മുംബൈ: അസാധുവാക്കപ്പെട്ട 1000-ന്റെയും 500-ന്റെയും നോട്ടുകളൽ 60 ശതമാനവും ബാങ്കുകൡ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 14 ലക്ഷം കോടി രൂപയാണ് ഈ രീതിയിൽ ബാങ്കുകളിൽ തിരിച്ചെത്തിയത്. നോട്ടുകൾ അസാധുവാക്കിയശേഷം നവംബർ 9 മുതലുള്ള കാലയളവിൽ അസാധു നോട്ടുകളിലൂടെയുള്ള നിക്ഷേപം 8.11 ലക്ഷം കോടി രൂപയുടേതാണ്. പിൻവലിക്കപ്പെട്ട നോട്ടുകളുടെ 57 ശതമാനത്തോളം വരുമിത്. 33,498 കോടി രൂപ മാറ്റി നൽകുകയും ചെയ്തു.

നോട്ട് അസാധുവാക്കൽ തീരുമാനം വന്ന ആദ്യ ആഴ്ചയിലുണ്ടായ തിരക്ക് പിന്നീട് അനുഭവപ്പെട്ടില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു നവംബർ 10 മുതൽ 18വരെയുള്ള കാലയളവിൽ 1.36 ലക്ഷം കോടി രൂപയാണ് ബാങ്കുകളിൽനിന്ന് ആളുകൾ മാറ്റിയെടുത്തത്. എന്നാൽ, നവംബർ 18 മുതൽ 27 വരെയുള്ള കാലയളവിൽ ഇത് 1.14 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2000 രൂപയുടെ നോട്ട് വിപണിയിലെത്തിയതും 500 രൂപ നോട്ടുകൾ വന്നതുമാണ് ഇതിന് കാരണം.

നവംബർ ഒമ്പതിന് ശേഷം ബാങ്കുകളിലുടെയും പോസ്‌റ്റോഫീസുകളിലൂടെയും മാറ്റിയെടുത്തത് രണ്ടരലക്ഷം കോടി രൂപയോളമാണ്. പിൻവലിക്കപ്പെട്ട നോട്ടുകളുടെ 18 ശതമാനത്തോളം വരുമിത്. ഇതിൽ 2.16 ലക്ഷം കോടി രൂപ എ.ടി.എമ്മുകളിലൂടെയും ബാങ്കുകളിലൂടെയുമാമ് മാറ്റിയെടുത്തിട്ടുള്ളത്. എ.ടി.എമ്മുകളിൽ 2000-ന്റെ നോട്ട് എത്തിയതോടെ ആവശ്യക്കാർ കുറയുകയാണുണ്ടായത്. പുതിയ 500 രൂപ നോട്ടുകൾ അച്ചടിക്കുന്നതിനായി 2000-ന്റെ അച്ചടി നിർത്തിയതും പിൻവലിക്കലിന്റെ തോത് കുറയ്ക്കാനിടയാക്കി.

പിൻവലിക്കപ്പെട്ട മുഴുവൻ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തില്ലെന്ന മുൻധാരണ സർക്കാറിനുണ്ടായിരുന്നു. മൂന്നുലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും ഈ തരത്തിൽ അപ്രത്യക്ഷമാകുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് പണം തിരിച്ചെത്തിയാൽ പ്രതീക്ഷതിനെക്കാൾ കുറവ് നഷ്ടമേ റിസർവ് ബാങ്കിന് നേരിടേണ്ടി വരികയുള്ളൂ എന്നാണ് കണക്കാക്കുന്നത്.