- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെയുള്ള 196 മുറികളിൽ എംഎൽഎമാർക്കും മറ്റു സംഘാംഗങ്ങൾക്കുമായി ബുക്ക് ചെയ്ത 70 മുറികൾ ഒഴികെ മറ്റെല്ലാം അടച്ചിട്ടു; സ്പായിലും ബാറിലും റെസ്റ്റോറന്റിലും പ്രവേശനം എംഎൽഎമാർക്ക് മാത്രം; ശിവസേനാ എംഎൽഎമാർ ഗുവാഹത്തിയിലെ റാഡിസൻ ബ്ലൂ ഹോട്ടലിൽ പഞ്ചനക്ഷത്ര സുഖത്തിൽ ആറാടുന്നു; ഒരു ദിവസം വാടക 56 ലക്ഷം
ഗുവാഹത്തി: റിസോർട്ട് രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയം ഏറ്റവും കൂടുതൽ കണ്ടു തുടങ്ങിയത് ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ശക്തിപ്രാപിച്ചതോടെയാണ്. ഇഡിയും അന്വേഷണ ഏജൻസികളെയും കളത്തിലിറക്കിയും പണം വാരിയെറിഞ്ഞും നേതാക്കളെ ചാക്കിട്ടു പിടിക്കുന്ന ശൈലിക്ക് കൂടുതൽ ശക്തമായത് ബിജെപി ഭരണകാലത്താണ്. കർണാടകത്തിലും മധ്യപ്രദേശിലുമൊക്കെ അധികാരം അട്ടിമറിച്ചത് എങ്ങനെയെന്ന് രാജ്യം കണ്ടു കഴിഞ്ഞു. ഓപ്പറേഷൻ കമല എന്ന പദ്ധതിയുമായി രംഗത്തുവന്നാൽ, പിന്നെ സർക്കാറുകൾ വീഴുന്നതാണ് പതിവ്.
മഹാരാഷ്ട്രയിൽ ഇപ്പോൾ വീണ്ടും അധികാരം ചാഞ്ചാടുന്ന അവസ്ഥിലാണ്. ശിവസേനയിൽ താക്കറെ കുടുംബത്തിന്റെ പല്ലുകൊഴിക്കുന്ന നിലപാടുമായി ഏകനാഥ് ഷിൻഡെയും സംഘവും രംഗത്തുവന്നതോടെ മഹാ അഘാടി സർക്കാർ പ്രതിസന്ധിയിലായി. അസമിൽ ഇത് പ്രളയകാലമാണെങ്കിലും ഇതിനിടെയാണ് ഇവിടുത്തെ ബിജെപി സർക്കാറിന്റെ കീഴിലാണ് ഇപ്പോഴത്തെ ഓപ്പറേഷൻ താമര മുന്നോട്ടു പോകുന്നത്.
ഗുവാഹത്തിയിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിൽ ഉൾപ്പെട്ട ശിവസേനയുടെ വിമത എംഎൽഎമാർ ക്യാംപ് ചെയ്യുന്നത് ഈ ഹോട്ടലിലാണ്. വിമതനേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഹോട്ടലിൽ തങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടു വരെയുള്ള വിവരപ്രകാരം 41 എംഎൽഎമാരാണ് ഷിൻഡെയ്‌ക്കൊപ്പമുള്ളത്. ചില എംപിമാരും കൂടെയുണ്ടെന്നു റിപ്പോർട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെയാണ് ഗുജറാത്തിലെ സൂറത്തിൽനിന്നും വിമതർ ഗുവാഹത്തിയിലെ റാഡിസൻ ബ്ലൂ ഹോട്ടലിലെത്തിയത്. ഗുവാഹത്തിയിലെ ഏറ്റവും മികച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ ഒന്നാണ് റാഡിസൺ ബ്ലൂ ഹോട്ടൽ. കനത്ത സുരക്ഷയിലാണ് ശിവസേനയിലെ എംഎൽഎമാർ ഇവിടെ കഴിയുന്നത്. എംഎൽഎമാർക്കായി ഏഴു ദിവസത്തേക്ക് 70 മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
മുറികൾ ബുക്ക് ചെയ്തതിനുള്ള ആകെ ചെലവ് 56 ലക്ഷം രൂപയാണെന്നാണ് അടുത്തവൃത്തങ്ങൾ നൽകിയ വിവരം. ഇതുകൂടാതെ ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി പ്രതിദിനം എട്ടു ലക്ഷം രൂപ ചെലവുണ്ട്. ആഢംബത്തിന്റെ അവസാന വാക്കു തന്നെയാണ് റാഡിസൺ ബ്ലൂ ഹോട്ടൽ, അടിപൊളി സ്പായും ജിമ്മും സ്വിമ്മിങ് പൂളും എല്ലാം അടങ്ങിയ അതിഗംഭീര ഹോട്ടലാണിത്.
ഹോട്ടലിൽ ആകെ 196 മുറികളുണ്ട്. എംഎൽഎമാർക്കും മറ്റു സംഘാങ്ങൾക്കുമായി ബുക്ക് ചെയ്ത 70 മുറികൾ ഒഴികെ, പുതിയ ബുക്കിങ്ങുകൾ ഒന്നും ഹോട്ടൽ അധികൃതർ സ്വീകരിക്കുന്നില്ല. ബാങ്ക്വറ്റ് ഹാൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലിലെ റസ്റ്ററന്റിലും താമസക്കാർക്ക് ഒഴികെ മറ്റാർക്കു പ്രവേശനമില്ല. ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്ക് ഉൾപ്പെടെ 'ഓപ്പറേഷന്റെ' മറ്റു ചെലവുകളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ എംഎൽഎമാർ തൽക്കാലം റാഡിസണിലെ പഞ്ചനക്ഷത്ര സൗകര്യത്തിൽ ആറാടുകയാണ്. എത്ര ദിവസത്തേക്ക് ഈ പഞ്ചനക്ഷത്ര വാസം ഉണ്ടാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ശരദ് പവാറിന്റെ നേതൃത്വത്തിൽ രണ്ടും കൽപ്പിച്ചുള്ള കളിക്ക് എൻസിപിയും കളത്തിലുണ്ട്. ഇതോടെ റാഡിസൻ ഹോട്ടൽ രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഉറപ്പാണ്.
കോൺഗ്രസും എൻസിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജൻഡയിൽ ഉറച്ച് ബിജെപിയുമായി സഖ്യം ശിവസേന പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഏക്‌നാഥ് ഷിൻഡെയുടെ ആവശ്യം. വിമതരെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഭൂരിപക്ഷ എംഎൽഎമാരും കൈവിട്ടെന്ന് ഉറപ്പായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനവും ശിവസേന അധ്യക്ഷസ്ഥാനവും രാജിവയ്ക്കാൻ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചിരുന്നു. ഉദ്ധവ്, ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.
മറുനാടന് ഡെസ്ക്