പത്തനംതിട്ട: തുലാമാസ പൂജാകാലത്തെയും, ചിത്തിരആട്ടവിശേഷനാളിലെയും, മണ്ഡലകാലത്തിന്റെ ആദ്യനാളുകളിലെയും സംഘർഷത്തിന് ശേഷം ശബരിമല താരതമ്യേന ശാന്തമാണ് ഇപ്പോൾ. ഹൈക്കോടതിയുടെ ഇടപെടലിന്റെ ഫലമായി കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തു. എന്നാൽ, ശബരിമലയിലേക്ക് യുവതികളെത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെത്തുടർന്ന് സ്ഥിതിഗതികൾ വീണ്ടും മോശമാകുമോയെന്ന് ആശങ്ക ഉയർന്നു. പൊലീസ് പരിശോധന കർശനമാക്കി. കെഎസ്ആർടിസി ബസുകളും വാഹനങ്ങളുമാണ് പരിശോധിക്കുന്നത്. യുവതികളെത്തുമെന്ന് നിരന്തരമായ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് നടപടി.

പുതിയ പൊലീസ് ഉദ്യോഗസ്ഥർ ചുമതലയേൽക്കുകയും ചെയ്ത സാഹചര്യത്തിൽക്കൂടിയാണ് വനിതാ പൊലീസിനെയടക്കം വിന്യസിച്ച് തെരച്ചിൽ നടത്തുന്നത്. ആരാധനാലയങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്ന സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിച്ചിട്ട് മൂന്ന് മാസം കഴിയുകയും ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീകൾ ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ യുവതികളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം ഡിസംബർ 23ന് ശബരിമലയിലേക്ക് പുറപ്പെടുന്നു.

'നവോത്ഥാന കേരളം ശബരിമലയിലേക്ക്'എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. തമിഴ്‌നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'മനിതി'എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള സ്ത്രീകൾ ശബരിമലയിലെത്തുന്നത്.

ശബരിമല പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് നവംബർ 21നും ഡിസംബർ 11നും മുഖ്യമന്ത്രി പിണറായി വിജയന് 'മനിതി' കത്തുകൾ അയച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി തമിഴ്‌നാട്ടിൽ രൂപം കൊണ്ട സ്വതന്ത്രസംഘടനയാണ് മനിതി. ഇതിനുമുമ്പ് ശബരിമലയിലേക്ക് വന്ന യുവതികൾക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവർക്ക് അയ്യപ്പ സന്നിധിയിലെത്താൻ കഴിയാതിരുന്നതെന്നും കേരള സർക്കാറിന്റെ നിലപാട് തന്നെയാണ് തങ്ങളുടെയും നിലപാടെന്നും ലിംഗസമത്വത്തിൽ വിശ്വസിക്കുന്ന തങ്ങൾക്ക് സർക്കാർ ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തിൽ വ്യക്തമാക്കുന്നു. ആവശ്യമായ നടപടി എടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് മനിതിയുടെ അവകാശവാദം. ആവശ്യമായ നടപടി എടുക്കാമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടി കിട്ടി. 30 പേരുടെ സംഘത്തിൽ 50 വയസ്സ് കഴിഞ്ഞ ഒരാളുണ്ട്. മറ്റുള്ളവരെല്ലാം 40 വയസ്സിനു താഴെയുള്ളവരാണ്.

വിശ്വാസികളും അല്ലാത്തവരുമായ ഒരു കൂട്ടം യുവാക്കളാണ് യാത്രക്ക് മുൻകൈയെടുക്കുന്നതെന്ന് കത്തിലുണ്ട്. വിശ്വാസികൾ പരമ്പരാഗത രീതിയിൽ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഒരുങ്ങുന്നത്. കേരളത്തിൽ നിന്നും പത്ത് യുവതികൾ ഉണ്ടാകും. ഫാസിസ്റ്റുകളുടെ ഭീഷണിയും അക്രമവും നിന്മിത്തം ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.

യാത്രയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കത്ത് നൽകാനൊരുങ്ങുകയാണ് സംഘാടകർ. ആർ.എംപി, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷൻ, എ.ഐ.വൈ.എഫ്, സിപിഐ.എം.എൽ റെഡ്ഫ്ലാഗ്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളെയും അന്വേഷി തുടങ്ങിയ വനിത സംഘടനകളേയും പിന്തുണ ആവശ്യപ്പെട്ട് സംഘാടകർ സമീപിക്കുമെന്ന് പറഞ്ഞു. സ്ത്രീപ്രവേശന വിഷയത്തിൽ ഇതിനോടകം സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കിയ ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ സമീപിക്കില്ലെന്ന് ഇവർ പറഞ്ഞു.