നിലയ്ക്കൽ വരെ ഇവർ സ്വന്തം നിലയിൽ എത്തണമെന്നാണ് പൊലീസ് നിലപാട്. യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്ന ശേഷം ആറ് യുവതികൾ ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ കടുത്ത പ്രതിഷേധത്തെത്തുർന്ന് ഇവർക്കാർക്കും സന്നിധാനത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. മണ്ഡലകാലം തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ യുവതികളാരും ശബരിമല ദർശനത്തിനെത്തിയിരുന്നില്ല. എന്നാൽ ഓൺലൈൻ സംവിധാനം വഴി 900 ത്തോളം യുവതികൾ ദർശനത്തിന് അപേക്ഷ നൽകിയിരുന്നു.

ശബരിമലയിൽ ആർ എസ് എസുകാരായ പ്രതിഷേധക്കാരെ എത്തിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇത് തെറ്റിച്ച് നടപന്തലിൽ നാമജപ യജ്ഞം നടത്താൻ ആർ എസ് എസ് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് പൊലീസിന് തലവേദന ഉണ്ടാക്കുന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ യുവതികളുടെ നീക്കവും സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കുന്നത്. വിധി നടപ്പിലാക്കുന്നതിന് സാവകാശം ചോദിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ ഹർജിയിൽ സുപ്രീംകോടതി എന്ത് തിരുമാനം എടുക്കുമെന്ന ആശങ്ക ശക്തമാണ്. കോടതി വിധി എന്തായാലും യുവതികളെ സന്നിധാനത്തേക്ക് വിടില്ലെന്നാണ് ആർഎസ്എസ് നിലപാട്. ആചാര സംരക്ഷണത്തിന് ഏതറ്റം വരെ പോകാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ മുതിർന്ന ആർഎസ്എസ് നേതാക്കൾ ഇക്കാര്യത്തിൽ ചർച്ചകളിലൂടെ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. സന്നിധാനത്ത് നിരവധി സംഘപരിവാറുകാർ എപ്പോഴും ഉണ്ടാകും. യുവതി എത്തിയാൽ എന്ത് വില കൊടുത്തും തടയാനാണ് ഇത്. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. മുൻ നിര നേതാക്കളൊന്നും ഇല്ലെങ്കിലും സന്നിധാനത്ത് യുവതികളെ തടയാനുള്ള സംവിധാനം ശക്തമാണ്. ആചാര സംരക്ഷണത്തിന് ഏതറ്റം വരേയും പോകും. ഇത് തന്നെയാണ് പൊലീസിനെ വെല്ലുവിളിച്ച് സന്നിധാനത്ത് ഇന്നലെ നടന്ന നാമജപ പ്രതിഷേധത്തിലും നിറഞ്ഞത്. ഇതിന്റെ ഭാഗമായി ശബരിമലയിലേക്കു പുറപ്പെടുന്ന യുവതികളെ ശക്തമായി പ്രതിരോധിക്കാൻ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ രഹസ്യ സ്‌ക്വാഡും തയ്യാറാണ്.

കേരളത്തിന്റെ മുക്കും മുലയിലും ഈ സ്‌ക്വാഡ് സഡീവമാണ്. ഇത് പൊലീസിനും മനസ്സിലായിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കേന്ദ്രീകരിക്കുന്ന സ്‌ക്വാഡിനെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. എറണാകുളം, കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിലും എറണാകുളം, കോട്ടയം, പത്തനംതിട്ട, എരുമേലി ബസ് സ്റ്റാൻഡുകളിലുമാണു സ്‌ക്വാഡിന്റെ പ്രവർത്തനം. ഇവിടെയെല്ലാം ഇവർ സജീവമാണ്. ചെങ്ങന്നൂരിൽ എത്തിയ മേരി സ്വീറ്റിയെ തടഞ്ഞതും ഈ സ്‌ക്വാഡിന്റെ ഇടപെടൽ കാരണമാണ്. സംശയാസ്പദമായി റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരെ കർശനമായി നിരീക്ഷിക്കും. ഓരോ തീവണ്ടി എത്തുമ്പോഴും ഇവർ റെയിൽവേ സ്റ്റേഷനുകളിൽ സജീവമാകും. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ 24 മണിക്കൂർ ഈ സ്‌ക്വാഡ് സജീവമാണ്. എരുമേലിയിലും നിലയ്ക്കലിലും പ്രവർത്തകർ സജീവം.

വാട്‌സ്ആപ്പ് വഴി സന്ദേശം കൈമാറി യുവതികളെ വഴിയിൽ തടയുകയുമാണ് പദ്ധതി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. പൊലീസ് സുരക്ഷയിൽ ആരെങ്കിലും മലകയറാൻ എത്തിയാൽ അതു തടയാനുള്ള വ്യക്തമായ പദ്ധതികളും ഇവർ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് യുവതികൾ ദർശനത്തിനെത്തുമെന്ന് സൂചനയുണ്ട്. അതിനാൽ, വലിയ വാഹനങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. ഇതെല്ലാം അതീവ രഹസ്യമായാണ് നടക്കുന്നത്. ദേശീയ തലത്തിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകൾ എത്തുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഏത് തരത്തിലും യുവതികളെ പൊലീസ് സന്നിധാനത്ത് എത്തിക്കുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.

ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പുലർച്ചെ 4.45ന് വിമാനമിറങ്ങുമെന്നുള്ള സന്ദേശങ്ങളും ഇത്തരം ഗ്രൂപ്പുകൾ വഴി പ്രചരിച്ചിരുന്നു. തൃപ്തി ദേശായിയുടെ യാത്രാ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. എന്നിട്ടും എല്ലാം പുറത്തായി. വിമാനത്തിന്റെ പേരും പുറപ്പെട്ട സമയവുമുൾപ്പെടെയുള്ള വിവരങ്ങളാണ് പ്രചരിച്ചിരുന്നത്. ആദ്യം കുറച്ചുപേരാണ് തൃപ്തിയെ തടയാനുണ്ടായിരുന്നതെങ്കിലും പിന്നീട് കൂടുതൽ ആളുകളെത്തി. സംഘടിതമായ ഇടപെടൽ ഇക്കാര്യത്തിൽ നടന്നു. ചെങ്ങന്നൂരിൽ മേരി സ്വീറ്റിയെത്തിയപ്പോഴും ഇതൊക്കെയാണ് നടന്നത്. ശബരിമലയിൽ യുവതികളെത്തിയാൽ തന്ത്രി നട അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.