{{പത്തനംതിട്ട: വൃദ്ധയായ ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയിച്ച് ആസിഡൊഴിച്ച് കൊലപ്പെടുത്തിയ 76 കാരന്‍ പിടിയിലായി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ച് നടക്കുകയായിരുന്നു ഇയാള്‍. കോന്നി താഴം കിഴക്കുപുറം പൊലിമല നിരവേല്‍ വര്‍ഗീസ് (76) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 22 ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഭാര്യ റേച്ചല്‍ വര്‍ഗീസിനെ (74) ചവിട്ടിയും ആസിഡൊഴിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഭാര്യയ്ക്ക് കാമുകനുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. ശരീരമാസകലം പൊള്ളലേറ്റും വാരിയെല്ല് തകര്‍ന്ന് ആന്തരാവയവങ്ങളില്‍ കുത്തിക്കയറിയുമായിരുന്നു മരണം. തന്നോടുള്ള വഴക്കിനെ തുടര്‍ന്ന് ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യുകയാണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഇയാള്‍ നല്‍കിയ മൊഴി വിശ്വസിച്ച പൊലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. കോന്നി സിഐ ആര്‍. ജോസ്, എസ്‌ഐ ബി രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആസിഡ് ഉള്ളില്‍ ചെന്നിട്ടില്ലെന്നും ശരീരത്ത് വീണിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞിരുന്നത്. മരണകാരണം വാരിയെല്ലിനുണ്ടായ ഒടിവാണെന്നും സൂചിപ്പിച്ചിരുന്നു. ആദ്യം പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ കഥയില്‍ അവസാനം വരെ ഇയാള്‍ ഉറച്ചു നിന്നുവെന്നതാണ് പൊലീസിനെ കുഴക്കിയത്. ശരീരത്തുണ്ടായ പൊള്ളലാണ് കൊലപാതകി വര്‍ഗീസ് തന്നെയാണെന്ന നിഗമനത്തിലേക്ക് എത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. റേച്ചലിന്റെ വായില്‍ ആസിഡൊഴിച്ചു കൊല്ലാനായിരുന്നു ശ്രമം. എതിര്‍ത്തപ്പോള്‍ തെറിച്ച് ശരീരത്ത് വീഴുകയായിരുന്നു. ഇതിനിടയില്‍ വര്‍ഗീസിനും പൊള്ളലേറ്റു.

അവശനിലയില്‍ നിലത്തു വീണ റേച്ചലിനെ ഇയാള്‍ ചവിട്ടിക്കൂട്ടി. അപ്പോഴാണ് വാരിയെല്ല് ഒടിഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ ഇയാള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ആസ്ത്മയ്ക്ക് ചികില്‍സ തേടിയിരുന്നു. അവിടെയെത്തി പൊലീസ് നടത്തിയ തന്ത്രപരമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയും കാമുകനും ചേര്‍ന്ന് തന്നെ കൂടോത്രം ചെയ്ത് കൊല്ലാന്‍ നോക്കിയതിനാണ് ഭാര്യയെ തീര്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

എട്ടുവര്‍ഷമായി ഒരു വീട്ടില്‍ അകന്നു കഴിയുകയാണ് ഇരുവരും. മക്കള്‍ വിദേശത്താണ്. രണ്ടു അടുപ്പാണ് ഇവിടെ പുകഞ്ഞിരുന്നത്. കഞ്ഞി ഊറ്റുമ്പോള്‍ തിളച്ച വെള്ളം വീണാണ് തന്റെ കൈ പൊള്ളിയത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റേച്ചലിന്റെ പൊള്ളല്‍ ആസിഡ് വീണാണെന്ന് വ്യക്തമായതോടെ പൊലീസ് വര്‍ഗീസിനെ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനാ ഫലം ആസിഡ് കൊണ്ടുള്ള പൊള്ളല്‍ എന്നു തന്നെയായിരുന്നു. ഇതോടെ പ്രതി വലയിലായി. ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ അനുസ്മരിപ്പിക്കും വിധമാണ് വര്‍ഗീസ് മൊഴി നല്‍കിയതെന്നും ഇതു തങ്ങളെ കുഴപ്പത്തിലാക്കിയെന്നും സിഐ പറഞ്ഞു.}}