തിരുവനന്തപുരം: പെരുമ്പാവൂർ, വർക്കല സംഭവങ്ങൾ സംസ്ഥാനത്തു വ്യാപക ചർച്ചയായതിനു തൊട്ടുപിന്നാലെ ലൈംഗികവൈകൃതങ്ങളുടെ വാർത്തകൾ വീണ്ടും കൊച്ചുകേരളത്തിൽ നിന്നു പുറത്തുവരുന്നു.

ചിറയിൽകീഴിൽ അറുപത്തിയെട്ടുകാരി പീഡനത്തിനിരയായ വാർത്തയും പാലക്കാട്ട് മണ്ണാർക്കാട് എട്ടുവയസുകാരിയെ പിതാവ് പീഡിപ്പിച്ച വാർത്തയുമാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്.

തിങ്കളാഴ്ച അർധരാത്രിയാണു അറുപത്തിയെട്ടുകാരി പീഡനത്തിന് ഇരയായത്. വീട്ടിൽ അതിക്രമിച്ചുകയറിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചത്. അവശനിലയിലായ ഇവരെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ക്രൂരപീഡനത്തിന് ഇരയായത് ബോധ്യമായത്. സംഭവത്തിൽ അഞ്ചു തെങ്ങ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബധിരയും മൂകയുമായ എട്ടുവയസുകാരിയെയാണ് അച്ഛൻ ലൈംഗിക പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം ചർച്ചയായതിനു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടു വർക്കലയിൽ നഴ്‌സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പുറത്തുവന്നിരുന്നു. കാമുകനും കൂട്ടുകാരും ചേർന്നാണു പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചത്.

ഇതിനുപിന്നാലെയാണു ചിറയിൻകീഴ് സംഭവം പുറത്തുവന്നത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല.

കാസർഗോഡ് കാഞ്ഞങ്ങാട് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും ഇന്നുണ്ടായി. ഞായറാഴ്ചയാണു കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് ശ്രീകൃഷ്ണമന്ദിരം റോഡിലെ രവി എന്നയാൾ പിടിയിലായത്.

പത്തനംതിട്ട അടൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ അറസ്റ്റു ചെയ്തു. കോയിക്കൽ മനോജിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്.

ഇതിനിടെ, പൂജപ്പുര നിർഭയ കേന്ദ്രത്തിൽ അന്തേവാസിയായ പെൺകുട്ടിയെ ഇന്നു രാവിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. മാർത്താണ്ഡം സ്വദേശിയായ 17കാരിയാണ് മരിച്ചത്. കുളിമുറിയിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ അമ്മയുടെ ആവശ്യപ്രകാരമാണ് ഇന്നലെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സംരക്ഷിക്കുന്ന നിർഭയയിൽ മതിയായ സുരക്ഷയില്ലെന്ന് മുൻപും ആരോപണം ഉയർന്നിരുന്നു.

സാംസ്‌കാരിക കേരളത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ച് പ്രായഭേദമന്യേ സ്ത്രീകൾക്കു നേരെ അതിക്രമം തുടരുന്നതിൽ ഞെട്ടലിലാണു കേരളം. പെൺമക്കളുള്ള അമ്മമാരുടെ ആശങ്കകൾ വർധിക്കുകയാണ് ഇത്തരം നിരവധി സംഭവങ്ങളിലൂടെ.