ഇരിട്ടി: കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് മലയാളികളായ കാർ യാത്രികരെ കൊള്ളയടിച്ച സംഭവത്തിൽ 8 പേരെ വീരാജ്‌പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളരുവിൽ നിന്നും പാനൂരിലേക്ക് വരികയായിരുന്ന കാർ യാത്രികരെ തടഞ്ഞുനിർത്തി കാറിൽ ഉണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവർന്ന് ഇവർ കടന്നു കളയുകയായിരുന്നു എന്നതാണ് കേസ്.

തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിൻലാൽ (30), ജി. അർജുൻ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീർ (29), സി.ജെ. ജിജോ (31) പന്യന്നൂർ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വീരാജ്‌പേട്ട ഡി വൈ എസ് പി യും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ യോടെയായായിരുന്നു സംഭവം. പാനൂർ സ്വദേശി ഷബിൻ, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് പണം മോഷ്ടിച്ചത്. ബംഗളൂരുവിൽ ഹോട്ടൽ നടത്താനായി മടിവാളയിൽ മുറി നോക്കാൻ പോയി തിരിച്ചു വരവേ ആയിരുന്നു കവർച്ച.

ഗോണിക്കുപ്പയിൽ വെച്ച് ഇവർ സഞ്ചരിച്ച ആൾട്ടോ കാറിൽ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വന്ന് ഉരസുകയും ആൾട്ടോകാറാണ് ഇന്നോവയിൽ തട്ടിയതെന്ന് പറഞ്ഞ് പ്രശ്‌നം സൃഷ്ടിക്കുകയുമായിരുന്നു. ഇന്നോവയിൽ ഉള്ള നാല് പേരും, പിന്നാലെ മറ്റൊരു കാറിലെത്തിയ നാല് പേരും ചേർന്ന് കാർ ഓടിച്ച ഷബിൻ അടക്കമുള്ള നാലുപേരെയും പുറത്തേക്ക് വലിച്ചിറക്കി.

കാർ അമിത വേഗതയിലാണെന്നും ഇതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ് കാർ പരിശോധിക്കുകയും ഡാഷ് ബോർഡിൽ സൂക്ഷിച്ച പണവുമായി കടന്നു കളയുകയുമായിരുന്നു. കവർച്ച ചെയ്യപ്പെട്ടവർ സഞ്ചരിച്ചതും, പ്രതികൾ സഞ്ചരിച്ചതും വാടകക്കെടുത്ത വാഹനങ്ങളിലാണ്. പ്രതികളിൽ ചിലർ മുമ്പും മോഷണം, അക്രമകേസുകളിൽ പ്രതിയാണെന്നും അതുകൊണ്ട് കേരളപൊലീസുമായി ബന്ധപെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വീരാജ് പേട്ട ഡി വൈ എസ പി നിരഞ്ചൻ രാജരസ് പറഞ്ഞു.

ഡി വൈ എസ് പി ക്ക് പുറമെ ഗോണിക്കുപ്പ പൊലീസ് ഇൻസ്പെക്ടർ ഗോവിന്ദരാജ്, എസ് ഐ സുബെയ്യ, എഎസ്ഐ സുബ്രമണ്യൻ, പൊലീസ് കോൺസ്റ്റബിൾമാരായ മണികണഠൻ, മജീദ്, മുഹമ്മദലി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ പ്രതികളുടെ ഫോട്ടോ അന്വേഷണ സംഘം പുറത്ത് വിട്ടില്ല. പ്രതികൾ സഞ്ചരിച്ച കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.